• HOME
 • »
 • NEWS
 • »
 • life
 • »
 • HEALTH MAY 16 NATIONAL DENGUE AWARENESS DAY DRY DAY TOMORROW IN KERALA

മേയ് 16: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും മുന്നിട്ടിറങ്ങണം.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചു കോടിയോളം ആളുകള്‍ക്ക് ഡെങ്കിപ്പനി പിടിപെടുന്നതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. കേരളത്തിലും രോഗവ്യാപനം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നു വരുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലും ഇനി വരുന്ന കാലവര്‍ഷവും കൂടി കണക്കിലെടുത്ത് വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങേണ്ടതാണ്. ഇതിനായി സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  ഡെങ്കിപ്പനി വ്യാപിച്ച മുന്‍ വര്‍ഷങ്ങളില്‍ കണ്ടെത്തിയ പഠനത്തില്‍ വീടുകള്‍ക്കുള്ളിലും ചുറ്റുവട്ടത്തുമാണ് ഏറ്റവും കൂടുതല്‍ കൊതുവിന്റെ ഉറവിടങ്ങള്‍ കണ്ടെത്തിയത്. അതിനാല്‍ ഈ വര്‍ഷം വീട്ടിനുള്ളിലും വീടിന്റെ പരിസരത്തും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

  'ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗാതുരത പരമാവധി കുറച്ചു കൊണ്ടുവരുന്നതിനും മരണം പൂര്‍ണമായി ഇല്ലാതാകുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യമായ ലക്ഷ്യം.

  എന്താണ് ഡെങ്കിപ്പനി?

  ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലികൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.

  ഡെങ്കിപ്പനി പകരുന്നതെങ്ങനെ?

  കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗമുണ്ടാക്കുന്നത്. രോഗവാഹകരായ കൊതുക് കടിച്ച ഏകദേശം 3 മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

  ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍

  രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരിലും സാധാരണ വൈറല്‍ പനി പോലെയുള്ള ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക. ആകസ്മികമായി ഉണ്ടാവുന്ന കടുത്ത പനി, തലവേദന, കണ്ണിനുപുറകില്‍ വേദന, പേശികളിലും, സന്ധികളിലും വേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പുകള്‍, എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.

  സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമെ കഠിനമായ തുടര്‍ച്ചയായ വയറുവേദന, മൂക്ക്, വായ, മോണ, എന്നിവയില്‍ കൂടിയുള്ള രക്ത സ്രാവം, രക്തത്തോടുകൂടിയോ അല്ലാതെയോയുള്ള ഛര്‍ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍ എന്നിവ ഗുരുതരമായ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

  ഡെങ്കിപ്പനിയുടെ ചികിത്സ

  സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചതിനാല്‍ മിക്കവാറും പനികളെല്ലാം കോവിഡ് ആണെന്നാണ് പ്രാഥമികമായി സംശയിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ പെയ്യുന്ന ശക്തമായ മഴയും ഇനി വരുന്ന കാലവര്‍ഷവും കണക്കിലെടുത്ത് ഡെങ്കിപ്പനി പ്രതിരോധത്തിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പനിയും മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങളും കണ്ടാല്‍ രോഗി സമ്പൂര്‍ണ വിശ്രമം എടുക്കേണ്ടതാണ്. വീടുകളില്‍ ലഭ്യമായ പാനീയങ്ങള്‍, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ധാരാളമായി കുടിക്കണം. ഇതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.

  കൊതുക് നശീകരണം ഏറെ പ്രധാനം

  കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ കെട്ടിനില്‍ക്കുന്ന തീരെ ചെറിയ അളവിലുളള വെള്ളത്തില്‍പ്പോലും മുട്ടയിട്ട് വളരാനിടയുണ്ട്. അതിനാല്‍ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

  ലോക്ക് ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളില്‍ കൊതുകുകള്‍ ധാരാളമായി മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുക് നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുകയും വേണം.

  ബസ് സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കുത്താടികളെ നശിപ്പിക്കേണ്ടതാണ്.

  ബ്രേക്ക് ദി ചെയിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടേയും കടകളുടെയും മുന്നില്‍ കൈകള്‍ കഴുകുന്നതിനായി സംഭരിച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി കഴുകി വൃത്തിയാക്കേണ്ടതാണ്.

  മാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍, റബ്ബര്‍ മരങ്ങളില്‍ വച്ചിട്ടുളള ചിരട്ടകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.

  വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. ജല ദൗര്‍ലഭ്യമുളള പ്രദേശങ്ങളില്‍ ജലം സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കുക.

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും ആസൂത്രണം ചെയ്യേണ്ടതാണ്. വാര്‍ഡുതല ശുചിത്വ സമിതികള്‍ക്ക് ഇതില്‍ മുഖ്യമായ പങ്കു വഹിക്കാന്‍ കഴിയും.

  കോവിഡ് മഹാമാരിയെ ചെറുത്തു നില്‍ക്കാനുളള വലിയ പ്രവര്‍ത്തനത്തിലാണ് സര്‍ക്കാരും മറ്റു സംവിധാനങ്ങളുമെല്ലാം. ഇതിനിടയിലും പകര്‍ച്ചവ്യാധികള്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധിക്കേണ്ടതുണ്ട്. രോഗ പ്രതിരോധം എന്നത് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കടമയാണെന്ന് തിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
  Published by:Rajesh V
  First published:
  )}