ഇന്റർഫേസ് /വാർത്ത /Life / കോവിഡ‍് മഹാമാരി മൂലമുള്ള മാനസിക സമ്മർദ്ദം; പരിഹാരത്തിനായി മന്ത്രിയെ നിയോഗിച്ച് ജപ്പാൻ

കോവിഡ‍് മഹാമാരി മൂലമുള്ള മാനസിക സമ്മർദ്ദം; പരിഹാരത്തിനായി മന്ത്രിയെ നിയോഗിച്ച് ജപ്പാൻ

Representative Image

Representative Image

2020 ൽ മാത്രം ജപ്പാനിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 2019 നേക്കാൾ 3.7 ശതമാനം കൂടുതലാണ്.

  • Share this:

കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് ലോക്ക്ഡൗൺ കാലത്തെ ഏകാന്തതയും ഒറ്റപ്പെടലുമാണ്. ഇതിന്റെ ഫലമായി ഉണ്ടായതാകട്ടെ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും. ജനങ്ങളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകി ജപ്പാൻ സർക്കാർ ഇതിനൊരു പരിഹാരം തേടുകയാണ് പുതിയ കാബിനറ്റ് പദവിയിലൂടെ.

ഏറെ നാൾ നീണ്ടു നിൽക്കുന്ന സാമൂഹിക അകലവും ഒറ്റപ്പെടലും കാരണം പല ലോകരാജ്യങ്ങളിലേതും പോലെ ജപ്പാനിലും ആത്മഹത്യാ നിരക്കുകൾ കുത്തനെ ഉയർന്നിരുന്നു. ജപ്പാനിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡിന് മുമ്പ് തന്നെ ആത്മഹത്യാ നിരക്ക് കൂടുതലുള്ള രാജ്യമാണ് ജപ്പാൻ. കോവിഡ് മഹാമാരി ഇത് കൂടുതൽ രൂക്ഷമാക്കി. 2020 ൽ മാത്രം ജപ്പാനിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 2019 നേക്കാൾ 3.7 ശതമാനം കൂടുതലാണ്.

ജനങ്ങളുടെ മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി പുതിയ വകുപ്പുണ്ടാക്കി പാർട് ടൈം മന്ത്രിയെ നിയമിച്ചിരിക്കുകയാണ് ജപ്പാൻ. ടെറ്റ്സുഷി സകാമോട്ടോയ്ക്കാണ് ചുമതല. ജനങ്ങളുടെ ഏകാന്തതയും മാനസിക സംഘർഷങ്ങളും കുറക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വകുപ്പിന്റെ ചുമതല.

ജപ്പാനിൽ 2020 ആത്മഹത്യ ചെയ്തവരിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലും. പുരുഷന്മാരേക്കാൾ ഐസൊലേഷൻ മൂലമുള്ള മാനസിക സമ്മർദ്ദം സ്ത്രീകളെയാണ് കൂടുതൽ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

You may also like:കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരിൽ ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്

"ഐസൊലേഷൻ മൂലം പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതൽ മാനസിക സമ്മർദ്ദം നേരിടുന്നത്. ഉയർന്നുവരുന്ന ആത്മഹത്യകളും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്. പ്രശ്നങ്ങൾ തിരിച്ചറിയുകയും നയപരമായ നടപടികൾ സമഗ്രമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു"- ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറയുന്നു.

You may also like:കോവിഡ് ബാധിച്ച സ്ത്രീയുടെ വിരലുകള്‍ക്ക് കറുത്ത നിറം; മുറിച്ച് മാറ്റി ഡോക്ടര്‍മാര്‍

ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യുന്നതിനും ആളുകൾ നേരിടുന്ന പ്രശ്‌നം ലഘൂകരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനും വിദഗ്ധരെ നിയോഗിക്കുന്നതിനുമായി ഫെബ്രുവരിയിൽ അടിയന്തര ഫോറം സംഘടിപ്പിക്കാനും ജപ്പാൻ പ്രധാനമന്ത്രി ഒരുങ്ങുന്നുണ്ട്.

ആളുകളുടെ ഏകാന്തത ഇല്ലാതാക്കാനും സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാനും കഴിയുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ നയങ്ങൾ സ്വീകരിച്ച ഏക രാജ്യം ജപ്പാൻ മാത്രമല്ല. 2018 ൽ ബ്രിട്ടീഷ് സർക്കാരും പ്രായമായവർ നേരിടുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിയെ നിയമിച്ചിരുന്നു. ജപ്പാനിൽ ഈ പ്രശ്നം ലിംഗഭേദമന്യേ എല്ലാ തലമുറകളിലെയും പ്രായത്തിലെയും ജനങ്ങളെ ബാധിക്കുന്നുണ്ട്.

കോവിഡിനെ തുടർന്നുള്ള ഐസൊലേഷനിലും വർക്ക് ഫ്രം ഹോം മൂലമുള്ള ഒറ്റപ്പെടലിലും ഉറക്കക്കുറവ്, വിഷാദം, നെഞ്ചിടിപ്പ് വര്‍ധിക്കല്‍, അമിതമായി വിയര്‍ക്കല്‍, അസ്വസ്ഥത, എന്തിന് ജീവിക്കണമെന്ന ചിന്ത തുടങ്ങിയവ അനുഭവപ്പെട്ടാല്‍ മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ മടിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

First published:

Tags: Covid 19, Mental health