കൽപ്പറ്റ: വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ഒരാൾ മരിച്ചു. തിരുനെല്ലി ആത്താട്ടുകുന്ന് കോളനിയിലെ 28 വയസുള്ള സുധീഷാണ് മരിച്ചത്. കർണാടകയിലെ ബൈരകുപ്പയിൽ വെച്ചാണ് ഇയാൾക്ക് പനിബാധിച്ചതെന്നാണ് കരുതുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഇയാളെ പരിചരിച്ചവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
എന്താണ് കുരങ്ങുപനി?കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി,വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരും.
ലക്ഷണങ്ങൾശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനിയാണ് കുരങ്ങ് പനിയുടെ പ്രാഥമിക ലക്ഷണം. താഴെ പറയുന്നവ കുരങ്ങുപനിയുടെ മറ്റ് ലക്ഷണങ്ങളാണ്...
തലകറക്കം, ഛര്‍ദ്ദി
കടുത്ത ക്ഷീണം
രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം
ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍
നവംബര്‍ മുതല്‍ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാകാം. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുള്ള സമ്പര്‍ക്കം വഴിയും മനുഷ്യരിലേക്ക് രോഗം പകരും. വളര്‍ത്തു മൃഗങ്ങളില്‍ രോഗം പ്രകടമാകുമ്പോള്‍ തന്നെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളര്‍ത്തുമൃഗങ്ങളിലേക്ക് പകരുന്ന ചെള്ളുകളെ ലേപനങ്ങള്‍ ഉപയോഗിക്കുക വഴി ഫലപ്രദമായി തടയാം.
പ്രതിരോധംകന്നുകാലികളില് 1% വീര്യമുള്ള Flumethrin ലായനി ഉപയോഗിക്കാം. Flupor, Poron എന്നീ പേരുകളില്‍ 50 മി.ലി. കുപ്പികളിലും ഈ മരുന്ന് ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതല്‍ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. സൂര്യപ്രകാശം തട്ടിയാല്‍ തൊലിപ്പുറമേ അലര്‍ജിയാണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതിരാവിലെയോ സന്ധ്യക്കോ ലേപനം പുരട്ടുന്നതാണ് നല്ലത്. ഒരു തവണ മരുന്ന് ഉപയോഗിച്ചാല്‍ 45 ദിവസത്തേക്ക് പ്രയോജനം ലഭിക്കും.
വളര്‍ത്തു നായ്ക്കളില്‍ 12.5% വീര്യമുള്ള Deltamethrin എന്ന മരുന്ന് ഉപയോഗിക്കണം. Butox 12.5% എന്ന പേരില്‍ 15 മി.ലി. കുപ്പികളിലും മരുന്ന് ലഭ്യമാണ്. രണ്ട് മി.ലി. മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നായ്ക്കളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം. രണ്ടാഴ്ച ഇടവേളയിലേ ഇത് ഉപയോഗിക്കേണ്ടതുള്ളൂ. സുല്‍ത്താന്‍ ബത്തേരി, പൂതാടി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി മൃഗാശുപത്രികള്‍ വഴിയും മരുന്ന് വിതരണം ചെയ്യുന്നുണ്ട്.
വനാതിര്‍ത്തിയില്‍ താമസിക്കുന്ന കന്നുകാലി ഉടമസ്ഥരും വളര്‍ത്തു നായ്ക്കള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് ഉപയോഗിക്കണം. വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും അതാത് മൃഗാശുപത്രികളുമായി ബന്ധപ്പെടണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.