ഒരു പുരുഷന്റെ വണ്ണം ഓരോ 10 സെന്റീമീറ്റര്‍ (നാല് ഇഞ്ച്) കൂടുന്തോറും പ്രോസ്റ്റേറ്റ് കാന്‍സര്‍ (prostate cancer) മൂലമുള്ള മരണ സാധ്യത ഏഴ് ശതമാനം വര്‍ധിക്കുമെന്ന് പഠനം (study). അമിതവണ്ണവും(obesity) പ്രോസ്റ്റേറ്റ് കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ നടത്തിയ ഏറ്റവും വലിയ പഠനമാണിത്. ലോകാരോഗ്യ സംഘടനയുടെ (WHO) അഭിപ്രായത്തില്‍ പുരുഷന്മാരില് ഏറ്റവും സാധാരണയായി കണ്ടുവരുന്ന രണ്ടാമത്തെ അര്‍ബുദമാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. മൊത്തത്തില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന നാലാമത്തെ ക്യാന്‍സറാണിത്. എന്നാല്‍ അമിതവണ്ണവുമായുള്ള അതിന്റെ ബന്ധം അവ്യക്തമായി തുടരുന്നു.
ഈ അപകടസാധ്യതയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഗവേഷകര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പ്രസക്തമായ പഠനങ്ങളും പരിശോധിച്ചു. അതില്‍ 2.5 മില്യണ്‍ പുരുഷന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും യുകെയിലെ 200,000-ത്തിലധികം പുരുഷന്മാരുടെ പുതിയ ഡാറ്റ വിശകലനം ചെയ്യുകയും ചെയ്തു. ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) ഓരോ അഞ്ച് പോയിന്റ് വര്‍ദ്ധിക്കുമ്പോഴും പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച് മരിക്കാനുള്ള സാധ്യത 10 ശതമാനം വര്‍ദ്ധിച്ചുവെന്ന് ബിഎംസി മെഡിസിന് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
പുരുഷന്മാര് അവരുടെ ബിഎംഐയില്‍ നിന്ന് അഞ്ച് പോയിന്റ് കുറച്ചാല്‍, യുകെയില്‍ മാത്രം പ്രതിവര്‍ഷം 1,300 കാന്‍സര്‍ മരണങ്ങള് കുറയുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്കിയ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ന്യൂട്രീഷ്യന്‍ എപ്പിഡെമിയോളജിസ്റ്റ് അറോറ പെരസ്-കൊര്ണാഗോ പറയുന്നത്. പുരുഷന്മാര് ആരോഗ്യകരമായ ഭാരം നിലനിര്‍ത്തണമെന്നും അവര്‍ പറഞ്ഞു.
മൊത്തത്തിലുള്ള ഭാരത്തേക്കാള്‍ വയറിലെ കൊഴുപ്പ് പ്രധാനമായും പ്രോസ്റ്റേറ്റ് കാന്‍സറിന് കാരണമാകുമെന്ന് മുന്‍ ഗവേഷണങ്ങളില്‍ സൂചിപ്പിച്ചിരുന്നുവെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ ശരീരത്തിന്റെ ഏത് ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്നത് എന്നതിന് അത്ര പ്രാധാന്യമില്ലെന്ന് കണ്ടെത്തിയതായും അവര്‍ പറയുന്നു. പൊണ്ണത്തടി നേരിട്ട് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. പെരെസ്-കൊര്ണാഗോ ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ല.
അമിതഭാരമുള്ള പുരുഷന്മാരില് പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടെത്തുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് പെരെസ്-കൊര്ണാഗോ പറഞ്ഞു, അവര്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കാത്തതും ഒരു കാരണമാണ്. അമിതവണ്ണമുള്ള പുരുഷന്മാരുടെ ശരീരത്തില്‍ രക്തത്തിന്റെ അളവ് കൂടുതലാണ്. അതിനാല്‍ പരിശോധന നടത്തുമ്പോള്‍ രക്തത്തില്‍ നിന്ന് ക്യാന്‍സറിനെ സൂചിപ്പിക്കുന്ന തന്മാത്ര ലഭിക്കാനുള്ള സാധ്യത കുറവാണ്. കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ സഹായത്തോടെ നടത്തിയ പഠനം നെതര്‍ലാന്‍ഡിലെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട യൂറോപ്യന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.
അള്‍ട്രാസൗണ്ട് സ്കാന്‍ വഴി പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കേസുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. ഇംപീരിയല്‍ കോളേജ് ലണ്ടന്‍, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.