കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്ക് പുറമേ കുഞ്ഞുങ്ങൾ വായിൽ വയ്ക്കാൻ സാധ്യതയുള്ള വസ്തുക്കളെക്കുറിച്ചും മാതാപിതാക്കൾ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കണം. കുട്ടികൾക്ക് കൈയിൽ കിട്ടുന്നതെന്തും വായിൽ വയ്ക്കുന്ന ശീലമുണ്ട്. ഇത് ചിലപ്പോൾ വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. നിങ്ങളുടെ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുള്ള ചില ഭക്ഷ്യവസ്തുക്കൾ ഇതാ. പഴങ്ങൾ, ചോക്ലേറ്റുകൾ, മിഠായികൾ, ബിസ്കറ്റുകൾ, പോപ്കോൺ എന്നീ ഭക്ഷണ സാധനങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ മാതാപിതാക്കൾ അതീവ ശ്രദ്ധ പുലർത്തണം.
പഴങ്ങൾകുട്ടികൾക്ക് വലിയ കഷണങ്ങളാക്കി പഴങ്ങൾ നൽകുന്നത് ഒഴിവാക്കുക. ചെറിയ ചെറിയ കഷണങ്ങളായി പഴങ്ങൾ മുറിച്ചു നൽകുന്നതാണ് നല്ലത്. ഇതുവഴി കഷണം ചവച്ചില്ലെങ്കിലും അവ എളുപ്പത്തിൽ വിഴുങ്ങാൻ കുഞ്ഞുങ്ങൾക്ക് സാധിക്കും. ചോക്ലേറ്റുകൾ, മിഠായികൾ തുടങ്ങിയവയും സമാനമായ രീതിയിൽ ചെറിയ കഷണങ്ങളാക്കി വേണം നൽകാൻ. ഈ ഭക്ഷ്യവസ്തുക്കളെല്ലാം കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് മുമ്പ് ചെറിയ കഷണങ്ങളാണോയെന്ന് ഉറപ്പു വരുത്തുക.
ബിസ്കറ്റ്പഴങ്ങൾക്ക് സമാനമായി, ബിസ്കറ്റും ചെറിയ കഷണങ്ങളായി മുറിച്ച് ആയിരിക്കണം കുഞ്ഞുങ്ങൾക്ക് നൽകേണ്ടത്. ഇതുവഴി ബിസ്ക്കറ്റ് കുഞ്ഞിന് തൊണ്ടയിൽ കുടുങ്ങാതെ എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കും.
പോപ്കോൺപോപ്കോണുകൾക്ക് വലിപ്പം കുറവാണെങ്കിലും കുഞ്ഞുങ്ങൾക്ക് അവ വിഴുങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ പോപ്കോൺ നൽകുമ്പോൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടോ മൂന്നോ കഷണങ്ങളായി മുറിച്ച് ആയിരിക്കണം പോപ്കോൺ നൽകേണ്ടത്.
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് ഒഴിവാക്കുകഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് കുട്ടികളിൽ ചെറുപ്പം മുതലേ നിരുത്സാഹപ്പെടുത്തുക. തൊണ്ടയിൽ ഭക്ഷ്യ വസ്തുക്കൾ കുടുങ്ങുന്നത് കുഞ്ഞുങ്ങളിൽ മാത്രമല്ല മുതിർന്നവരിലും ജീവൻ തന്നെ നഷ്ടപ്പെടുത്താവുന്ന തരത്തിലുള്ള അപകടമാണ്.
ഭക്ഷ്യ വസ്തുക്കൾക്ക് പുറമെ ബട്ടണുകൾ, പേനയുടെ ക്യാപ്, സ്റ്റേഷനറി സാധനങ്ങൾ, നാണയങ്ങൾ തുടങ്ങിയ ചെറിയ വസ്തുക്കൾ കുഞ്ഞുങ്ങളിൽ നിന്ന് അകറ്റി വയ്ക്കേണ്ട വസ്തുക്കളാണ്.
പേരന്റിംഗ് വളരെ കഠിനമായ ഒരു ജോലിയാണ്. കുട്ടികൾ സ്വന്തം കാലിൽ നിൽക്കാനും നടക്കാനും പഠിക്കുന്നത് വരെയുള്ള സമയം മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്. ഈ സമയത്ത് കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാതാപിതാക്കൾ എപ്പോഴും ജാഗ്രത പാലിക്കണം.
കഴിഞ്ഞ ദിവസം മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചിരുന്നു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയായ നിവേദിത ആണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളായിരുന്നു നിവേദിത. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. കുഞ്ഞ് മിക്സ്ചർ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഭക്ഷണ പദാർത്ഥം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചിരുന്നു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ് അൻവേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനാകുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരിശോധനയിൽ മരണം കാരണം കണ്ടത്താനായില്ല. തുടർന്ന് മൃതദേഹം ഞായറാഴ്‌ച പോസ്‌റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ് ശ്വാസനാളത്തിൽ ചെറിയ വണ്ട് കുടുങ്ങി കിടക്കുന്നത് കണ്ടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.