• HOME
  • »
  • NEWS
  • »
  • life
  • »
  • Physical Activity | ഓഫീസ് ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാറുണ്ടോ? ഗവേഷകര്‍ പറയുന്നത് ഇങ്ങനെ

Physical Activity | ഓഫീസ് ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാറുണ്ടോ? ഗവേഷകര്‍ പറയുന്നത് ഇങ്ങനെ

ഓഫീസ് ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാറുണ്ടോ? ഗവേഷകര്‍ പറയുന്നത് ഇങ്ങനെ

  • Share this:
    ആരോഗ്യവും (Health) ശാരീരികവും മാനസികവുമായ ക്ഷേമവും നിലനിർത്താൻ കായിക പ്രവർത്തനത്തിൽ ഏർപ്പെടേണ്ടത് അനിവാര്യമാണ്. എന്നാൽ, ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്ന ആളുകൾക്ക് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. എന്നാൽ, ഇത്തരക്കാർക്ക് ജോലി ദിവസം മുഴുവൻ എന്തെങ്കിലും തരത്തിലുള്ള കായിക പ്രവർത്തനങ്ങളിൽ സജീവമാകാൻ സ്വീകരിക്കാവുന്ന വഴികളെ സംബന്ധിച്ച് വെളിച്ചം വീശുകയാണ് ജപ്പാനിലെ (Japan) ഗവേഷകർ. 'ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്' എന്ന ജേർണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഒരു ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാർ തൊഴിൽ ദിവസങ്ങളിൽ കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവേഷകർ വിശദീകരിക്കുന്നു.

    ഓഫീസ് ജീവനക്കാരുമായും മാനേജർമാരുമായും നടത്തിയ ഗ്രൂപ്പ് അഭിമുഖങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ഉദാസീനമായ ജീവിതശൈലി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ജപ്പാനിൽ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കഴിഞ്ഞതായി പഠനത്തിന് പിന്നിൽ പ്രവർത്തിച്ച ഗവേഷകൻ യോഷിയോ നകാറ്റ പറയുന്നു. "ഓഫീസ് ജീവനക്കാർ തങ്ങളുടെ തൊഴിൽ സമയത്തിന്റെ 70 ശതമാനത്തിലേറെയും ഇരുന്ന് ജോലി ചെയ്യുന്നതിനാൽ പ്രമേഹം പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.

    ഓഫീസ് ജീവനക്കാർ കായിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെ എങ്ങനെ കാണുന്നുവെന്നും തങ്ങളുടെ ജോലിസ്ഥലത്ത് അതുമായി ബന്ധപ്പെട്ട സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു എന്നും മനസിലാക്കാനാണ് അഭിമുഖങ്ങളിലൂടെ പഠനസംഘം ശ്രമിച്ചത്. കായിക പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപഴകാൻ കഴിയുന്ന വിധത്തിലുള്ള നിർദ്ദേശങ്ങളും ഗവേഷകർ അവരിൽ നിന്ന് തേടുകയുണ്ടായി. വ്യക്തിഗതവും സാമൂഹ്യ-സാമ്പത്തികവുമായ സാഹചര്യങ്ങൾ, ഭൗതിക സാഹചര്യങ്ങൾ, ജോലിസ്ഥലത്തെ തൊഴിൽ സംസ്കാരം തുടങ്ങിയ നിരവധി ഘടകങ്ങൾ ജീവനക്കാർ ശാരീരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തെ സ്വാധീനിക്കുന്നതായി അസോസിയേറ്റ് പ്രൊഫസർ നകാറ്റ പറഞ്ഞു. വ്യക്തിഗതമായ പരിഗണനകളിൽ അവരുടെ ആരോഗ്യവും വ്യക്തിത്വവും ഉൾപ്പെടുന്നു. തൊഴിൽ സ്ഥലത്തെ സാഹചര്യങ്ങളിൽ കായിക പ്രവർത്തനങ്ങളെയോ വർക്ക്-ലൈഫ് ബാലൻസിനെയോ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയുടെ നയങ്ങൾ ഉൾപ്പെടുന്നു", അദ്ദേഹം വിശദീകരിച്ചു.

    ശേഷി, അവസരങ്ങൾ, പ്രചോദനം എന്നീ ഘടകങ്ങൾ മുൻനിർത്തിയാണ് ഗവേഷകർ പരിഹാരമാർഗങ്ങളെക്കുറിച്ച് ആലോചിച്ചത്. ആരോഗ്യം സംബന്ധിച്ച് വസ്‌തുതാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്നതിലൂടെ ഓഫീസ് ജീവനക്കാരുടെ ശേഷി ഉയർത്താൻ കഴിയുമെന്ന് പഠനസംഘം മനസിലാക്കി. ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ജീവനക്കാർക്ക് അവസരം സൃഷ്ടിക്കാൻ കഴിയും. സ്റ്റാന്റിംഗ് ഡെസ്കുകളോ ഷവർ റൂമുകളോ സ്ഥാപിക്കുന്നത് ഉചിതമാകും. ശാരീരിക പ്രവർത്തനങ്ങളുടെ സൂചികകൾ (ഉദാ: ദിവസവും എത്ര ചുവടുകൾ നടന്നു) അടിസ്ഥാനമാക്കി ജീവനക്കാർക്ക് റിവാർഡുകൾ നൽകുന്നത് പ്രചോദനാത്മകമായിരിക്കുമെന്നും പഠനസംഘം വിലയിരുത്തുന്നു.

    ഇത്തരം പരിഹാരമാർഗങ്ങൾ ഫലപ്രദമാണെങ്കിലും പലപ്പോഴും ചെലവേറിയതാകും. അതിനാൽ, ചെലവ് കുറഞ്ഞ മാർഗങ്ങൾ തേടേണ്ടതുണ്ട്. ജീവനക്കാരുടെ ആരോഗ്യത്തിന് തൊഴിലിടങ്ങളിലെ ഉത്പാദനക്ഷമതയുമായി നേരിട്ട് ബന്ധമുള്ളതിനാൽ ഓഫീസുകളിൽ ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്.
    Published by:Sarath Mohanan
    First published: