• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആധുനിക വൈദ്യശാസ്ത്രത്തെ മലയാളിക്ക് പേടിയോ?

news18
Updated: April 16, 2018, 6:22 PM IST
ആധുനിക വൈദ്യശാസ്ത്രത്തെ മലയാളിക്ക്  പേടിയോ?
news18
Updated: April 16, 2018, 6:22 PM IST
ഇന്ന്  ലോക ആരോഗ്യദിനം.

ഇല്ലാത്ത കാശ് മുടക്കി സ്റ്റാര്‍ ആശുപത്രികളെ തേടി പോകുന്ന മലയാളി ചെറിയ ചിലവില്‍ ഉത്തമ ആരോഗ്യം നല്‍കുന്ന കുടുംബ ഡോക്ടറെ വര്‍ജ്ജിച്ചു തുടങ്ങിയിരിക്കുന്നു. യുദ്ധങ്ങളില്‍ പോലും ആക്രമിക്കപ്പെടാത്ത ആശുപത്രികള്‍ കേരളത്തില്‍ നിത്യവും ആക്രമിക്കപെടുന്നു. മരുന്നുമാഫിയയ്ക്ക് അടിമപെടാതിരിക്കാന്‍ രണ്ട് രൂപയുടെ കൊളസ്‌ട്രോള്‍ മരുന്ന് വലിച്ചെറിയുന്ന മലയാളി, പരസ്യങ്ങളിലെ മരുന്നല്ലാ മരുന്നെല്ലാം ആയിരങ്ങള്‍ മുടക്കി വാരി കഴിക്കുന്നു. 'ആരോഗ്യ വിരോധാഭാസം' കേരളത്തില്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. എങ്ങോട്ടാണ് ഈ പോക്ക് എന്ന ചിന്ത അക്ഷരാര്‍ത്ഥത്തില്‍ ഭയപെടുത്തുന്നു.

മലയാളിക്ക് ഒരു ആരോഗ്യ സംസ്‌കാരമുണ്ടായിരുന്നു, വിജ്ഞാനത്തിലും വിവേകത്തിലുമൂന്നിയ ശ്രേഷ്ഠ സംസ്‌കാരം. അജ്ഞതയും, അസഹിഷ്ണുതയും ഈ സംസ്‌കാരത്തെ കെടുത്തിയിരിക്കുന്നു. ചികിത്സയും, പ്രതിരോധവും ഒരു പോലെ പാളുന്നു. ഈ അവസ്ഥ മാറിയെ തീരൂ.

ചെറിയ സ്ഥാപനങ്ങളുടെ വലിയ പങ്ക്

കേരളം ആരോഗ്യ രംഗത്തു നേടിയ പുരോഗതി കേരള മോഡലില്‍ അധിഷ്ഠിതമാണ്. ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട ആരോഗ്യം എന്നതാണ് ഈ മോഡല്‍. ഇതു സാധ്യമായതില്‍ ചെറിയ ആശുപത്രികള്‍ക്കും, ക്ലിനിക്കുകള്‍ക്കുമുള്ള (ചെറു ചികിത്സാ മേഖല) പങ്ക് വളരെ വലുതാണ്.

കേരളത്തില്‍ 70 ശതമാനത്തോളം ചികിത്സ നടക്കുന്നത് സ്വകാര്യ മേഖലയിലാണ്. ഇതില്‍ ഭൂരിഭാഗവും ചെറിയ ആശുപത്രികളും ക്ലിനിക്കുകളുമാണ് നടത്തുന്നത്. ഏതാണ്ട് 80 ശതമാനത്തോളം കിടത്തി ചികിത്സിക്കുന്ന ആശുപത്രികളിലും 50 കിടക്കകളില്‍ താഴെ മാത്രമാണുള്ളത്. ഇന്ന് ചെറിയ ആശുപത്രികളും, ക്ലിനിക്കുകളും വന്‍ അവഗണ നേരിടുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ ആയിരത്തിലധികം ചെറു സ്ഥാപനങ്ങള്‍ പൂട്ടി പോയിട്ടുണ്ട്. കടുത്ത പ്രതിസന്ധി നേരിടുന്ന ഈ മേഖല തകരുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. ചികിത്സാ ചിലവ് വളരെയധികം വര്‍ധിക്കാനും, ചികിത്സയിലെ മാനുഷിക സ്പര്‍ശം നഷ്ടപ്പെടുവാനും ഇതു കാരണമാകും.

നിലവില്‍ ഈ മേഖലക്ക് യാതൊരു പരിരക്ഷയുമില്ല. അധികാര കേന്ദ്രങ്ങളില്‍ നിന്ന് അവഗണന മാത്രമല്ല കടുത്ത പ്രതിബന്ധങ്ങളുമുണ്ടെന്നതാണ് വാസ്തവം. വലിയ ആശുപത്രികള്‍ക്കുള്ള എല്ലാ നിയമങ്ങളും ചെറു സ്ഥാപനങ്ങളും പാലിക്കണം. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് കൂടി നടപ്പിലാക്കുന്നതോടെ കിടത്തി ചികിത്സ നടത്തുന്ന ചെറിയ ആശുപത്രികള്‍ ഏതാണ്ട് ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും. നിര്‍ഭാഗ്യവശാല്‍ ഇവയെ സംരക്ഷിക്കുവാനോ, പ്രോഹത്സാഹിപ്പിക്കുവാനോ ആരും തയ്യാറാകുന്നില്ല.
Loading...

ഭാവിയില്‍ സ്റ്റാര്‍ ആശുപത്രികള്‍ മാത്രം അവശേഷിക്കുമ്പോഴെ ചെറിയ ആശുപത്രികള്‍ നഷ്ടപെട്ടതിന്റെ വില നാമറിയൂ. അപ്പോഴെക്കും ഏറെ വൈകി പോകും. ചെറു സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരും സമൂഹവും മുന്‍ കൈയ്യെടുക്കണം. സാധാരണ രോഗങ്ങള്‍ ചികിത്സിക്കുവാന്‍ ചെറിയ ആശുപത്രി മതിയെന്ന് തീരുമാനിക്കണം.
അടുത്തുള്ള ഡോക്ടറെ കുടുംബ ഡോക്ടറായി കാണുവാന്‍ നമുക്ക് കഴിയണം. ഇല്ലാത്ത കാശുണ്ടാക്കി വന്‍കിട ആശുപത്രികളില്‍ മാത്രം ചികിത്സിക്കുന്ന ആധുനിക സംസ്‌കാരം നാം തിരുത്തണം. കുടുംബ ഡോക്ടര്‍ റഫര്‍ ചെയ്താല്‍ മാത്രം അത്തരം സ്ഥാപനങ്ങളില്‍ പോയാല്‍ മതിയാകും.

ചെറിയ ചിലവില്‍ ഉത്തമ ചികിത്സ നല്‍കുന്ന ചെറു മേഖലയെ സര്‍ക്കാര്‍ പ്രോഹത്സാഹിപ്പിക്കണം. സര്‍ക്കാര്‍ നടത്തുന്ന രോഗചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവരെയും ഭാഗമാക്കണം. ചെറു സ്ഥാപനങ്ങള്‍ക്ക് എയ്ഡും, ജീവനക്കാരെയും നല്കുവാനാകുമോ എന്ന് പരിശോധിക്കണം. ആരോഗ്യ പരിരക്ഷയില്‍ ചെറു സ്വകാര്യ മേഖലയേയും പങ്കാളിയാക്കണം. ചെറിയ ചിലവില്‍ ഉത്തമ ചികിത്സ തുടര്‍ന്നും ഉറപ്പ് വരുത്താന്‍ ഇത് പ്രധാനമാണ്.

വിശ്വാസം വീണ്ടെടുക്കണം

ഇന്ന് ഡോക്ടര്‍ രോഗി ബന്ധം വളരെ മോശമായിരിക്കുന്നു. മെഡിക്കല്‍ രംഗം ഉപഭോക്ത സംരക്ഷണ നിയമത്തിന് കീഴില്‍ വന്നതോടെ ചികിത്സ സേവനമാണോ, കച്ചവടമാണോ എന്ന വലിയ സംശയം ഉടലെടുത്തിരിക്കുന്നു. ആശുപത്രികള്‍ ആതുരസേവന കേന്ദ്രങ്ങളാണോ, അതോ ചികിത്സാ വിപണന കേന്ദ്രങ്ങളോ എന്നത് പുനര്‍ നിര്‍വചിക്കേണ്ടി വരുന്നു. സേവന സ്ഥാപനങ്ങള്‍ ആയി തന്നെയാണ് ഭൂരിഭാഗം ഡോക്ടര്‍മാരും കാണുന്നത്. എന്നാല്‍ ചികിത്സാപിഴവ് ആരോപിച്ച് ഉപഭോക്ത കോടതിയില്‍ പോകാമെന്നിരിക്കെ, ചികിത്സയെ കച്ചവടമായും, രോഗിയെ ഉപഭോക്താവായും കണ്ടാല്‍ മതിയെന്ന് ചിലര്‍ വാദിക്കുന്നു. അങ്ങനെയെങ്കില്‍ കച്ചവട രംഗത്തെ നൈതികതയാകും മെഡിക്കല്‍ രംഗത്തും. പരസ്യമുള്‍പ്പെടെയുള്ള വിപണന തന്ത്രങ്ങളും, കമ്മീഷനുമൊക്കെ കച്ചവടത്തില്‍ വര്‍ജജ്യമല്ലല്ലോ? കണ്‍സ്യൂമര്‍ കേസും, മറ്റ് കോടതി വ്യവഹാരങ്ങളും ഏറും തോറും രോഗിയെ ഉപഭോഗക്താവായോ, ഭാവി വ്യവഹാരിയായോ കാണാന്‍ പലരും നിര്‍ബന്ധിതരാകുന്നു.

ചികിത്സക്കിടെ നേരിട്ടേക്കാവുന്ന ആക്രമണങ്ങളാന്ന് മറ്റൊരു വെല്ലുവിളി. ചുരുക്കത്തില്‍ രംഗം ആകെ കലുഷിതമായിരിക്കുന്നു. ഇത് ശാന്തമാക്കുന്നതിന് പകരം ചില മാധ്യമങ്ങള്‍ സ്ഥിതി കൂടുതല്‍ മോശമാക്കാനും പരസ്പര വിശ്വാസം ഇല്ലാതാക്കുവാനുമാണ് നിര്‍ഭാഗ്യവശാല്‍ ശ്രമിക്കുന്നത്. രോഗിക്ക് ഡോക്ടറെയും, ഡോകടര്‍ക്ക് രോഗിയെയും ഭയമാണ്, സംശയമാണ്. അതിനാല്‍ ചികിത്സ യാന്ത്രികമാകുന്നു. ഈ സ്ഥിതി മാറിയെ തീരൂ.

ഒരു ഡോക്ടറും രോഗിയക്ക് ഹാനി വരുത്തുവാന്‍ ശ്രമിക്കില്ല എന്ന് നാം മനസ്സിലാക്കണം. ഡോക്ടര്‍ രോഗി ബന്ധം സ്‌നേഹോഷ്മളമായി സംരക്ഷിക്കാന്‍ തുടര്‍ന്നും നമുക്ക് കഴിയണം. സമൂഹത്തിന്റെ ഉത്കണ്ഠകള്‍ മുഖവിലക്കെടുത്ത് വേണ്ട തിരുത്തല്‍ നടത്താന്‍ മെഡിക്കല്‍ സമൂഹവും തയ്യാറാകേണ്ടതുണ്ട്. പരസ്പര വിശ്വാസം വീണ്ടെടുക്കണം. തുറന്ന ചര്‍ച്ചകളും, ആശയ വിനിമയവും ഉണ്ടാകണം. ഇത് തീര്‍ത്തും അനിവാര്യം തന്നെ.

ശാസ്ത്രിയമായി ചിന്തിക്കണം

അശാസ്ത്രീയത ആപത്കരമാം വിധം മലയാളിയുടെ ചിന്തയെ ബാധിച്ചിരിക്കുന്നു എന്നതാണ് ഒരു പക്ഷെ ഇന്നത്തെ ഏറ്റുവം വലിയ പ്രതിസന്ധി. എത്ര എളുപ്പമാണ് മലയാളി കമ്പളിപ്പിക്കപെടുന്നത്! പത്രങ്ങളിലെ പരസ്യങ്ങള്‍ അവന്‍ അന്ധമായി വിശ്വസിക്കുന്നു. പരസ്യം മുന്‍പേജിലാണെങ്കില്‍ 'മരുന്ന്', ചൂടപ്പം പോലെ വിറ്റു പോകുന്നു. വാട്ട്‌സ്ആപ്പിലും, ഫേസ്ബുക്കിലും കാണുന്നത് എല്ലാം മലയാളി അന്ധമായി വിശ്വസിക്കുന്നു. ഏതോ വിഡ്ഢികള്‍ വിളമ്പുന്നത് കേട്ട് അവര്‍ മരുന്ന് നിറുത്തി വെള്ളം കുടിച്ച് രോഗം മാറ്റാന്‍ ശ്രമിക്കുന്നു. കൊളസ്‌ട്രോള്‍ മരുന്നു നിറുത്തുന്നു, മുട്ടയുടെ മഞ്ഞയും, എണ്ണയും, ബീഫുമൊക്കെ യഥേഷ്ടം ഭക്ഷിക്കാമെന്ന് നിനക്കുന്നു. ആധുനിക മരുന്നുകള്‍ക്കെല്ലാം സൈഡ് ഇഫക്ട് ഉണ്ടെന്നും, എന്നാല്‍ മറ്റ് മേലെയിലൊന്നും സൈഡ് ഇഫക്ട് ഇല്ലെന്നും ധരിച്ചു വച്ചിരിക്കുന്നു.

എന്തിനേറെ, കണ്‍മുന്നില്‍ നിന്നും പോളിയോയും വസൂരിയുമൊക്കെ നിര്‍മ്മാര്‍ജനം ചെയ്യപ്പെടുന്നത് കണ്ടിട്ട് പോലും, പ്രതിരോധ കുത്തിവയ്പുകളും, മരുന്നുകളും സംശയിക്കപെടുന്നു. ഇത് തീര്‍ത്തും അന്ധാളിപ്പിക്കുന്ന അവസ്ഥ തന്നെ. രാജ്യത്തിനും ലോകത്തിനും മാതൃകയായ ശാസ്ത്ര ബോധത്തിലൂടെയാണ് നാം ഇന്നുള്ള ഉത്തമ അരോഗ്യം നേടിയത്. അശാസ്ത്രീയതയ്ക്ക് വശംവദരായി ഇത് നഷ്ടപെടുത്താല്‍ പാടില്ല. ശാസ്ത്രം ഉള്‍കൊള്ളുവാനും, ശാസ്ത്രീയമായി ചിന്തിക്കാനും വീണ്ടും നാം തയ്യാറാകണം. അശാസ്ത്രീയതയും അബദ്ധ ധാരണകളും പരത്തുന്നവരെ ഒറ്റപെടുത്തണം. പരസ്യങ്ങളില്‍ വീണു പോകരുത്. മരുന്നുകള്‍ പരസ്യം ചെയ്യാന്‍ പാടില്ല. അത് കൊണ്ട് തന്നെ പരസ്യം ചെയ്യപ്പെടുന്നവ മരുന്നുകളുമല്ല. അവ ഒരു രോഗത്തിനും പ്രതിവിധിയല്ല. അറിയാതെ വലിയ പാര്‍ശ്വഫലങ്ങള്‍ ക്ഷണിച്ചു വരുത്തുക മാത്രമായിരിക്കും പരസ്യമരുന്നുകള്‍ ഉപയോഗിക്കുന്നത് വഴി നാം ചെയ്യുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇവയില്‍ പലതിലും ആപത്കരമായ പദാര്‍ത്ഥങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

ചുരുക്കത്തില്‍ ഇന്നത്തെ പോക്ക് നമ്മുടെ നാടിന്റെ ആരോഗ്യത്തിന് ഒട്ടും ഭൂഷണമല്ല. ഈ അവസ്ഥ തിരുത്തുവാന്‍ നാം തയ്യാറായെ മതിയാകൂ. ലാളിത്യവും, സ്‌നേഹവും, ശാസ്ത്രീയതയും നാം വീണ്ടെടുക്കണം. അതിലധിഷ്ഠിതമായിരിക്കും നാളത്തെ നമ്മുടെ ആരോഗ്യം.


ഡോ. ശ്രീജിത്ത് എന്‍ കുമാര്‍

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം.
First published: April 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...