നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ഭക്ഷ്യ സുരക്ഷയ്ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനം

    ഭക്ഷ്യ സുരക്ഷയ്ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനം

    സംസ്ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

    ആരോഗ്യമന്ത്രി വീണ ജോർജ്

    ആരോഗ്യമന്ത്രി വീണ ജോർജ്

    • Share this:
      തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിന് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

      സംസ്ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലൈസന്‍സും രജിസ്‌ട്രേഷനും, ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ മികവ്, മൊബൈല്‍ ലാബുകള്‍, കുറ്റക്കാര്‍ക്കെതിരെ നടപടി, ബോധവത്ക്കരണം എന്നിവയിലെല്ലാം മികച്ച സൂചികയിലാണ് സംസ്ഥാനമുള്ളത്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

      ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പരിശോധനയ്ക്കായി 3 എന്‍.എ.ബി.എല്‍. അക്രഡിറ്റഡ് ലാബുകളാണുള്ളത്. ഇതുകൂടാതെ മൊബൈല്‍ പരിശോധനാ ലാബുകളുമുണ്ട്. ഗ്രാമങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്തുകളും സംഘടിപ്പിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.

      സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനം

      2023 ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കയതായി മന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan - KARSAP) ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. ഇതിനെ നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമാക്കി മാറ്റുന്നതാണ്. കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

      ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കോവിഡ് കാരണം എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത് ഊര്‍ജിതമാക്കാന്‍ തീരുമാനമെടുത്തു. അടുത്ത 3 വര്‍ഷത്തിനകം ലക്ഷ്യം കൈവരിക്കാനായി ഹ്രസ്വമായതും ദീര്‍ഘമായതുമായ സമയം കൊണ്ട് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി ആക്ഷന്‍ പ്ലാന്‍ വിപുലപ്പെടുത്തുന്നതാണ്. ജില്ലാതലങ്ങളില്‍ എ.എം.ആര്‍. കമ്മിറ്റികള്‍ രൂപീകരിക്കും. എറണാകുളം ജില്ലയില്‍ വിജയകരമായി പരീക്ഷിച്ച ഹബ് ആന്റ് സ്‌പോക്ക് മാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു.

      എല്ലാ മൂന്ന് മാസവും എ.എം.ആര്‍. അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണ്. എ.എം.ആര്‍. നിരീക്ഷണ ശൃംഖല (KAR-Net) വിപുലീകരിക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി, ജലം, പാല്‍, മത്സ്യ മാംസാദികള്‍, ആഹാര പദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ കാണുന്ന ആന്റിബയോട്ടികളുടെ അംശങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ വിവിധ വിഭാഗങ്ങള്‍ അവതരിപ്പിച്ചു. അത് നിയന്ത്രിക്കാന്‍ വേണ്ടിയുള്ള നടപടികളും ചര്‍ച്ച ചെയ്തു.
      Published by:Rajesh V
      First published:
      )}