ഹൃദ്രോഗികൾക്ക് പുതുജീവനേകാൻ: തൃശൂർ മെഡിക്കൽ കോളേജിലും ഇനി ബൈപ്പാസ് ശസ്ത്രക്രിയ
ഹൃദ്രോഗികൾക്ക് പുതുജീവനേകാൻ: തൃശൂർ മെഡിക്കൽ കോളേജിലും ഇനി ബൈപ്പാസ് ശസ്ത്രക്രിയ
ഒന്നരമാസമായി നെഞ്ചു വേദനമൂലം ബുദ്ധിമുട്ടിലായിരുന്ന വിയ്യൂർ സ്വദേശി 45 വയസുകാരൻ സുനിൽകുമാറാണ് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയം തുറന്നുള്ള ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായത്.
തൃശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയ രോഗികൾക്ക് വേണ്ടി ഹൃദയം തുറന്നുളള ബൈപാസ് ശസ്ത്രക്രിയ ആരംഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഹൃദയ സംബന്ധമായ പരിചരണങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. ഒന്നരമാസമായി നെഞ്ചു വേദനമൂലം ബുദ്ധിമുട്ടിലായിരുന്ന വിയ്യൂർ സ്വദേശി 45 വയസുകാരൻ സുനിൽകുമാറാണ് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയം തുറന്നുള്ള ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായത്.
ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. കൊച്ചുകൃഷ്ണന്റെയും അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ജെയിംസ് ചാക്കോയുടെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ആറ് മണിക്കൂർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പരിശോധനകളിലൂടെ ബൈപാസ് ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് ആഴ്ചയിൽ ഓരോ ശസ്ത്രക്രിയ വീതം ചെയ്യാനുള്ള സംവിധാനമാണ് നിലവിലുള്ളത്. കഴിഞ്ഞ ജൂലൈ മാസത്തിൽ പ്രവർത്തനം ആരംഭിച്ച ശസ്ത്രക്രിയ വിഭാഗത്തിൽ രോഗികൾക്ക് സൗജന്യമായിട്ടാണ് സേവങ്ങൾ ലഭ്യമാകുന്നത്.
കൃത്യമായ പരിശീലനം ലഭിച്ച പത്തു പേരടങ്ങുന്ന ജീവനക്കാരുടെ സംഘമാണ് മെഡിക്കൽ കോളേജിലെ ആദ്യത്തെ ബൈപാസ് ശസ്ത്രക്രിയ വിജയമാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത്. മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ബൈപാസ് ശസ്ത്രക്രിയ നടത്തിയതിനു പിന്നിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് വിഭാഗം നൽകിയ പിന്തുണ വളരെ വലുതാണെന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. കൊച്ചുകൃഷ്ണൻ പറഞ്ഞു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി എത്തുന്ന രോഗികൾക്ക് സാമ്പത്തിക കഷ്ടതകൾ ഇല്ലാതെ മെച്ചപ്പെട്ട സേവനം നൽകാൻ മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന് കഴിയും. സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തി പ്രവർത്തനങ്ങൾ വിപുലമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.