• HOME
  • »
  • NEWS
  • »
  • life
  • »
  • Covid 19 | കോവിഡ് മുക്തരായ രോഗികളിൽ നാഡീസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനം

Covid 19 | കോവിഡ് മുക്തരായ രോഗികളിൽ നാഡീസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനം

പെരിഫറല്‍ ന്യൂറോപ്പതിയുടെ ലക്ഷണങ്ങള്‍ തീവ്രമാകുന്നതിൽ കോവിഡിന് പങ്കുണ്ടെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗവേഷകര്‍ വെളിപ്പെടുത്തി.

  • Share this:
    കോവിഡ് 19 (Covid 19) ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതം മാറ്റിമറിച്ചു. മഹാമാരി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ മോശമായി ബാധിച്ചു. മാത്രമല്ല, കോവിഡ് ബാധിച്ച പലര്‍ക്കും സുഖം പ്രാപിച്ച ശേഷവും മറ്റ് പല സങ്കീര്‍ണതകളും അഭിമുഖീകരിക്കേണ്ടി വന്നു. അടുത്തിടെ, പെരിഫറല്‍ ന്യൂറോപ്പതി (Peripheral Neuropathy) എന്ന നാഡീസംബന്ധമായ സങ്കീര്‍ണ രോഗാവസ്ഥയ്ക്ക് കോവിഡ് 19 കാരണമാകുമെന്ന് ഒരു പഠനം (Study) കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്റ്റഡി ഓഫ് പെയിന്‍ (Indian Association of Study of Pain) എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

    കോവിഡ് 19 ഉം നാഡീസംബന്ധമായ രോഗാവസ്ഥകളും തമ്മിലുള്ള ബന്ധം കണ്ടെത്താനാണ് പഠനത്തിലൂടെ ശ്രമിച്ചത്. 1556 കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്. പെരിഫറല്‍ ന്യൂറോപ്പതിയുടെ ലക്ഷണങ്ങള്‍ തീവ്രമാകുന്നതിൽ കോവിഡിന് പങ്കുണ്ടെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗവേഷകര്‍ വെളിപ്പെടുത്തി. എന്നിരുന്നാലും, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് 90 ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് നാഡീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

    പെരിഫറല്‍ ന്യൂറോപ്പതിയും അതിന്റെ ലക്ഷണങ്ങളും

    എന്താണ് പെരിഫറല്‍ ന്യൂറോപ്പതി?

    തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും ബന്ധിപ്പിക്കുന്ന നാഡിക്ക് തകരാര്‍ സംഭവിക്കുന്ന അവസ്ഥയാണ് പെരിഫറല്‍ ന്യൂറോപ്പതി. തലച്ചോറില്‍ നിന്നും സുഷുമ്‌ന നാഡിയില്‍ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകള്‍ അയയ്ക്കുന്നത് പെരിഫറല്‍ നാഡീവ്യൂഹമാണ്. എന്നിരുന്നാലും പെരിഫറല്‍ നാഡിക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അത് മസ്തിഷ്‌ക സിഗ്നലുകളെ ബാധിക്കുന്നു.

    പെരിഫറല്‍ ന്യൂറോപ്പതിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

    - ശരീരത്തിലെ മരവിപ്പ്, ക്ഷീണം, ബലഹീനത
    - പേശികളില്‍ വേദന
    - ഏകോപനത്തിന്റെ കുറവ്, കാലുകളിലോ കൈകളിലോ ഉണ്ടാകുന്ന ഇക്കിളി
    - ദഹന പ്രശ്‌നങ്ങള്‍
    - മൂത്ര തടസങ്ങള്‍
    - പക്ഷാഘാതം (രോഗതീവ്രത കൂടിയ അവസ്ഥയിൽ)

    പെരിഫറല്‍ ന്യൂറോപ്പതിയുടെ കാരണങ്ങള്‍ എന്തൊക്കെയാണ്?

    രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട്, വിട്ടുമാറാത്ത രോഗങ്ങളുടെ ചരിത്രമുള്ളവരിലാണ് പെരിഫറല്‍ ന്യൂറോപ്പതി സാധാരണയായി കാണപ്പെടുന്നത്. ഇതുകൂടാതെ, നാഡീസംബന്ധമായ തകരാറുകള്‍ക്കുള്ള ഒരു പൊതു കാരണമാണ് പ്രമേഹം. ആകസ്മികമായി ഉണ്ടാകുന്ന പരിക്കുകള്‍, വിഷ പദാര്‍ത്ഥങ്ങളുടെ ഉപഭോഗം, ശരീരത്തിലെ വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവയുടെ കുറവ്, ചില മരുന്നുകളോടുള്ള അലര്‍ജി, മദ്യപാനം എന്നിവ മൂലവും ഇത് സംഭവിക്കാം. കോവിഡിന് ശേഷം നിങ്ങള്‍ക്ക് അസ്വാഭാവികമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

    കോവിഡ് ബാധിച്ചതിന് ശേഷം ആറ് മാസത്തിനുള്ളില്‍ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ വയർ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതായി മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. പിഎസിഎസ് ബാധിച്ച ആളുകള്‍ക്ക് ആറ് മാസത്തിനുള്ളില്‍ ക്ഷീണം, ഓര്‍മ്മക്കുറവ്, മുടി കൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുന്നതായി ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. സാമ്പിള്‍ ഗ്രൂപ്പിന്റെ 76 ശതമാനവും ഈ പിഎസിഎസ് ലക്ഷണങ്ങള്‍ കാണിച്ചു. കൂടാതെ വയറിലെ ഗട്ട് മൈക്രോബയോമും ദീര്‍ഘകാല കോവിഡ് സങ്കീര്‍ണതകളും തമ്മിലുള്ള ബന്ധവും ഈ പഠനത്തില്‍ കണ്ടെത്തി.
    Published by:Sarath Mohanan
    First published: