ഇന്റർഫേസ് /വാർത്ത /Life / ദിവസവും കാപ്പി കുടിക്കുന്നവർക്ക് സന്തോഷ വാർത്ത, കരൾ രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനം

ദിവസവും കാപ്പി കുടിക്കുന്നവർക്ക് സന്തോഷ വാർത്ത, കരൾ രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കാപ്പി ദിവസവും കുടിക്കുന്ന ആളുകൾക്ക് കാപ്പി കുടിക്കാത്ത ആളുകളേക്കൾ കരൾ രോഗം വരാനുള്ള സാധ്യത 21 ശതമാനം കുറവ്

  • Share this:

കാപ്പി പ്രിയർക്ക് സന്തോഷ വാർത്ത. കരൾ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് ദിവസവും കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് പഠന റിപ്പോർട്ട്. സതാംപ്റ്റൻ സർവകലാശാലയിലെ ഡോ: ഒലിവർ കെന്നഡി അടുത്തിടെ നടത്തിയ ഗവേഷണത്തിലാണ് കാപ്പി ദിവസവും കുടിക്കുന്ന ആളുകൾക്ക് കാപ്പി കുടിക്കാത്ത ആളുകളേക്കൾ കരൾ രോഗം വരാനുള്ള സാധ്യത 21 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്.

കരൾ തകരാറിലാകാനുള്ള പ്രധാന കാരണം കരൾ വീക്കമാണ്. ഇത് കുറയ്ക്കുന്നതിന് കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഹ്‌വോൾ, കഫെസ്റ്റോൾ തുടങ്ങിയ സംയുക്തങ്ങൾ സഹായിക്കുമെന്നാണ് കണ്ടെത്തൽ. ഈ സംയുക്തങ്ങളുടെ ഉയർന്ന അളവ് അടങ്ങിയിരിക്കുന്നതിനാൽ ഗ്രൗണ്ട് കോഫിയാണ് ഏറ്റവും അനുയോജ്യം.

യുകെ ബയോബാങ്ക് പഠനത്തിൽ നിന്ന് ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിൽ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ​ഗവേഷണത്തിൽ പങ്കെടുത്ത 40നും 69 നും ഇടയിൽ പ്രായമുള്ള 494,585ത്തോളം ആളുകൾ കാപ്പി സ്ഥിരമായി കുടിക്കുന്നവരാണ്. മൊത്തം ആളുകളുടെ മുക്കാൽ ഭാഗവും സാധാരണ ദിവസം ശരാശരി രണ്ട് കപ്പ് കാപ്പി കുടിക്കുന്നവരാണെന്ന് കണ്ടെത്തലുകൾ വെളിപ്പെടുത്തി.

‌‌‌

കഴിഞ്ഞ 10 വർഷമായി ശരാശരി 3,600 പേർക്ക് കരൾ രോഗം പിടിപെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിൽ 301 പേർ മരിച്ചു. ബോഡി മാസ് സൂചിക, മദ്യപാനം, പുകവലി തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുക്കുമ്പോഴും കാപ്പി കുടിച്ചവരിൽ കാപ്പി കുടിക്കാത്തവരേക്കാൾ കരൾ രോഗം അഥവാ ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത 20 ശതമാനം കുറവാണെന്ന് പഠനം വെളിപ്പെടുത്തുന്നു.

കാപ്പി കുടിക്കുന്നവരിൽ വിട്ടുമാറാത്ത കരൾ രോഗം മൂലം മരിക്കാനുള്ള സാധ്യത 49% കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്നറിയപ്പെടുന്ന കരളിനെ ബാധിക്കുന്ന ക്യാൻസറിന്റെ അപകടസാധ്യത കാപ്പി കുറയ്ക്കുമെന്നും ​ഗവേഷകർ കണ്ടെത്തി.

കഫീൻ അടങ്ങുന്ന കാപ്പിയുടെ നിത്യേനയുള്ള ഉപയോഗം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും മുമ്പ് ചില പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഫീന് അളവിലധികം ശരീരത്തിലെത്തുന്നത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമത്രേ. രാവിലെ കാപ്പി കൂടിക്കുന്നതിലൂടെ കോർട്ടിസോളിന്റെ ഉൽപാദനം കുറയുകയും ഊർജ്ജത്തിനായി നമ്മൾ കൂടുതലായി കാപ്പിയെ ആശ്രയിക്കേണ്ടി വരികയും ചെയ്യും.

രാവിലെ എഴുന്നേറ്റയുടനെ കാപ്പികുടിക്കുന്നതിനേക്കാൾ 10 മണിക്ക് ശേഷമോ ഉച്ചകഴിഞ്ഞോ കാപ്പി കുടിക്കുന്നതാണ് ഉത്തമം. മണിക്കൂറുകളോളം ഉന്മേഷം പകരാൻ രണ്ട് ഔൺസ് കാപ്പി തന്നെ ധാരാളമാണെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ഉറങ്ങാൻ പോകുന്നതിന് തൊട്ടു മുൻപ് കാപ്പി കുടിക്കരുത്. അഥവാ രാത്രി കാപ്പി കുടിക്കണമെന്ന് നിർബന്ധമുള്ളവർ കിടക്കുന്നതിന് ആറ് മണിക്കൂർ മുൻപ് ആ ദിവസത്തിലെ അവസാന കപ്പ് കാപ്പി കുടിക്കുന്നതാണ് ഉത്തമം. കാരണം കഫീൻ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും.

Summary: Coffee contains compounds such as kahweol and cafestol known to reduce inflammation the main cause of liver damage. Ground coffee is most beneficial as it contains higher levels of these compounds

First published:

Tags: Coffee benefits, Coffee drinkers, Drink coffee