• HOME
  • »
  • NEWS
  • »
  • life
  • »
  • ശാസ്ത്രത്തിന് തെറ്റുപറ്റിയോ? പുകവലിക്കാർക്ക് കോവിഡ് വന്നാൽ സംഭവിക്കുന്നതെന്ത്?

ശാസ്ത്രത്തിന് തെറ്റുപറ്റിയോ? പുകവലിക്കാർക്ക് കോവിഡ് വന്നാൽ സംഭവിക്കുന്നതെന്ത്?

പുകവലിക്കാത്തവരേക്കാള്‍ 80% കൂടുതല്‍ പുകവലിക്കാരെ കൊറോണ ബാധിച്ചതുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്ന് ബ്രിട്ടനില്‍ കഴിഞ്ഞ മാസം നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.

  • Share this:
പുകവലിക്കുന്നവരെയാണോ അല്ലാത്തവരെയാണോ കോവിഡ് 19 കൂടുതലായി ബാധിക്കുന്നത്? മധ്യ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട നോവല്‍ കൊറോണ വൈറസ് നിരവധി ജീവനുകളാണ് അപഹരിച്ചത്. അതിനപ്പുറം കൊറോണയുടെ അതിക്രൂരമായ വശങ്ങള്‍ അനുഭവിച്ചവരും ധാരാളമാണ്. കോവിഡ് 19 പടര്‍ന്നു പിടിച്ചതിന്റെ തുടക്കത്തില്‍ പുകവലിക്കാരെ വൈറസ് എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് ഗവേഷകര്‍ ഒരു കണ്ടുപിടിത്തത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരെ കോവിഡിന്റെ മോശമായ ഫലങ്ങളില്‍ നിന്ന് പുകവലി സംരക്ഷിക്കുന്നു എന്നായിരുന്നു അത്. ചൈനയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗികളുടെ അവസ്ഥയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് ശാസ്ത്രലോകം എത്തിയത്. എന്നാല്‍ പിന്നീട് ഫ്രാന്‍സില്‍ നിന്നുമുള്ള പഠനങ്ങളില്‍ നിന്നും ഈ നിഗമനം ഇത് ശരിയല്ലെന്ന വാദം ഉണ്ടായിരുന്നു. പുകവലിക്കാത്തവരേക്കാള്‍ 80% കൂടുതല്‍ പുകവലിക്കാരെ കൊറോണ ബാധിച്ചതുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്ന് ബ്രിട്ടനില്‍ കഴിഞ്ഞ മാസം നടത്തിയ  ഗവേഷണത്തില്‍ കണ്ടെത്തി. ശാസ്ത്രലോകം ആദ്യം തെറ്റായ ഒരു നിഗമനത്തില്‍ എത്തിയത് എന്തുകൊണ്ടായിരിക്കാം?

ഒരിക്കല്‍ ഗണിതശാസ്ത്രജ്ഞനായ പിയറി-സൈമണ്‍ ലാപ്ലേസ് പറഞ്ഞു: 'ഒരു വസ്തുത എത്രമാത്രം അസാധാരണമാണെങ്കിലും, അതിന് ശക്തമായ തെളിവ് ആവശ്യമാണ്.' അമേരിക്കന്‍ പ്രപഞ്ചവിദഗ്ദ്ധനായ കാള്‍ സാഗന്‍ ഈ അഭിപ്രായം ശരിവെച്ചു : 'അസാധാരണമായ അവകാശവാദങ്ങള്‍ക്ക് എപ്പോഴും അതേ രീതിയിലുള്ള അനന്യസാധാരണമായ തെളിവുകള്‍ ആവശ്യമാണ്' എന്ന്.

ശാസ്ത്രലോകത്തിന് തെറ്റ് പറ്റുന്നു എന്നതിലാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉദാഹരണത്തിന് ഒരു കാലാവസ്ഥ പ്രവചനം തന്നെ എടുക്കുക: മഴയ്ക്ക് 10% സാധ്യതയുണ്ടെന്ന് പറഞ്ഞാല്‍, നിങ്ങള്‍ കുട ഉപേക്ഷിക്കും. പത്തില്‍ ഒന്‍പത് തവണയും മഴ പെയ്തില്ല എന്നാല്‍ ഒരു തവണ മഴ പെയ്താല്‍ നിങ്ങള്‍ കാലാവസ്ഥ പ്രവചിച്ചവരെ കുറ്റപെടുത്തും. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ എത്ര തെറ്റാണെന്ന് പരാതിപ്പെടും. പ്രശ്‌നം കാലാവസ്ഥാ ശാസ്ത്രജ്ഞരല്ല. മറിച്ച് നിങ്ങളുടേതാണ്. 'മഴ പെയ്യാന്‍ 10% സാധ്യതയുണ്ട്' എന്നതിന് 'ഇന്ന് മഴ പെയ്യുന്നില്ല' എന്ന അര്‍ത്ഥമില്ല. ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള ഉപബോധ മനസ്സിന്റെ താല്പര്യമാണത്.

ഈ താല്പര്യം എല്ലായിടത്തും ഉണ്ട്: രാഷ്ട്രീയ വോട്ടെടുപ്പില്‍, പ്രസിഡന്‍ഷ്യല്‍ പ്രവചനങ്ങളില്‍ ഒരു ഡോക്ടറെ കാണാനായി പോയാല്‍ പോലും. പ്രശ്‌നമെന്താണെന്നുള്ളത് ഡോക്ടര്‍ പറയണമെന്നാണ് ആഗ്രഹിക്കുക.

ശാസ്ത്രത്തില്‍ എല്ലാം ഒരു സാധ്യതയാണ്. അങ്ങനെയാണ് ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. എല്ലാം ഒരു പ്രോബബിലിറ്റിയാണ്, ഓരോ പുതിയ വിവരങ്ങളും സാധ്യതകളായി അപ്ഡേറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. സ്ഥിതിവിവരക്കണക്കുകളില്‍ ഇതിന് പ്രശസ്തമായ ഒരു ഉദാഹരണമുണ്ട്, ആദ്യം ഗണിതശാസ്ത്രജ്ഞനായ ജോസഫ് ബെര്‍ട്രാന്‍ഡ് ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. നിങ്ങള്‍ക്ക് ഒരേപോലെയുള്ള മൂന്ന് ബോക്‌സുകള്‍ ഉണ്ടെന്ന് കരുതുക.

ഒരെണ്ണത്തില്‍ രണ്ട് സ്വര്‍ണ്ണ നാണയങ്ങളും ഒരെണ്ണത്തില്‍ രണ്ട് വെള്ളി നാണയങ്ങളും അവസാനത്തേതില്‍ ഒരു സ്വര്‍ണവും ഒരു വെള്ളി നാണയവും അടങ്ങിയിരിക്കുന്നു. കണ്ണടച്ച് ഈ ബോക്‌സുകളിലൊന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന് രണ്ട് വെള്ളി നാണയങ്ങളുണ്ടാകാനുള്ള സാധ്യത എന്താണ്? കൃത്യമായി മൂന്നിലൊന്നാണല്ലോ. വീണ്ടും പെട്ടിയില്‍ നോക്കാതെ, അതില്‍ നിന്ന് ഒരു നാണയം എടുക്കുകയാണെങ്കില്‍ അത് സ്വര്‍ണ്ണ നാണയമാണെങ്കില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത പെട്ടി രണ്ട് വെള്ളി നാണയങ്ങള്‍ അടങ്ങിയതല്ല എന്ന് നിസ്സംശയം പറയാം. ഈ ഒരു പെട്ടി തുറന്നതിലൂടെ മറ്റു പെട്ടികളിലുള്ളത് എന്താണെന്നുള്ള ഒരു സാധ്യത നമുക്ക് കല്പിക്കാനാകുന്നു. ഇതേ കാര്യമാണ് ശാസ്ത്രത്തില്‍ സംഭവിക്കുന്നതും. എല്ലാം സാധ്യതകളുടെ അടിസ്ഥാനത്തിലാണ്.

കോവിഡ് കേസിലേക്ക് വരുമ്പോള്‍ 2020 ജനുവരിയില്‍ ഈ വൈറസിനെക്കുറിച്ച് വളരെ കുറച്ച് ധാരണകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ പഠനങ്ങളിലൂടെ കോവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോ ദിവസവും പുതുക്കികൊണ്ടിരിക്കുകയാണ്. കോവിഡില്‍ നിന്നും അകന്നു നില്‍ക്കാന്‍ മാസ്‌കുകള്‍ ധരിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ പോലും ഇതിനു 100% ഉറപ്പുണ്ടാകില്ല. ഓരോ ദിവസവും ഈ കാര്യങ്ങള്‍ എല്ലാം മാറിക്കൊണ്ടേയിരിക്കും

പുകവലിയുടെ കാര്യത്തിലും ഇങ്ങനെയാണ്. കോവിഡിന് മുന്‍പ് പുകവലി നിങ്ങളുടെ ശ്വാസകോശത്തിന് ഹാനികരമായിരുന്നു. എന്നാല്‍ പിന്നീട് സാധ്യതകള്‍ വെച്ച പുകവലി കോവിഡില്‍ നിന്നും സംരക്ഷിക്കും എന്ന വാദം ഉണ്ടായി. ഇത് ശരിയായിരുന്നോ? ഈ സാധ്യതകള്‍ പരിശോധിച്ച പഠനങ്ങള്‍ ഭൂരിഭാഗവും ചെറുതായിരുന്നു. മാത്രവുമല്ല കൊറോണ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഉണ്ടായിരുന്നത് വളരെ കുറച്ച് ആക്ടീവ് ആയിട്ടുള്ള പുകവലിക്കാരാണ്.

അതുകൊണ്ട് ഇതിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ പഠനങ്ങളില്‍ പുകവലി രോഗം ഗുരുതരമാക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തുകയായിരുന്നു. കൊറോണ കേസ് ഗുരുതരമാകുന്നതും പുകവലിയും സംബന്ധിച്ച ബന്ധമാണ് ഇവര്‍ പരിശോധിച്ചത്. യുകെ ബയോബാങ്കിലെ 4,21,469 പേരാണ് പരീക്ഷണത്തില്‍ പങ്കാളിയായത്. 2020 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ഡാറ്റയാണ് ഇതിനായി ഉപയോഗിച്ചത്. ആദ്യം നടത്തിയ പഠനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അധികം പേരും മരിക്കുകയും പുകവലിക്കുന്നവരില്‍ എത്രത്തോളം വൈറസ് ദോഷകരമായി ഭവിക്കുന്നുവെന്നു കണ്ടെത്താനും സാധിച്ചിരുന്നില്ല. ഇതാണ് അത്തരത്തിലുള്ള സാധ്യതകളിലേക്ക് ശാസ്ത്ര ലോകത്തെ എത്തിച്ചത്.
Published by:Jayashankar AV
First published: