കോവിഡ് 19 അനുനിമിഷം എല്ലാവരിലേക്കും പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം അപകടകരമാം വിധം വേഗത്തിലാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ സമയങ്ങളിൽ ആശങ്ക ഉണ്ടാകുമെങ്കിലും അനാവശ്യമായി ചെലുത്തുന്ന സമ്മര്‍ദം.
നിങ്ങൾക് കോവിഡ് പിടിപെടാൻ കാരണമായേക്കാം. അത്ഭുതപ്പെടേണ്ട, 'ആനൽസ് ഓഫ് ബിഹേവിയറൽ മെഡിസിൻ ജേണലിൽ' പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് പകർച്ചവ്യാധിയുടെ ആദ്യ നാളുകളിൽ ഉത്കണ്ഠ, സമ്മര്‍ദം, വിഷാദം എന്നിവ അനുഭവിച്ച ആളുകൾക്ക് കോവിഡ് -19 വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയാതായി പറയുന്നത്. പഠന റിപ്പോർട്ട് പ്രകാരം, കോവിഡ് -19 റിപ്പോർട്ട് ചെയ്ത പലർക്കും പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞതായി വ്യക്തമാക്കുന്നുണ്ട്.
കോവിഡ് -19 മഹാമാരി പടർന്നുപിടിച്ച ആദ്യ നാളുകളിൽ പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാൽ പൊതുവെ ഒറ്റപ്പെടൽ അനുഭവിച്ചിരുന്ന പലർക്കും ലോക്ക്ഡൗൺ ഏല്പിച്ചത് കനത്ത ആഘാതമാണ്. അവർ കൂടുതൽ ഒറ്റപ്പെടുകയും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുകയും ചെയ്തു. അത് അവരുടെ മാനസികാരോഗ്യം തകർക്കാൻ തന്നെ കാരണമായി. പല സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം നിർദേശിച്ചതോടെ ജോലി സ്ഥലങ്ങളായി വീടുകൾ മാറി. ഇത് ദിനംപ്രതി ആളുകളുടെ മാനസികാരോഗ്യം വഷളാകുന്നതിനുള്ള ഒരു ഘടകമായിത്തീർന്നു. നിരാശയും ക്ഷീണവും സമ്മർദ്ദവും ഉടലെടുത്തു.
നോട്ടിംഗ്ഹാം സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ കവിത വേദരയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സമ്മർദം, ഒറ്റപ്പെടൽ, നിരാശ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണോ എന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനം നടത്തിയത്. പകർച്ചവ്യാധിയുടെ തുടക്കത്തിൽ സമ്മർദ്ദമോ ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെട്ട ആളുകൾക്ക് തുടർന്ന് കോവിഡ് -19 ബാധിച്ചു എന്നും മറ്റുള്ളവരെ അപേക്ഷിച്ച് അവർ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു എന്നും പഠനത്തിൽ വ്യക്തമായതായി കവിത വേദര പറയുന്നു.
Netra Suraksha| നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ? നിങ്ങളുടെ കാഴ്ചയുടെ കാര്യത്തിൽ ശ്രദ്ധകാണിക്കൂ
പകർച്ചവ്യാധിയുടെ സമയത്തെ മാനസികാരോഗ്യ വശങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് ഈ പഠനത്തിലേക്ക് നയിച്ചത്. പകർച്ചവ്യാധിക്കൊപ്പം ജീവിക്കേണ്ടി വരുന്ന സമൂഹത്തിനുണ്ടാകുന്ന അനന്തര ഫലങ്ങൾ മാത്രമല്ല ഇവ. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ SARS-CoV-2 ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളും ആയിരിക്കാം എന്ന് പഠനം പറയുന്നു എന്ന് കവിത വേദര വ്യക്തമാക്കി.
Health Benefits of Tulsi | ഔഷധ സസ്യങ്ങളിലെ രാജ്ഞി; തുളസിയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ
പ്രൊഫസർ കവിത വേദരയുടെ ഗവേഷക സംഘത്തിൽ ലണ്ടനിലെ കിംഗ്സ് കോളേജിലെ കോഗ്നിറ്റീവ് ബിഹേവിയറൽ സൈക്കോതെറാപ്പി പ്രൊഫസർ ട്രൂഡി ചാൽഡർ, ന്യൂസിലാന്റിലെ ഓക്ക്ലൻഡ് സർവകലാശാലയിലെ പ്രൊഫസർ എന്നിവരും ഉൾപ്പെടുന്നു. 1,100 പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് 2020 ഏപ്രിലിലാണ് പഠനം നടത്തിയത്. ശ്വാസകോശ രോഗങ്ങൾക്ക് മാനസിക ഘടകങ്ങൾ കാരണമാകുമെന്ന് നേരത്തെ തന്നെ വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്ന് പ്രൊഫസർ ട്രൂഡി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.