• HOME
  • »
  • NEWS
  • »
  • life
  • »
  • പ്രമേഹ രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നു; ആശങ്കയോടെ കേരളം

പ്രമേഹ രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നു; ആശങ്കയോടെ കേരളം

പത്തു വർഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തിൽ 20 ശതമാനമാണ് വർധനവ് ഉണ്ടായിട്ടുള്ളത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ വർധിക്കുന്നതായി പഠനം.
    10 വർഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തിൽ 20 ശതമാനമാണ് വർധനവ് ഉണ്ടായിട്ടുള്ളത്. അതായത് 2009ൽ പ്രമേഹ രോഗികൾ ജനസംഖ്യയുടെ 15 ശതമായിരുന്നുവെങ്കിൽ ഇന്ന് 35 ശതമാനമാണ്. നിലവിൽ സംസ്ഥാനത്തെ നാല് പേരെ എടുത്താൽ അതിലൊരാൾ പ്രമേഹ രോഗിയാണെന്നാണ് കണക്ക്.

    പ്രമേഹത്തിന് മുന്നോടിയായി ആളുകളിൽ കാണപ്പെടുന്ന പ്രീ ഡയബറ്റിസ് ഉള്ളവരുടെ എണ്ണവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 2009 ൽ പ്രീ ഡയബറ്റിസ് ജനസംഖ്യയിലെ 12 ശതമാനം പേരിൽ മാത്രമാണ് കണ്ടിരുന്നതെങ്കിൽ നിലവിൽ അത് 25 ശതമാനമാണ്. കേരളത്തിൽ 30 ശതമാനം കുട്ടികൾക്ക് പ്രീ ഡയബറ്റിസുണ്ടെന്നും പഠനം സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ രാജ്യത്ത് 73 ദശലക്ഷം പ്രമേഹ രോഗികളാണുള്ളതെങ്കിൽ 2035 ഓടെ അത് 134 ദശലക്ഷമായി വർധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

    ഏതായാലും ഇത് സംബന്ധിച്ച രേഖകൾ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഉടൻ പുറത്തു വിടും. മാറിയ ജീവിത സാഹചര്യമാണ് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇത്രയേറെ വർദ്ധനവിന് കാരണമായി വിലയിരുത്തുന്നത്. ഭക്ഷണം വാരി വലിച്ചു കഴിക്കുന്നതിനൊപ്പം വ്യായാമമില്ലായ്മ പ്രമേഹത്തിലേക്കു നയിക്കുന്നുവെന്നു പ്രമേഹ രോഗ വിദഗ്ധൻ ശ്രീജിത്ത്‌ കുമാർ പറയുന്നു. അതിനാൽ ഭക്ഷണ വിഭവങ്ങളിൽ പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും അധിക പ്രാധാന്യം നൽകേണ്ടത് അനിവാര്യമെന്നും അദ്ദേഹം പറയുന്നു.

    ഭക്ഷണം കഴിക്കുന്ന വേളയിൽ പാത്രത്തിൽ പച്ചക്കറിക്കും പഴവർഗ്ഗങ്ങൾക്കും സ്ഥാനമുണ്ടാകണം. ഒപ്പം വ്യായാമത്തിനു കൂടി ജീവിതത്തിൽ പ്രാധാന്യം നൽകിയാൽ തീരാവുന്ന പ്രശ്നമാണിതെന്നും ഡോ.ശ്രീജിത്ത്‌ വ്യക്തമാക്കുന്നു. പുതിയ കാലത്തെ ഗുരുതര സാഹചര്യത്തിൽ പ്രമേഹ രോഗത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം സജീവമാക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ തീരുമാനം. വരും ദിവസങ്ങളിൽ ഇതിന്റെ ഭാഗമായി സെമിനാർ അടക്കം സംഘടിപ്പിക്കുമെന്നും ഐ.എം.എ. ഭാരവാഹികൾ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യം ഇന്ത്യയാണെന്ന് സമീപ കാലത്ത് പുറത്ത് വന്ന പഠനം വ്യക്തമാക്കിയിരുന്നു.

    First published: