നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Reliance Foundation| മുംബൈയിലെ പാവപ്പെട്ടവർക്ക് മൂന്ന് ലക്ഷം ഡോസ് കോവിഡ് വാക്സിനുമായി റിലയൻസ് ഫൗണ്ടേഷൻ

    Reliance Foundation| മുംബൈയിലെ പാവപ്പെട്ടവർക്ക് മൂന്ന് ലക്ഷം ഡോസ് കോവിഡ് വാക്സിനുമായി റിലയൻസ് ഫൗണ്ടേഷൻ

    ധാരാവി, വോർലി, കൊളാബ, വഡാല, പ്രതീക്ഷനഗർ, കാമാത്തിപുര, മൻഖുർദ്, ചെമ്പൂർ, ഗോവണ്ടി, ഭാണ്ഡപ് തുടങ്ങിയ പാവപ്പെട്ട വിഭാഗത്തിലെ ആൾക്കാർ ധാരാളമുള്ള പ്രദേശങ്ങളിലാണ് വാക്സിൻ വിതരണം ചെയ്യുക

    Nita Ambani

    Nita Ambani

    • Share this:
      റിലയൻസ് ഫൗണ്ടേഷനും ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനും (BMC) ചേർന്ന് മുംബൈയിലെ 50 ചേരികളിലെ പാവപ്പെട്ട ആളുകൾക്ക് മൂന്ന് ലക്ഷം ഡോസ് കോവിഡ് -19 വാക്സിൻ വിതരണം ചെയ്യും. ധാരാവി, വോർലി, കൊളാബ, വഡാല, പ്രതീക്ഷനഗർ, കാമാത്തിപുര, മൻഖുർദ്, ചെമ്പൂർ, ഗോവണ്ടി, ഭാണ്ഡപ് തുടങ്ങിയ പാവപ്പെട്ട വിഭാഗത്തിലെ ആൾക്കാർ ധാരാളമുള്ള പ്രദേശങ്ങളിലാണ് വാക്സിൻ വിതരണം ചെയ്യുക. സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ (HNRFH) വഴിയാണ് മൂന്ന് മാസം നീളുന്ന വാക്സിൻ ഡ്രൈവ് നടത്തുന്നത്.

      ബിഎംസിയുടെയും (BMC) ബെസ്റ്റിന്റെയും (BEST) സഹകരണത്തോട് കൂടിയാണ് ഈ സ്ഥലങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ എച്ച്എൻആർഎഫ് ഹോസ്പിറ്റൽ അത്യാധുനിക വാഹനം വിന്യസിച്ചിരിക്കുന്നത്. സമൂഹത്തിലെ ദുർബലരായ വിഭാഗങ്ങളുടെ പ്രാഥമികവും പ്രതിരോധവുമായ ആരോഗ്യ പരിപാലന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള എച്ച്എൻആർഎഫ്എച്ചിന്റെ പതിവ് ആരോഗ്യ പരിരക്ഷാ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഇത്തരം മൊബൈൽ വാനുകളും സ്റ്റാറ്റിക് മെഡിക്കൽ യൂണിറ്റുകളും. അടുത്ത ഏതാനും മാസങ്ങളിൽ രാജ്യത്തെ ദരിദ്ര വിഭാഗങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള റിലയൻസ് ഫൗണ്ടേഷന്റെ 'മിഷൻ വാക്സിൻ സുരക്ഷ' സംരംഭത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി.

      "ഓരോ ഇന്ത്യക്കാരനും കഴിയുന്നത്ര വേഗത്തിലും കാര്യക്ഷമമായും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ നമ്മൾ ഒരുമിച്ച് മറികടക്കും. വീണ്ടും നമുക്ക് നല്ല കാലം വരും," റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്സൺ നിത അംബാനി പറഞ്ഞു.

      കഴിഞ്ഞ 16 മാസത്തിനിടയിൽ, റിലയൻസ് ഫൗണ്ടേഷൻ ഇന്ത്യയിലുടനീളം നിരവധി കോവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മെഡിക്കൽ ഓക്സിജൻ വിതരണം, 1 കോടി മാസ്കുകൾ, 7.50 കോടി സൗജന്യ ഭക്ഷണം, 2000ലധികം കോവിഡ് ബെഡുകൾ, ബോധവൽക്കരണ കാമ്പെയ്നുകൾ തുടങ്ങി നിരവധി സംരംഭങ്ങൾ റിലയൻസ് ഫൗണ്ടേഷൻ നടപ്പാക്കിയിട്ടുണ്ട്.

      മിഷൻ വാക്സിൻ സുരക്ഷയ്ക്ക് കീഴിൽ, 10 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ റിലയൻസ് ഗ്രൂപ്പ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും നൽകിയിരുന്നു. രാജ്യത്തുടനീളമുള്ള വിവിധ റിലൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമാണ് 10 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതെന്ന് റിലയൻസ് ഫൌണ്ടേഷൻ മുമ്പ് വ്യക്തമാക്കിയിരുന്നു.

      റിലയൻസ് ഫൌണ്ടേഷൻ ഏപ്രിലിലാണ് മിഷൻ വാക്സിൻ സുരക്ഷയ്ക്ക് തുടക്കം കുറിച്ചത്. ഇന്നുവരെ, യോഗ്യതയുള്ള ജീവനക്കാരിൽ 98 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും നൽകിയിട്ടുണ്ട്. കൂടാതെ സ്ലോട്ട് ബുക്കിംഗ് മുതൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും ജിയോ ഹെൽത്ത് ഹബ് ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തി ഓരോ ജീവനക്കാർക്കും ലഭ്യമാക്കുന്നുണ്ട്.

      Disclaimer: Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.
      Published by:Naveen
      First published:
      )}