കുട്ടികൾ (Children) ചിലപ്പോഴൊക്കെ ഭക്ഷണം കഴിക്കുന്നതിന് മടി കാണിക്കുന്നുവെങ്കിൽ അത് സ്വാഭാവികമാണ്. എന്നാൽ അതൊരു പതിവാക്കുകയാണെങ്കിൽ നിങ്ങൾ ഡോക്ടറെ കാണുന്നതായിരിക്കും നല്ലത്. കുട്ടിക്ക് വിശപ്പില്ലായ്മയുണ്ടെങ്കിൽ (Loss of Appetite) അത് പലവിധ ശാരീരിക പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും. വിശപ്പില്ലായ്മയുടെ കാരണം എന്താണെന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
ശരീരത്തിന് ആവശ്യത്തിന് പോഷകാംശങ്ങൾ കിട്ടുന്നില്ലെന്നത് തന്നെയാണ് പ്രധാനപ്പെട്ട ഒരു പ്രശ്നം. കുട്ടിക്ക് തൊണ്ടവേദന, വയറുവേദന, വയറിളക്കം, തലവേദന, പനി എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഭക്ഷണത്തോട് താൽപ്പര്യക്കുറവ് കാണിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ അസുഖം മാറിവരുന്നതിനനുസരിച്ച് കുട്ടി സാധാരണ പോലെ ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്യും.
ചില മുതിർന്ന കുട്ടികൾ ശാരീരികമായോ മാനസികമായോ സമ്മർദ്ദം നേരിടുന്ന ഘട്ടങ്ങളിൽ ഭക്ഷണത്തോട് വിരക്തി കാണിക്കാറുണ്ട്. കൃത്യമായി ഉറക്കം കിട്ടാത്തതോ ഭക്ഷണക്രമം ശരിയാവാത്തതോ ഒക്കെ സമ്മർദ്ദത്തിന് കാരണമാവും. കുട്ടി നേരിടുന്ന പ്രശ്നം എന്തെന്ന് മനസ്സിലാക്കുകയെന്നത് വളരെ നിർണായകമാണ്. വയറ്റിൽ വിരകൾ വളരുന്നത് ചെറിയ കുട്ടികൾക്ക് ഭക്ഷണത്തോട് താൽപര്യമില്ലാതെയാവുന്നതിന് കാരണമായേക്കാം. അമിതമായ വിശപ്പില്ലായ്മക്കൊപ്പം കുട്ടിക്ക് വയറിൽ വേദനയുമുണ്ടെങ്കിൽ വൈകാതെ തന്നെ ഡോക്ടറെ സമീപിക്കുക. വയറ്റിനുള്ളിലെ വിരകളാണ് ഈ വിശപ്പില്ലായ്മയ്ക്ക് കാരണമാവുന്നത്.
ഏകദേശം ഒന്നോ രണ്ടോ വയസ്സുള്ള കുട്ടി ഭക്ഷണമൊന്നും കഴിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ പല്ലിലോ മോണയിലോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നതും ശ്രദ്ധിക്കണം. പല്ലിനും മോണയ്ക്കും വേദനയുണ്ടെങ്കിൽ കുട്ടിക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാവും. ഈ വേദന മാറാതെ കുട്ടി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുകയില്ല. ശരീരത്തിൽ ഇരുമ്പിൻെറ അംശം കുറയുന്ന സാഹചര്യത്തിലും കുട്ടികൾക്ക് വിശപ്പില്ലായ്മ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
വിശപ്പില്ലായ്മ മാറ്റിയെടുക്കാനുള്ള ചില എളുപ്പവഴികൾ
കുട്ടികൾ എന്തെങ്കിലും കൊറിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന് നമുക്കെല്ലാമറിയാം. അവർക്ക് ഇഷ്ടമുള്ളതെന്തെങ്കിലും എപ്പോഴും കൊറിക്കാൻ കൊടുക്കുക. അങ്ങനെ മെല്ലെ മെല്ലെ ഭക്ഷണത്തോട് താൽപര്യം കൂട്ടുക.
അവർക്ക് ചിപ്സ് നൽകാതിരിക്കുക. പകരം വറുത്ത നിലക്കടല ഇടക്കിടെ കഴിക്കാനായി കൊടുക്കുക.
മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണ പദാർഥങ്ങൾ, ബിസ്കറ്റ്, കുക്കീസ് എന്നിവ കഴിക്കുന്നതിൽ നിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്തുക. ഇവ അമിതമായി കഴിക്കുന്നത് വയർ ഉറയ്ക്കുന്നതിന് കാരണമാവും. ആരോഗ്യകരമായ വെജിറ്റബിൾ സാൻറ്വിച്ച്, സൂപ്പുകൾ എന്നിവ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുക.
ലഘുഭക്ഷണം കഴിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇടയിൽ മതിയായ സമയം കൊടുക്കുക. ഇടയ്ക്കിടെ അനാവശ്യമായി ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കാതിരിക്കുക.
കുട്ടി പാലിനോട് വലിയ താൽപര്യം കാണിക്കുന്നില്ലെങ്കിൽ ശുദ്ധമായ നെയ്യ്, തൈര് എന്നിവ കഴിക്കാൻ നൽകുക. ശരീരത്തിന് ആവശ്യമായ കാൽസ്യം ഇതിലൂടെ ലഭിക്കും.
ആരോഗ്യപ്രദമായ കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണം പരമാവധി കൊടുക്കുക. ശരീരഭാരം നിയന്ത്രണത്തിലാക്കാൻ ഇതിലൂടെ സാധിക്കും.
കുട്ടികൾക്ക് ഇഷ്ടപ്പെട്ട പഴങ്ങളായ മാമ്പഴം, വാഴപ്പഴം എന്നിവയിൽ തൈരും തേനും ചേർത്ത് സ്മൂത്തീസ് ഷെയ്ക്കുകൾ എന്നിവ ഉണ്ടാക്കി നൽകുക.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.