• HOME
 • »
 • NEWS
 • »
 • life
 • »
 • Cancer | കാന്‍സര്‍ കോശങ്ങൾ കൂടുതൽ വ്യാപിക്കുന്നത് രാത്രികാലങ്ങളിലെന്ന് പഠനം

Cancer | കാന്‍സര്‍ കോശങ്ങൾ കൂടുതൽ വ്യാപിക്കുന്നത് രാത്രികാലങ്ങളിലെന്ന് പഠനം

പകല്‍ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ രാത്രി കാലങ്ങളില്‍ രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളുടെ എണ്ണം വളരെ കൂടുതലാണ്

 • Last Updated :
 • Share this:
  കാന്‍സര്‍ (Cancer) ബാധിച്ച കോശങ്ങള്‍ (Cells) രാത്രികാലങ്ങളില്‍ കൂടുതല്‍ അപകടകാരികളാണെന്ന് പഠനം (Studies). രാത്രിയില്‍ കാന്‍സര്‍ രോഗി ഉറങ്ങുമ്പോള്‍ ഈ കോശങ്ങള്‍ മറ്റ് ആരോഗ്യമുള്ള കോശങ്ങളിലേയ്ക്ക് പടരാനും അവിടെയും രോഗം പടര്‍ത്താനുമുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ മെറ്റാസ്റ്റാസിസ് എന്ന പ്രക്രിയയ്ക്ക് വിധേയമാവുകയും രക്തത്തിലൂടെ (Blood) സഞ്ചരിച്ച് അവ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ബാസെല്‍, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബാസെല്‍, ഇറ്റിഎച്ച് സുരിഷ് (ETH Zurich) എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ഒരുമിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠന റിപ്പോര്‍ട്ട് നേച്ചര്‍ മാഗസിനിൽ (Nature) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  രാത്രിയില്‍ രോഗി ഉറങ്ങുമ്പോള്‍ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു. പകല്‍ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ രാത്രി കാലങ്ങളില്‍ രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. സ്തനാര്‍ബുദം ബാധിച്ച രോഗികളില്‍ നടത്തിയ ഗവേഷണത്തിലായിരുന്നു ഈ കണ്ടെത്തല്‍.

  രോഗികളായ 30 സ്ത്രീകളിലാണ് പഠനം നടത്തിയത്. കാന്‍സറിന് കാരണമായ ട്യൂമര്‍ രാത്രികാലങ്ങളില്‍ കൂടുതല്‍ വിഘടിക്കുന്നതായും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതി വേഗത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഊര്‍ജ്ജം ഈ സമയങ്ങളില്‍ ഇവയ്ക്ക് ലഭിക്കുന്നു. കാന്‍സര്‍കോശങ്ങള്‍ രക്തത്തിലൂടെ സഞ്ചരിക്കുന്നതിനെ നിയന്ത്രിക്കുന്നത് മെലാറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഒരു മനുഷ്യന്റെ രാത്രിയും പകലുമുള്ള ജൈവിക പ്രവര്‍ത്തനങ്ങളുടെ സമയം നിയന്ത്രിക്കുക എന്നതാണ് ഈ ഹോര്‍മോണിന്റെ ജോലി.

  Also Read- ബെഡ്ഷീറ്റുകള്‍ മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ? പ്രതിരോധശേഷിയുമായുള്ള ബന്ധമെന്ത്?

  കാന്‍സര്‍ നിര്‍ണ്ണയ ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ സമയം വളരെ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കാന്‍സര്‍ ചികിത്സാ രംഗത്ത് വളരെ അധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്ന കണ്ടുപിടുത്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാത്രിയും പകലും നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ വ്യത്യാസത്തില്‍ പുതിയ ചികിത്സാമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

  കാന്‍സര്‍ ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ ഒരു രോഗമാണ്. മാനവരാശിക്ക് തന്നെ അപകടകരമായി കാന്‍സര്‍ മാറുകയാണ്. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും കാന്‍സര്‍ പിടിപെടാന്‍ കാരണം. അതു കൂടാതെ അന്തരീക്ഷ - പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം പാരമ്പര്യം ഇങ്ങനെയും ചില കാരണങ്ങള്‍ കാന്‍സറിന് കാരണമാകുന്നുണ്ട്. സാധാരണഗതിയില്‍ കാന്‍സര്‍ തടയാന്‍ കഴിയുന്ന ഒരു രോഗമല്ല. എന്നാല്‍ ജീവിതശൈലിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാന്‍സര്‍ സാധ്യത ഒരു പരിധി വരെ നമുക്ക് തടയാനാകും.

  അസാധാരണമായ കോശ വിഭജന സ്വഭാവമുള്ള മാരകമായ അവസ്ഥയാണ് കാന്‍സര്‍. നമ്മുടെ ശരീരം കോടി കണക്കിന് കോശങ്ങളാല്‍ നിര്‍മ്മിതമാണ്. ആരോഗ്യകരമായ കോശങ്ങള്‍ ശരീരത്തിന്റെ ആവശ്യകത അനുസരിച്ച് വളരുകയും വിഭജിക്കുകയും ചെയ്യുന്നു. പ്രായമാകുമ്പോഴോ കേടുപാടുകള്‍ സംഭവിക്കുമ്പോഴോ, ഈ കോശങ്ങള്‍ നശിക്കും, പകരം പുതിയത് ഉണ്ടാകുന്നു. ഒരാള്‍ക്ക് കാന്‍സര്‍ ഉണ്ടാകുമ്പോള്‍, കോശങ്ങള്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുന്നു. പഴയതും കേടായതുമായ കോശങ്ങള്‍ നശിക്കുന്നതിന് പകരം നിലനില്‍ക്കുകയും ആവശ്യമില്ലാത്തപ്പോള്‍ പോലും പുതിയ സെല്ലുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഈ അധിക കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിച്ച് ട്യൂമറുകള്‍ക്ക് കാരണമാകുന്നു.

  നിരവധി തരം അര്‍ബുദങ്ങളുണ്ട്. സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, ചര്‍മ്മ അര്‍ബുദം, ശ്വാസകോശ അര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, ലിംഫോമ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. അര്‍ബുദത്തിന്റെ തരം അനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടുന്നു, കീമോതെറാപ്പി, റേഡിയേഷന്‍, ശസ്ത്രക്രിയ എന്നിവയാണ് കാന്‍സറിനുള്ള ചികിത്സകള്‍.
  Published by:Arun krishna
  First published: