• HOME
  • »
  • NEWS
  • »
  • life
  • »
  • Cancer Detection | അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താൻ ജനിതകമാറ്റം വരുത്തിയ ചെറിയ വിരകളെ ഉപയോഗപ്പെടുത്തി ജപ്പാന്‍ 

Cancer Detection | അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താൻ ജനിതകമാറ്റം വരുത്തിയ ചെറിയ വിരകളെ ഉപയോഗപ്പെടുത്തി ജപ്പാന്‍ 

ചെറിയ വിരകളെ ഉപയോഗിച്ചുള്ള ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് സംവിധാനമാണ് ഒരു ജാപ്പനീസ് ബയോടെക് സ്ഥാപനം വികസിപ്പിച്ചെടുത്തിരിക്കുന്നത്

(Credits: Shutterstock/AFP)

(Credits: Shutterstock/AFP)

  • Share this:
ചെറിയ വിരകളെ (Tiny Worms) ഉപയോഗിച്ച് ചില പ്രത്യേകതരം അര്‍ബുദങ്ങളുടെ (Cancer) പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്ത് ജപ്പാന്‍ (Japan). മൂത്രത്തില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ (Pancreatic Cancer) ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് ചെറിയ വിരകളെ ഉപയോഗിച്ചുള്ള ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് സംവിധാനമാണ് ഒരു ജാപ്പനീസ് ബയോടെക് സ്ഥാപനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് പതിവ് ക്യാന്‍സര്‍ പരിശോധനകളുടെ ഫലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജപ്പാനിലെ ഹിരോത്സു ബയോ സയന്‍സ് എന്ന സ്ഥാപനമാണ് ഈ വിരകളെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ക്യാന്‍സര്‍ രോഗികളുടെ ശരീരസ്രവങ്ങളുടെ ഗന്ധം ആരോഗ്യമുള്ള ആളുകളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുമ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്. ശ്വാസത്തിലെയോ മൂത്ര സാമ്പിളുകളിലെയോ ഗന്ധ വ്യത്യാസത്തില്‍ നിന്ന് രോഗം കണ്ടെത്താന്‍ നായകൾക്ക് പരിശീലനം കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഹിരോത്സു ബയോ സയന്‍സ്, ഏകദേശം ഒരു മില്ലിമീറ്റര്‍ നീളവും സൂക്ഷ്മമായി ഗന്ധങ്ങള്‍ പിടിച്ചെടുക്കാൻ ശേഷിയുമുള്ള 'സി. എലിഗന്‍സ്' (C. elegans) എന്ന തരം വിരയെ ജനിതകമാറ്റം വരുത്തി വളര്‍ത്തിയെടുത്തു. നേരത്തെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള പാന്‍ക്രിയാറ്റിക് ക്യാന്‍സർ ബാധിച്ചആളുകളുടെ മൂത്രത്തോട് പ്രതികരിക്കാന്‍ ഈ വിരകള്‍ക്ക് ശേഷിയുണ്ട്.

Also Read- ജോലിസമയത്തിന് ശേഷം ജീവനക്കാര്‍ക്ക് സന്ദേശമയയ്ക്കരുത്; മേലധികാരികളെ വിലക്കി പോര്‍ച്ചുഗല്‍

ഇതൊരു വലിയ സാങ്കേതിക മുന്നേറ്റമാണെന്ന് നിമറ്റോഡുകള്‍ എന്നറിയപ്പെടുന്ന ചെറിയ വിരകളെക്കുറിച്ച് പഠിച്ച മുന്‍ അക്കാദമിക് സിഇഒ തകാകി ഹിരോത്സു വാര്‍ത്ത ഏജന്‍സി എഎഫ്പിയോട് പറഞ്ഞു. ടോക്കിയോ ആസ്ഥാനമായുള്ള സ്ഥാപനം സ്‌ക്രീനിംഗ് ടെസ്റ്റുകളില്‍ കാന്‍സര്‍ കണ്ടെത്തുന്നതിന് ഇതിനകം തന്നെ വിരകളെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏത് തരം ക്യാന്‍സറാണ് അതിലൂടെ കണ്ടെത്തിയിരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

പുതിയ ടെസ്റ്റ്, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കണ്ടുപിടിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. എന്നാല്‍ ആശുപത്രി സന്ദര്‍ശനത്തിന്റെ ആവശ്യമില്ലാതെ മൂത്രത്തിന്റെ സാമ്പിളുകള്‍ വീട്ടില്‍ ശേഖരിക്കാമെന്നതിനാല്‍ പതിവ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ഹിരോത്സു ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. വിരകളുടെ പ്രതികരണത്തില്‍ അസ്വാഭാവികത കണ്ടാല്‍ രോഗിയെ കൂടുതല്‍ പരിശോധനയ്ക്കായി ഒരു വിദഗ്ദ്ധ ഡോക്ടറുടെ അടുത്തേക്ക്റഫര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also Read- Healthy Heart | ഹൃദയത്തിൽ സൂക്ഷിക്കാം ഈ കാര്യങ്ങൾ; ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ പാലിക്കാം

ജപ്പാനില്‍ കാന്‍സര്‍ നിർണയിക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ആളുകള്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കിയതിനാല്‍ കോവിഡ് സമയത്ത് സ്‌ക്രീനിംഗ് നിരക്ക് കുറയുന്നത് പല രാജ്യങ്ങളെയും പോലെ ഇവിടെയും കണ്ടു. എന്നാൽ ഒഇസിഡി ഡാറ്റ അനുസരിച്ച്, കോവിഡിന് മുമ്പുതന്നെ വികസിത രാജ്യങ്ങളിലെ തങ്ങളുടെ സമപ്രായക്കാരെ അപേക്ഷിച്ച് സ്ക്രീനിങ് നടത്തിയിരുന്ന ജാപ്പനീസ് രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു.

ഹിരോത്സുവും ഒസാക്ക യൂണിവേഴ്സിറ്റിയും ഈ വര്‍ഷമാദ്യം പീര്‍ റിവ്യൂഡ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു സംയുക്ത പഠനത്തില്‍ സി. എലിഗന്‍സ് വിരകൾക്ക് കാന്‍സര്‍ കണ്ടുപിടിക്കാനുള്ള ശേഷിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ശ്വാസകോശ അര്‍ബുദം കണ്ടെത്താനുള്ള നായകളുടെ കഴിവിനെക്കുറിച്ച് പഠിച്ച ന്യൂസിലാന്റിലെ വൈക്കാറ്റോ സര്‍വകലാശാലയിലെ സൈക്കോളജിയിലെ സീനിയര്‍ ലക്ചറര്‍ ടിം എഡ്വേര്‍ഡ്‌സ് പറഞ്ഞത് വിരകളുടെ ഉപയോഗം ക്യാന്‍സര്‍ രോഗനിർണയ മേഖലയ്ക്ക് ഒരു ''വാഗ്ദാനമാണ്'' എന്നാണ്.
Published by:Rajesh V
First published: