• HOME
 • »
 • NEWS
 • »
 • life
 • »
 • Healthy Sleep | ദിവസേന 7 മണിക്കൂറെങ്കിലും ഉറങ്ങുന്നില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് രോഗങ്ങളുടെ പരമ്പര

Healthy Sleep | ദിവസേന 7 മണിക്കൂറെങ്കിലും ഉറങ്ങുന്നില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് രോഗങ്ങളുടെ പരമ്പര

തലച്ചോർ ഒരു ദിവസം ധാരാളം വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുന്നു. നമ്മൾ ഉറങ്ങുമ്പോൾ മസ്തിഷ്കം ഈ വിഷവസ്തുക്കളെ ഉൽപ്പാദിപ്പിക്കുന്നത് നിർത്തുന്നു.

Image: Shutterstock

Image: Shutterstock

 • Last Updated :
 • Share this:
  കൃത്യമായ ഭക്ഷണക്രമങ്ങളോ (Diet) വ്യായാമ മുറകളോ (Exercise) പിന്തുടർന്നതുകൊണ്ട് മാത്രം നിങ്ങൾക്ക് ആരോഗ്യവാന്മാരായി ഇരിക്കാൻ കഴിയുമോ? കഴിയുമെന്ന് കരുതിയെങ്കിൽ തെറ്റി. ഭക്ഷണത്തിലുള്ള നിയന്ത്രണങ്ങളും വ്യായാമവും മാത്രം നിങ്ങളെ ആരോഗ്യവാന്മാരാക്കില്ല. ഇതിനൊപ്പം നല്ല ഉറക്കം (Sleep) കൂടി ഉണ്ടെങ്കിലേ മാനസികമായും ശാരീരികമായും നിങ്ങൾ പൂർണ ആരോഗ്യവാനാകൂ. ഉറക്കം വളരെ പ്രധാനപ്പെട്ടതാണ് എന്ന് മാത്രമല്ല ഒരു വ്യക്തിക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും (Health Issues) ഉറക്കം പരിഹരിക്കുകയും ചെയ്യും. ഇനി ഉറക്കമില്ലെങ്കിലോ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ തേടി എത്തുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ ഉറക്കം ഒരു ഹീറോ തന്നെയാണ്.

  ഇരുപത്തിനാലു മണിക്കൂറിൽ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഒരു വ്യക്തി ഉറങ്ങിയിരിക്കണം. കൂടാതെ ഉറക്കത്തിന്റെ സമയം പാലിക്കുന്നതും കൃത്യമായി ഉറങ്ങുന്നതും ഉണരുന്നതും ദിനചര്യയുടെ ഭാഗമാക്കണം. ഇങ്ങനെ ഉറക്കത്തിനു സ്ഥിരമായ ഒരു സമയക്രമം ഉണ്ടാകുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കി നിലനിർത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് പതിവ് ജലദോഷം, ഫ്ലൂ വൈറസുകൾ എന്നിവയെ മാത്രമല്ല, കോവിഡ് -19 നെയും ചെറുക്കുന്നതായി പഠനങ്ങൾ പറയുന്നു എന്ന് സ്ലീപ് എക്സ്പേർട്ടും ബ്രിട്ടീഷ് കിടക്ക നിർമ്മാതാവും 'സ്ലീപ്പ് ഫോർ സക്‌സസി'ന്റെ സഹ രചയിതാവുമായ ഡോ. റെബേക്ക റോബിൻസ് ദി ടെലിഗ്രാഫിനോട് പറയുന്നു. തലച്ചോർ ഒരു ദിവസം ധാരാളം വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുന്നു. ഇവ അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോകോഗ്നിറ്റീവ് ഡിമെൻഷ്യ രോഗങ്ങൾക്ക് കാരണമാകുന്നു. നമ്മൾ ഉറങ്ങുമ്പോൾ മസ്തിഷ്കം ഈ വിഷവസ്തുക്കളെ ഉൽപ്പാദിപ്പിക്കുന്നത് നിർത്തുന്നു. കൂടാതെ തലച്ചോറിന്റെ മർദ്ദം ഇല്ലാതാക്കുന്ന ഒരു സെറിബ്രൽ ദ്രാവകം ഉത്പാദിപ്പിക്കുകയും ചെയ്യുന്നുവെന്നും റോബിൻസ് കൂട്ടിച്ചേർത്തു.

  സ്ഥിരമായ ഉറക്ക ദിനചര്യ പിന്തുടരുന്നത് നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. കാരണം ഒരുമണിക്കൂർ മാറ്റം പോലും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും എന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറും സ്ലീപ്പ് ആൻഡ് സർക്കാഡിയൻ വിഭാഗത്തിലെ അസോസിയേറ്റ് ശാസ്ത്രജ്ഞനുമായ റോബിൻസ് പറയുന്നു. ഒരു ദിവസത്തിൽ നിന്ന് വ്യത്യസ്തമായി അടുത്ത ദിവസം ഉറങ്ങുന്ന സമയത്തിൽ വ്യത്യാസം വന്നാൽ ഉറക്കക്രമത്തിൽ വ്യത്യാസം വരുത്തുന്നതായുള്ള വിവരം തലച്ചോറിലെത്തുകയും അതുമൂലം അടുത്ത ദിവസത്തെ ഉറക്കം കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതാകുമെന്നും റോബിൻസ് ബ്രിട്ടീഷ് ന്യൂസ് പോർട്ടലിനോട് പറഞ്ഞു.

  ഉറക്കക്കുറവുള്ളവർക്ക് ജലദോഷവും പനിയും ഉണ്ടാകാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. നന്നായി ഉറങ്ങുന്നത് ഫ്ലൂ, വൈറസുകൾ എന്നിവയ്‌ക്കെതിരെ ചെറുത്തു നിൽക്കാൻസഹായിക്കും എന്ന് റോബിൻസ് പറഞ്ഞു. ആരോഗ്യവാന്മാരായി ഇരിക്കണമെങ്കിൽ നല്ല ഉറക്കം ഉണ്ടായേ തീരു. ഭക്ഷണവും വ്യായാമവും ഒപ്പം ഉറക്കവും ശീലിച്ച് ശരീരത്തെയും മനസിനെയും ഉന്മേഷത്തോടെ കൊണ്ടുപോകാം. ഉറക്കം കൃത്യമായി ക്രമപ്പെടുത്തി നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം, ഇനി രോഗങ്ങളോട് വിട പറയാം.
  Published by:Sarath Mohanan
  First published: