• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

സ്വാശ്രയ വിവാദത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് ഡോക്ടര്‍മാരുടെ വിശ്വാസ്യതയോ?


Updated: April 16, 2018, 6:21 PM IST
സ്വാശ്രയ വിവാദത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് ഡോക്ടര്‍മാരുടെ വിശ്വാസ്യതയോ?

Updated: April 16, 2018, 6:21 PM IST
തിരുവനന്തപുരം: കരുണ - കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പിന്‍വാതില്‍ പ്രവേശനം ക്രമപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് കോടതി തടയിട്ടതിനു പിന്നാലെ നിലവില്‍ സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ യോഗ്യതയും പ്രാവീണ്യവും സംബന്ധിച്ചും സംശയമുയരുന്നു.

സ്വന്തം ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുക്കളായതിനാല്‍ സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവര്‍ ഒരുപോലെ വിശ്വസിക്കുന്ന വിഭാഗമാണ് ഡോക്ടര്‍മാരുടേത്. വിശ്വാസത്തിന് അനുസരിച്ചുള്ള നിലയും വിലയും സമൂഹം ഡോക്ടര്‍മാര്‍ക്ക് കല്പിച്ചു നല്‍കിയിട്ടുമുണ്ട്.

എന്നാല്‍, കരുണ-കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ച വിവാദം ഡോക്ടര്‍മാരുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.
Loading...

പൊതുസമൂഹത്തിന്റെ ഗുരുതര ആശങ്ക ഡോക്ടര്‍മാര്‍ക്കും ബോധ്യമായെന്നതാണ് ഇതിനെതിരെ രംഗത്തെത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെയും പ്രേരിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരെ സൃഷ്ടിക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നാണ് മലപ്പുറത്തു ചേര്‍ന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യപ്പെട്ടത്. ഇതിലൂടെ കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് നിലവാരത്തകര്‍ച്ച ഉണ്ടായെന്ന് അസോസിയേഷന്‍ തുറന്നു സമ്മതിക്കുകയാണ്.

എംബിബിഎസ് പോലുള്ള കോഴ്സുകളില്‍ മികച്ച വിദ്യാര്‍ഥികള്‍ കടന്നുവന്നിരുന്നതു കൊണ്ടാണ് കേരളത്തിലെ ഡോക്ടര്‍മാര്‍ ഉന്നത നിലവാരം കാത്തുസൂക്ഷിച്ചിരുന്നത്. എന്നാല്‍, മെറിറ്റ് അട്ടിമറിക്കപ്പെടുകയും മെഡിക്കല്‍ വിദ്യാഭാസം കച്ചവട ചരക്കാകുകയും ചെയ്യുന്നത് കേരള മോഡല്‍ നില നിര്‍ത്തുവാന്‍ ഒട്ടും സഹായകരമാവില്ലെന്നും അസോസിയേഷന്‍ വിലയിരുത്തുന്നു.

നൂറില്‍പ്പരം കുട്ടികളുടെ ഭാവി ഓര്‍ത്തു ഉല്‍കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്ന ആയിരകണക്കിന് മെറിറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടതും കാണേണ്ടതുണ്ട്. കരുണ കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാരും പ്രതിപക്ഷവും നിലപാട് തിരുത്താന്‍ തയാറാകണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ ഇകെ ഉമ്മറും സെക്രട്ടറി ഡോ എന്‍ സുല്‍ഫിയും ആവശ്യപ്പെട്ടു.

കേരളത്തില്‍ മറ്റേതൊരു സേവന മേഖലയ്ക്കും അപ്പുറമാണ് ആശുപത്രികളുടെ പ്രവര്‍ത്തനം. ജീവിതശൈലി മാറുകയും രോഗങ്ങളുടെയും രോഗികളുടെയും എണ്ണം കൂടുകയും ചെയ്തതോടെ സ്പെഷാലിറ്റി ആശുപത്രികള്‍ സംസ്ഥാനത്തെ ലാഭ വ്യവസായമായി മാറിയിട്ടുണ്ട്. എന്നാല്‍, പണം നല്‍കി ചികിത്സ തേടുന്ന രോഗിക്ക് തനിക്കു മുന്നിലെത്തുന്ന ഡോക്ടറുടെ യോഗ്യതയോ മികവോ അറിയാനുള്ള സംവിധാനം ഇന്നു സംസ്ഥാനത്ത് നിലവിലില്ല. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് ഏതായാലും അതു കഴിക്കുകയെന്ന നിസഹായാവസ്ഥയിലാണ് രോഗികള്‍ പുത്തന്‍ രോഗങ്ങളുമായി ആശുപത്രി വിടുന്നത്.

സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള രോഗിയുടെ അമിത ഉത്കണ്ഠയും മരണഭയവും ഡോക്ടറിലുള്ള വിശ്വാസവുമാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ഡോക്ടര്‍മാരും ചൂഷണം ചെയ്യുന്നത്. കേരളത്തിലെ സ്വാശ്രയ കോളജുകളില്‍ ലക്ഷങ്ങള്‍ കോഴ നല്‍കി പിന്‍വാതിലിലൂടെ എംബിബിഎസ് പ്രവേശനം കരസ്ഥമാക്കിയവരാണോ തങ്ങളെ പരിശോധിക്കുന്ന ഡോക്ടര്‍മാരെന്ന ഭയത്തിന്റെ വിത്താണ് സത്യത്തില്‍ സ്വാശ്രയവിവാദം കേരളജനതയുടെ മനസില്‍ പാകിയിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കും ഡോക്ടര്‍മാരുടെ യോഗ്യത പ്രശ്നമാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. പരീക്ഷ എഴുതാതെ നിയമനം നല്‍കാമെന്ന് അറിയിച്ചിട്ടും പത്തു വര്‍ഷത്തിലേറെയായി ആശുപത്രികളിലുണ്ടായ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല.

സ്വാശ്രയ കോളജുകളില്‍ നിന്നുള്‍പ്പെടെ പഠിച്ചിറങ്ങിയവരെ നിയമിച്ചാണ് ഈ ഒഴിവ് നികത്തിയിരിക്കുന്നത്. കൂടുതല്‍ അപേക്ഷകരില്ലാത്തതിനാല്‍ ഇത്തരത്തില്‍ നിയമനം ലഭിച്ചവരുടെ വിശ്വാസ്യതയും സംശയനിഴലിലാണ്. സ്വകാര്യ ആശുപത്രികളിലാകട്ടെ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കിയാണ് ചികിത്സ തേടുന്നതെങ്കിലും ഡോക്ടര്‍മാര്‍ യോഗ്യരാണോ എന്നു രോഗികള്‍ക്കു മനസിലാക്കാന്‍ സംവിധാനവുമില്ല.

പൗരാവകാശ രേഖകളും അറിയാനുള്ള അവകാശവും രാജ്യത്തെ നിയമങ്ങള്‍ ഉറപ്പു നല്‍കുമ്പോള്‍ ആരോഗ്യരംഗത്തെ നിഗൂഢതയും തട്ടിപ്പുമൊക്കെ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്.

 
First published: April 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍