Omicron | കുതിച്ചുയർന്ന് ഒമിക്രോൺ; മൂക്കിൽ നിന്നും സ്രവം ശേഖരിച്ചുള്ള റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണോ?
Omicron | കുതിച്ചുയർന്ന് ഒമിക്രോൺ; മൂക്കിൽ നിന്നും സ്രവം ശേഖരിച്ചുള്ള റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണോ?
ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കുന്നവർ മൂക്കിൽ നിന്നും സ്രവം ശേഖരിക്കുന്നതിന് മുൻപ് തൊണ്ടയിൽ നിന്നുമുള്ള സ്രവം ശേഖരിക്കണമെന്നു യുഎസിലെ ചില ആരോഗ്യ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുകയാണ്. അതിവേഗ വ്യാപനമാണ് ഒമിക്രോണിനെ അപകടകാരിയാക്കുന്നത്. കോവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ആന്റിജൻ റാപ്പിഡ് ടെസ്റ്റുകളെയാണ് ഇപ്പോൾ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത്. കൊവിഡ് 19ന് കാരണമാകുന്ന SARS-CoV-2 വൈറസിൽ നിന്നുള്ള പ്രോട്ടീനുകളെ സാമ്പിളിൽ നിന്ന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് വഴി കണ്ടെത്താൻ കഴിയുന്നു. നിങ്ങളുടെ മൂക്കിൽ നിന്നുള്ള സ്വാബ് അല്ലെങ്കിൽ ഉമിനീർ സാമ്പിൾ നിങ്ങൾക്ക് വീട്ടിൽ വച്ച് തന്നെ ശേഖരിക്കാം. അതിവേഗം പടരുന്ന ഒമിക്രോണിനെ തിരിച്ചറിയാൻ റാപ്പിഡ് ടെസ്റ്റ് ഏറ്റവും ഉത്തമമായാണ് കണക്കാക്കി വരുന്നത് കാരണം PCR പരിശോധനയുടെ ഫലം ലഭിക്കാൻ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കുമെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലം 15 മിനിറ്റിൽ അറിയാൻ സാധിക്കും. എന്നാൽ ഒമിക്രോണിനെ തിരിച്ചറിയാൻ മൂക്കിൽ നിന്നെടുക്കുന്ന ഈ സ്രവം മാത്രം മതിയാകുമോ?
യുഎസ് ശാസ്ത്രജ്ഞന്മാർ അടുത്തിടെ നടത്തിയ പഠനത്തിൽ തെളിഞ്ഞത് ഒമിക്രോൺ ഒരാളുടെ ശരീരത്തിൽ എത്തിയാൽ വൈറസ് അവരുടെ മൂക്കിലേക്ക് എത്തുന്നതിന് മുമ്പ് അവരുടെ തൊണ്ടയിലും ഉമിനീരിലും അണുബാധയുണ്ടാക്കും എന്നാണ്. അതിനാൽ വൈറസ് ബാധയുടെ തുടക്കത്തിൽ മൂക്കിൽ നിന്നുമെടുക്കുന്ന സ്രവ പരിശോധന ഫലപ്രദമാകണമെന്നില്ല. ഒമിക്രോൺ ബാധിച്ച 29 ആളുകളുടെ മൂക്കിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പിസിആർ പരിശോധന ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്നു. പിസിആർ ടെസ്റ്റുകളേക്കാൾ റാപ്പിഡ് ടെസ്റ്റുകൾക്ക് സെൻസിറ്റിവിറ്റി കുറവാണ്. അതായത് മിക്കവാറും റാപ്പിഡ് ടെസ്റ്റുകളിൽ കോവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് പിസിആർ പരിശോധനയുടെ പ്രാധാന്യം ഈ മഹാമാരി സമയത്ത് വർധിക്കുന്നത്.
സമീപ കാലങ്ങളിൽ നടത്തപ്പെട്ട പഠനത്തിന്റെ ഫലമായി യുഎസിലെ ആരോഗ്യ വിദഗ്ധർ ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കുന്നവർ മൂക്കിൽ നിന്നും സ്രവം ശേഖരിക്കുന്നതിന് മുൻപ് തൊണ്ടയിൽ നിന്നുമുള്ള സ്രവം ശേഖരിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. യു കെ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങൾ തൊണ്ടയിലെയും മൂക്കിലേയും സ്രവം പരിശോധിക്കുന്ന ആന്റിജൻ ടെസ്റ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഒമിക്രോൺ വേരിയന്റ് കണ്ടെത്തുന്നതിൽ ആന്റിജൻ ടെസ്റ്റുകൾ എത്രത്തോളം ഫലപ്രദമാണെന്നു അറിയുന്നതിന് പഠനം നടത്തുമെന്ന് ജർമനി വ്യക്തമാക്കിയിട്ടുണ്ട്.
റാപ്പിഡ് ആന്റിജൻ ടെസ്റ്റ് മുഖേന മൂക്കിലെ സ്രവം പരിശോധിക്കുമ്പോൾ അണുബാധയുടെ ആദ്യ ദിവസങ്ങളിൽ ഒരു പക്ഷെ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കില്ല. അതിനാൽ റാപ്പിഡ് ടെസ്റ്റ് തൊണ്ടയിൽ നിന്നുമുള്ള സ്രവം കൂടി പരിശോധിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. എന്നാൽ റാപ്പിഡ് ടെസ്റ്റിനായി തൊണ്ടയിലെ സ്രവം സ്വയം ശേഖരിക്കുന്നത് അപകടകരമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.