HOME » NEWS » Life » HEALTH KAMALADEVI MANGALASSERY REWINDS DR PK WARRIER

നഷ്‌ടപ്പെട്ടത്‌ കീശക്കനം നോക്കാതെ മരുന്ന് കുറിച്ച പാരമ്പര്യത്തിന്റെ കണ്ണി; ഡോ: പി.കെ. വാര്യരേക്കുറിച്ച് ഒരു ഓർമ്മ

പി.കെ. വാര്യരുടെ ഓർമ്മയിൽ അയൽവാസിയും ആദ്യകാലത്ത് അദ്ദേഹത്തിന്റെ ചികിത്സയിൽ  രോഗസൗഖ്യം നേടിയ വ്യക്തിയുമായ മ്യൂറൽ കലാകാരി കമലാദേവി മംഗലശ്ശേരി

News18 Malayalam | news18-malayalam
Updated: July 11, 2021, 4:50 PM IST
നഷ്‌ടപ്പെട്ടത്‌ കീശക്കനം നോക്കാതെ മരുന്ന് കുറിച്ച പാരമ്പര്യത്തിന്റെ കണ്ണി; ഡോ: പി.കെ. വാര്യരേക്കുറിച്ച് ഒരു ഓർമ്മ
പി.കെ. വാര്യർ, കമലാദേവി മംഗലശ്ശേരി
  • Share this:
വിടപറഞ്ഞ ആയുർവേദാചാര്യൻ പി.കെ. വാര്യരുടെ ഓർമ്മയിൽ അയൽവാസിയും ആദ്യകാലത്ത് അദ്ദേഹത്തിന്റെ ചികിത്സയിൽ  രോഗസൗഖ്യം നേടിയ വ്യക്തിയുമായ മ്യൂറൽ കലാകാരി കമലാദേവി മംഗലശ്ശേരി. കീശക്കനം നോക്കാതെ മരുന്ന് കുറിച്ച് നൽകിയ കൈപ്പുണ്യത്തിന്റെ കണ്ണിയാണ് അറ്റത് എന്ന് അവർ പറയുന്നു. കമലാദേവിയുടെ വാക്കുകൾ ചുവടെ:

'രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പി.കെ. വാര്യരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു. ഒരു കാലഘട്ടത്തിൻ്റെ പ്രതിനിധിയാണ് കടന്നു പോയിരിക്കുന്നത്. ബാല്യത്തിൻ്റെ ഓർമ്മകളിൽ പാദങ്ങളിൽ നീരുവന്നു വീർത്തു ചീർത്ത, കൂട്ടുകാരോടൊപ്പം ഓടിക്കളിക്കുവാൻ പ്രാപ്തിയും അനുവാദവും ഇല്ലാതിരുന്ന ഒരു കൊച്ചു പെൺകുട്ടി ഇപ്പോഴുമുണ്ട്. അക്കാലങ്ങളിൽ അവൾക്കു ചുറ്റും കഷായത്തിൻ്റേയും അരിഷ്ടത്തിൻ്റേയും ഗന്ധമായിരുന്നു.

അതേ ഗന്ധമാണ് കോട്ടയ്ക്കൽ പട്ടണത്തിനുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്നാട്ടിൽ നിന്നും അകന്നു ജീവിക്കാൻ തുടങ്ങിയപ്പോഴാണെന്നു മാത്രം. ആര്യവൈദ്യശാല എന്ന കോട്ടയ്ക്കൽക്കാരുടെ വൈദ്യശാലയിൽ നിന്നുയരുന്ന കഷായഗന്ധം അഥവാ വൈശാലഗന്ധമാണീ എഴുപത്തഞ്ചാം വയസ്സിലും മുന്നോട്ട് ചിന്തിക്കാൻ ശക്തി തരുന്നത്. അന്നത്തെ കാരുണ്യവും കൈപ്പുണ്യവും നിറഞ്ഞ ഒരു വൈദ്യപാരമ്പര്യം അവരുടെ ഉള്ളറിഞ്ഞു നൽകിയ ചികിത്സയുടെ ഫലം കൊണ്ടാണ് ഇന്നുമീ ശരീരത്തിൽ ജീവൻ തുടിക്കുന്നത്.

അപ്പോൾ പത്തായപ്പുരയിലിരുന്ന് കാരുണ്യത്തോടെ രോഗികളെ പരിശോധിച്ചിരുന്ന ആ സ്വർണ്ണവിഗ്രഹം എങ്ങനെ മനസ്സിൽ നിന്നും മാഞ്ഞു പോകും? അദ്ദേഹത്തെക്കുറിച്ചും വൈദ്യശാലയെക്കുറിച്ചും എഴുതാതിരിക്കുന്നതെങ്ങനെ?

അച്ഛൻ്റെ കൈ പിടിച്ചാണ് കൈപ്പള്ളിക്കുണ്ടുതാണ്ടി വൈദ്യശാലയിലേക്ക് പോയിരുന്നത്. ബാലാരിഷ്ടത, നീരായും വേദനയായും കൂട്ടുകൂടിയപ്പോൾ പത്തായപ്പുരയിലിരുന്ന് രോഗികളെ പരിശോധിച്ചിരുന്ന പി. കൃഷ്ണൻകുട്ടി വാര്യരുടെ അടുത്തേക്കുള്ള യാത്രകളുടേയും എണ്ണം കൂടി. ഓരോ രോഗിയേയും അദ്ദേഹം പരിശോധിച്ച് മരുന്നു കുറിക്കുന്നതെങ്ങനെയെന്ന് കണ്ടുപഠിക്കുന്ന ശിഷ്യരും ഒരു കാഴ്ചയായിരുന്നു അക്കാലത്ത്.

നീരിനുള്ള മരുന്നിനൊപ്പം നീലിഭൃംഗാദികേരവും കുറിപ്പടിയിൽ എഴുതിക്കിട്ടിയിരുന്നത് പിൽക്കാലത്തെ അരയോളം നീണ്ട മുടിയുടെ സമൃദ്ധിയ്ക്കു കാരണമായി. അല്ലെങ്കിലും ആ ഒരു വൈദ്യശാല ഒരു പ്രദേശത്തിൻ്റെ ചരിത്രമാകെ മാറ്റി എഴുതുകയാണല്ലോ ചെയ്തത്. ഓരോ വീട്ടിലും ഒരാളെങ്കിലും വൈദ്യശാലപ്പണിക്കാരനായിരുന്നു. മരുന്നും, വൈദ്യ സഹായവും കിട്ടാതെ ഒരാളും കഷ്ടപ്പെടരുത് എന്നു നിശ്ചയിച്ചത് ധന്വന്തരിയുടെ അനുഗ്രഹം ലഭിച്ച സാക്ഷാൽ വൈദ്യരത്നം പി.എസ്. വാര്യരുടെ നിർബന്ധമായിരുന്നു.

ഇന്നും അതേ, ലോകം ആയുർവേദ ചികിത്സയെന്ന് ചിന്തിക്കുമ്പോൾ കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്നു ചിന്തിക്കത്തക്കവിധം അതിനെ മാറ്റിയെടുത്തത് അദ്ദേഹത്തിൻ്റേയും സഹോദരി പുത്രനായ പി.കെ. വാര്യരുടേയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടാണ്. ഒപ്പം അനുസ്മരിക്കേണ്ട ഒരാൾ കൂടിയുണ്ട്; അകാലത്തിൽ പൊലിഞ്ഞു പോയ മാധവ വാര്യർ. പി.കെ. വാര്യരുടെ ജ്യേഷ്ഠനായിരുന്ന അദ്ദേഹം, വൈദ്യശാലയിലേക്കു സാക്ഷാൽ നെഹ്റുവിനെ ക്ഷണിക്കുവാൻ പോയി മടങ്ങുന്ന വഴി വിമാനാപകടത്തിൽ മരിക്കുകയായിരുന്നു.

പി.കെ. വാര്യരെ ഓർക്കുമ്പോൾ അദ്ദേഹത്തിൻ്റെ അമ്മയെ ഓർക്കാതെ വയ്യ. അക്കാലത്ത് അദ്ദേഹത്തിൻ്റെ അമ്മ പന്ന്യമ്പള്ളിവാര്യത്ത് കുഞ്ചി വാരസ്യാർക്ക് കവിളരശ് എന്ന അർബുദം പിടിപെട്ടിരുന്നു. അതു ചികിത്സിച്ചിരുന്നതും മകൻ തന്നെ ആയിരുന്നു. തൂവെള്ളത്തുണികൊണ്ടു മുറിവു ഭാഗം വളരെ വൃത്തിയായി കെട്ടി വച്ച് ആ അമ്മയും പൂരം കൊടിയേറ്റത്തിന് എത്തിയിരുന്നത് ഓർക്കുന്നു. ചില ഓർമ്മകൾക്കു മരണമില്ല.

വൈദ്യശാല, പ്രദേശവാസികളുടെ ജീവിതത്തിൻ്റെ ഗതി നിർണ്ണയിച്ചിരുന്ന പ്രധാനഘടകമായിരുന്നു. ചികിത്സയും, മരുന്നും മാത്രമല്ല, കലയും സാമ്പത്തിക രംഗവും ഒക്കെ അതിനെ ചുറ്റിപ്പറ്റിയാണ് വികസിച്ചത്. ആദ്യകാലത്ത് പരമശിവവിലാസം നാടകക്കമ്പനി എന്ന പേരിൽ പി.എസ്. വാര്യർ നടത്തിക്കൊണ്ടിരുന്ന പ്രസ്ഥാനമാണ് പിന്നീട് പി.എസ്.വി. നാട്യസംഘം എന്ന പേരിൽ അന്നാട്ടിലേയും മറുനാട്ടിലേയും കലാ പ്രതിഭകൾക്ക് അത്താണിയായി മാറിയത്.കഥകളി, ചെണ്ട, മദ്ദളം, പാട്ട് തുടങ്ങി കലകൾക്കു വേണ്ടിയുള്ള ഒരു കേന്ദ്രമായി അതു മാറി. കലാഭിരുചിയുള്ളവർ ഗുരുക്കൻമാർക്കു കീഴിൽ അവിടെ പാർത്തു വിദ്യ അഭ്യസിച്ചു. എല്ലാ ചെലവും വൈദ്യശാല നിർവ്വഹിച്ചു. ഇപ്പോഴും അതു തുടരുന്നു. പി.എസ്.വി. നാട്യസംഘത്തിൻ്റെ പെരുമ കലാമണ്ഡലത്തോളം വളർന്നു. അവർ ദേശത്തും വിദേശത്തും കേരളപ്പെരുമ പടർത്തി.

കോട്ടയ്ക്കലുകാർക്കു ആഘോഷം പൂരം നാളിലാണ്. ഏപ്രിലിൽ വേനൽച്ചൂടിൽ നിലത്തു വിരിച്ച പുല്ലായയിൽ പടിഞ്ഞിരുന്നു ഞങ്ങൾ കുട്ടികൾ കണ്ട പൂരത്തോളം വരുമോ ഇന്നുള്ള ഏതാഘോഷവും? മാണി മാധവചാക്യാർ എന്ന അതുല്യപ്രതിഭയുടെ ചാക്യാർകൂത്ത് കണ്ട് കുലുങ്ങിച്ചിരിക്കാത്ത, തിരിച്ചൊരു മറുഫലിതമേറ്റു തല കുനിച്ച് ഇളിഭ്യരാകാത്ത ആരുണ്ട് അക്കാലത്ത് പൂരപ്പറമ്പിൽ?

പാഠകം, ഓട്ടൻതുള്ളൽ, കഥകളി, ശാസ്ത്രീയ നൃത്തങ്ങൾ കച്ചേരികൾ, കോട്ടയ്ക്കലിൻ്റെ സാംസ്ക്കാരികപ്പെരുമ കൊണ്ടാടാൻ ഇതിൽപ്പരം എന്താണ് പറയുക? ഒക്കെയും വന്നത് ഒരു സ്ഥാപനത്തിൻ്റെ ദീർഘവീക്ഷണത്തിൽ നിന്നും. അതിൻ്റെ അമരക്കാരനാണു അരങ്ങൊഴിഞ്ഞിരിക്കുന്നത്. മുണ്ടിൻ്റെ കോന്തല കൈയ്യിൽ പിടിച്ച്, കാരുണ്യം തുളുമ്പുന്ന കണ്ണുകളോടെ, അദ്ദേഹം ധന്വന്തരിയുടെ മുന്നിൽ നിന്നും തൊഴുതുമടങ്ങുന്നത് എത്ര വട്ടം കണ്ടു നിന്നിരിക്കുന്നു. ചന്ദനപ്പൊട്ട്, അതിനു മുകളിലെ മൂന്നു വര നീളമേറിയ ഭസ്മക്കുറി, അതിനു നടുക്കു ഗണപതിയുടെ കരി പ്രസാദം, ഇളം നിറത്തിലെ ഷർട്ടും വെളുത്ത മുണ്ടും ഒരു ചെറു നേര്യതു തോർത്തും. ആ മനുഷ്യനാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്.

ഐശ്വര്യ മൂർത്തിയായ ധന്വന്തരിയുടെ അനുഗ്രഹം കോട്ടയ്ക്കലിലെ സാധാരണക്കാർക്കും ലഭിച്ചിരിക്കണം. ഇന്നും ഈ വാർദ്ധക്യത്തിലും ക്യാൻവാസിൽ ബ്രഷു കൊണ്ട് ഒരു ബിന്ദു തൊടുമ്പോൾ ഞാൻ മനസ്സാ സ്മരിക്കുന്നതും ഗുരുവായൂരപ്പനൊപ്പം അതേ ധന്വന്തരിയേ ആണല്ലോ. ഈ വാക്കുകൾ കുറിക്കുവാൻ ശക്തി നൽകുന്നതും മറ്റാരുമല്ല, നിശ്ചയം.

രോഗ ചികിത്സയെന്നാൽ കുറേ മരുന്നുകളും ഉപകരണങ്ങളും ലാബ് റിപ്പോർട്ടുകളും മാത്രമായി മാറിയ ആധുനിക ലോകത്തിൽ, കൈത്തണ്ടയിൽ പിടിച്ചു നോക്കിയും രോഗലക്ഷണങ്ങൾ കണ്ടറിഞ്ഞും നിരീക്ഷിച്ചും ചികിത്സിച്ചു ദേഭമാക്കിയിരുന്ന മഹാ വൈദ്യന്മാർ ഈ നാട്ടിലുണ്ടായിരുന്നു. അവർ രോഗികളെ കീശക്കനം നോക്കിയായിരുന്നില്ല മറിച്ചു രോഗത്തിൻ്റെ തീവ്രത കണ്ടാണു മരുന്നുപദേശിച്ചത്. അവരുടെ വാക്കുകളിൽ രോഗികളെ സമാശ്വസിപ്പിക്കുന്ന മാന്ത്രികതയുണ്ടായിരുന്നു. കണ്ണിൽ കാരുണ്യവും. ആ പാരമ്പര്യത്തിലെ ഒരു കണ്ണിയാണിപ്പോൾ അടർന്നു പോയത്. അനന്തരാവകാശികളിലൂടെ ആ പാരമ്പര്യം ഇനിയും കാലാതിവർത്തിയായി നിലകൊള്ളട്ടെ.

നൂറാം പിറന്നാൾ ആഘോഷിച്ച്, ആയിരം പൂർണ്ണചന്ദ്രനെക്കണ്ട് അദ്ദേഹം കടന്നു പോയിരിക്കുന്നു. ധന്യമായ ജീവിതം. സാദരപ്രണാമം ആ ഓർമ്മകൾക്കു മുന്നിൽ.'
Published by: user_57
First published: July 11, 2021, 4:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories