• HOME
 • »
 • NEWS
 • »
 • life
 • »
 • Covid-19 | കോവിഡ് ഭീഷണിയ്ക്ക് അവസാനമായോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ

Covid-19 | കോവിഡ് ഭീഷണിയ്ക്ക് അവസാനമായോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ

ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തില്‍ തന്നെ ലോകമെമ്പാടും 75,000ത്തിലധികം ആളുകള്‍ കോവിഡ് മൂലം മരിച്ചു

 • Share this:
  കോവിഡ് 19 മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം (covid death) 2022ലും വര്‍ധിക്കുന്നത് ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൂടാതെ പല രാജ്യങ്ങളും ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ (covid restrictions) ഇളവ് വരുത്തുന്നതിനാല്‍ ഇത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയും (world health organisation) മുന്നറിയിപ്പ് നല്‍കി.

  അടുത്തിടെ, മോളിക്യുലാര്‍ ബയോളജിസ്റ്റും ഗ്ലോബല്‍ ഹെല്‍ത്ത് സ്ട്രാറ്റജിസ്റ്റുമായ ടിം ഫ്രാന്‍സ് (tim france) പല രാജ്യങ്ങളിലും കോവിഡ് 19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും അത് അപടകരമാണെന്നും തന്റെ ട്വീറ്റുകളില്‍ പറഞ്ഞിരുന്നു.

  തനിക്ക് വ്യക്തിപരമായി അറിയാവുന്ന നിരവധി ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും കോവിഡുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ അവസാനിച്ചോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും ടിം ഫ്രാന്‍സ് പറഞ്ഞു. 'ഫെബ്രുവരി രണ്ടാം വാരത്തിനു ശേഷം ഈ മാരകമായ വൈറസ് അതിവേഗം വർദ്ധിക്കുക മാത്രമല്ല, മരണസംഖ്യയും വര്‍ദ്ധിച്ചു. അതിനാല്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ കോവിഡ് 19 നോട് ദീര്‍ഘകാല സമീപനമാണ് ആവശ്യപ്പെടുന്നത്', ലോകാരോഗ്യ സംഘടന പങ്കുവെച്ച വിവരങ്ങള്‍ ഉദ്ധരിച്ച് ടിം ഫ്രാന്‍സ് ട്വീറ്റ് ചെയ്തു.

  ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തില്‍ തന്നെ ലോകമെമ്പാടും 75,000ത്തിലധികം ആളുകള്‍ കോവിഡ് മൂലം മരിച്ചു. ഇതിന് മുമ്പുള്ള ആഴ്ചയില്‍ 35,000ത്തിലധികം ആളുകള്‍ മരിച്ചിരുന്നു. പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ കോവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ 38 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മരണസംഖ്യയില്‍ ആഫ്രിക്കയില്‍ 14 ശതമാനവും അമേരിക്കയില്‍ 5 ശതമാനവും വര്‍ദ്ധനവുണ്ടായി.

  യൂറോപ്പില്‍ മരണസംഖ്യ അതേനിലയില്‍ തുടരുമ്പോള്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ 9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏതാനും ആഴ്ചകളായി കോവിഡ് 19 മൂലമുള്ള മരണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അത്ര നല്ല സൂചനയല്ല നല്‍കുന്നത്. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ വീണ്ടും നാം പ്രതിസന്ധിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാകും.

  Also Read- Motion Sickness | യാത്ര ചെയ്യുമ്പോൾ ഛ‍‍ർദ്ദിയും തലവേദയും ഉണ്ടാകാറുണ്ടോ? മോഷൻ സിക്നെസ് തടയാൻ ചില വഴികൾ 

  ഇന്ത്യയില്‍ കൊറോണ വൈറസ് മഹാമാരിയുടെ മൂന്നാം തരംഗം കുറഞ്ഞു വരികയാണെങ്കിലും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂരിലെ (ഐഐടി-കെ) ഗവേഷകര്‍ പ്രവചിച്ചിരിക്കുന്നത് നാലാമത്തെ തരംഗം ഏകദേശം ജൂണ്‍ 22 ന് ആരംഭിക്കുകയും ഒക്ടോബര്‍ 24 വരെ തുടരുകയും ചെയ്യുമെന്നാണ്. തരംഗത്തിന്റെ തീവ്രത, പുതിയ വേരിയന്റുകളുടെ ആവിര്‍ഭാവം, വാക്‌സിനേഷന്‍ നില, ബൂസ്റ്റര്‍ ഡോസുകളുടെ വിതരണം എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രഭാവം.

  Also Read-Muscle Growth | പേശികളുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

  നാലാമത്തെ തരംഗം ഉണ്ടായാല്‍ കുറഞ്ഞത് നാല് മാസമെങ്കിലും തുടരുമെന്ന് ഐഐടി-കെ ഗവേഷകര്‍ പ്രവചിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 24ന് പ്രീപ്രിന്റ് സെര്‍വറായ MedRxiv-ല്‍ ഈ സ്ഥിതിവിവരക്കണക്ക് പ്രവചനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രബന്ധം അനുസരിച്ച്, ആഗസ്ത് 15 മുതല്‍ 31 വരെ എപ്പോഴെങ്കിലും കര്‍വ് ഉയര്‍ന്നുവരുകയും അതിനുശേഷം കുറയുകയും ചെയ്യും.
  Published by:Jayashankar AV
  First published: