ഡെങ്കിപ്പനിയെ (Dengue) പ്രതിരോധിക്കാൻ നല്ല' കൊതുകുകളെ (Good Mosquitoes) വളർത്തി ഇന്തോനേഷ്യൻ ഗവേഷകർ. ഡെങ്കിപ്പനി പോലുള്ള വൈറസുകൾ ഉള്ളിൽ വളരുന്നതിൽ നിന്ന് തടയുന്ന ഒരുതരം ബാക്ടീരിയകളെ വഹിക്കുന്ന കൊതുകുകളുടെ പ്രജനനം നടത്തി രോഗം പരത്തുന്ന കൊതുകുകളെ ചെറുക്കാനുള്ള വഴിയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ചില കൊതുകുകൾ, ഈച്ചകൾ, പാറ്റകൾ, തുമ്പികൾ, ചിത്രശലഭങ്ങൾ എന്നിവയുൾപ്പെടെ 60% പ്രാണികളിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരു സാധാരണ ബാക്ടീരിയയാണ് വോൾബാച്ചിയ (Wolbachia). എന്നാൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി (Aedes aegypti) കൊതുകുകളിൽ ഈ ബാക്ടീരിയ കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷണത്തിന് തുടക്കമിട്ട വേൾഡ് മോസ്‌കിറ്റോ പ്രോഗ്രാം ( (WMP) വ്യക്തമാക്കുന്നു.
"യഥാർത്ഥത്തിൽ ഞങ്ങൾ 'നല്ല' കൊതുകുകളെ വളർത്തുകയാണ്," ഡബ്ല്യുഎംപി ഗവേഷകയായ പൂർവന്തി പറഞ്ഞു. "ഡെങ്കി വഹിക്കുന്ന കൊതുകുകൾ വോൾബാച്ചിയ വഹിക്കുന്ന കൊതുകുകളുമായി ഇണചേരും, അത് കൂടുതൽ വോൾബാച്ചിയ കൊതുകുകളെ ഉത്പാദിപ്പിക്കും. അതായത് 'നല്ല' കൊതുകുകൾ. അതിനാൽ അവ ആളുകളെ കടിച്ചാലും രോഗം അവരെ ബാധിക്കില്ല".
2017 മുതൽ, ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലും ഇന്തോനേഷ്യയിലെ ഗഡ്‌ജ മാഡ യൂണിവേഴ്‌സിറ്റിയിലും ഡബ്ല്യുഎംപി നടത്തിയ സംയുക്ത പഠനമനുസരിച്ച് ഇന്തോനേഷ്യൻ നഗരമായ യോഗ്യകാർത്തയിലെ ഏതാനും ഡെങ്കിപ്പനി 'റെഡ് സോണുകളിൽ' ലാബിൽ ബ്രീഡ് ചെയ്ത വോൾബാച്ചിയ കൊതുകുകളെ തുറന്നുവിട്ടു.
ജൂണിൽ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ ട്രയൽ ഫലങ്ങൾ അനുസരിച്ച് പ്രദേശത്ത് വോൾബാച്ചിയ കൊതുകുകളെ വിന്യസിച്ചതോടെ ഡെങ്കിപ്പനി കേസുകൾ 77% വരെയും രോഗികളെ ആശുപത്രിയിൽ പ്രവേശിക്കുന്നത് 86% വരെയും കുറഞ്ഞതായി കണ്ടെത്തി.
"ഈ സാങ്കേതികവിദ്യയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി കൊതുക് ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിൽ," 2011 മുതൽ ഇന്തോനേഷ്യയുടെ എലിമിനേറ്റ് ഡെങ്കി പ്രോഗ്രാമിൽ പ്രവർത്തിക്കുന്ന ഡബ്ല്യുഎംപി ഗവേഷകനായ ആദി ഉതാരിനി റോയിട്ടേഴ്സിനോട് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ആഗോള ഡെങ്കി കേസുകൾ കഴിഞ്ഞ 10 വർഷത്തിനിടെ അതിവേഗം വർദ്ധിച്ചിട്ടുണ്ട്. ലോക ജനസംഖ്യയുടെ പകുതിയോളം പേർ ഇപ്പോൾ രോഗ ഭീഷണിയിലാണ്. ഓരോ വർഷവും 100-400 മില്യൺ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
"എന്റെ മൂന്ന് കുട്ടികളെയും ഡെങ്കി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്റെ ഗ്രാമം എങ്ങനെ ആരോഗ്യകരവും വൃത്തിയുള്ളതുമായി നിലനിർത്താം എന്നാണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത്," ഡബ്ല്യുഎംപി സന്നദ്ധ പ്രവർത്തകനായ 62 കാരൻ പുർവാനിങ്ങ്സിഹ് പറയുന്നു.
മഴക്കാലം തുടങ്ങിയാൽ പടർന്നുപിടിക്കുന്ന രോഗമാണ് ഡെങ്കിപ്പനി ( Dengue Fever). കൊതുകുകൾ (mosquito)) പെരുകുന്ന അന്തരീക്ഷമാണ് എന്നതിനാലാണ് മഴക്കാലത്ത് തന്നെ ഡെങ്കി വ്യാപകമാകുന്നത്. അധിക പേരിലും അത്ര ഗൗരവതരമല്ലാത്ത രീതിയിലായിരിക്കും ഡെങ്കി പിടിപെടുന്നത്. എന്നാൽ ഒരു വിഭാഗത്തിൽ മാത്രം ഇത് ഗുരുതരമാകാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dengue, Dengue mosquitoes, Dengue prevention, Indonesia