• HOME
  • »
  • NEWS
  • »
  • life
  • »
  • Sitting | ഒരിടത്ത് തന്നെ ആറേഴുമണിക്കൂർ ഇരിക്കാറുണ്ടോ? സൂക്ഷിക്കണമെന്ന് പഠനം

Sitting | ഒരിടത്ത് തന്നെ ആറേഴുമണിക്കൂർ ഇരിക്കാറുണ്ടോ? സൂക്ഷിക്കണമെന്ന് പഠനം

8 മുതൽ 9 മണിക്കൂർ വരെയൊക്കെ ഒരേ ഇരിപ്പ് ഇരിക്കുന്നത് നിങ്ങളുടെ ചലനശേഷി ഗണ്യമായി കുറയ്ക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനം പറയുന്നു.

(Representative Image)

(Representative Image)

  • Share this:
    സ്ഥിരമായി വ്യായാമം ചെയ്യാത്തത് പൊണ്ണത്തടിക്ക് (obesity) കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധരും ഫിറ്റ്നസ് പ്രേമികളും അടക്കം പലരും പറഞ്ഞു കേട്ടിട്ടുള്ള കാര്യമാണ്. എന്നാൽ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നത് പുകവലി പോലെ തന്നെ അപകടകരമായ ഒരു കാര്യമാണെന്ന് നിങ്ങളിൽ എത്ര പേർക്കറിയാം? 8 മുതൽ 9 മണിക്കൂർ വരെയൊക്കെ ഒരേ ഇരിപ്പ് ഇരിക്കുന്നത് നിങ്ങളുടെ ചലനശേഷി ഗണ്യമായി കുറയ്ക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനം പറയുന്നു. ദീർഘനേരം ഇരിക്കുന്നത് അകാല മരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും 2017-ൽ അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ (Annals of Internal Medicine) പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.

    ഉദാസീനമായ ജീവിതശൈലി മരണനിരക്കും ആശുപത്രിവാസവും എങ്ങനെ വർദ്ധിപ്പിക്കുന്നു എന്നതു സംബന്ധിച്ച കണക്കുകൾ ഗവേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. മുതിർന്നവർ 150 മിനിറ്റ് (2 മണിക്കൂർ 30 മിനിറ്റ്) ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് പഠനം നിർദേശിക്കുന്നത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചിലതരം ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. എങ്കിലും വ്യായാമവും ഉദാസീനമായ ജീവിതശൈലിയും ഓരോ മനുഷ്യനെയും അപേക്ഷിച്ച് വ്യത്യസ്തപ്പെട്ടിരിക്കും എന്നും പഠനം പറയുന്നു. പതിവായി വ്യായാമം ചെയ്യുന്ന ആളുകൾ ദിവസത്തിന്റെ ബാക്കി ഭാ​ഗം ഉദാസീനമായി ചെലവഴിക്കുകയാണെങ്കിൽ അതുകൊണ്ട് അർഥമില്ല.

    30 മിനിറ്റോ അതിൽ കൂടുതലോ ഒരേ ഇരിപ്പ് ഇരിക്കുന്നവരെ അപേക്ഷിച്ച് 30 മിനിറ്റിൽ താഴെ ഇരിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങളും മരണനിരക്കും 55% കുറവായിരിക്കുമെന്നും ​ഗവേഷണത്തിൽ പറയുന്നു. 90 മിനിറ്റിൽ കൂടുതൽ ഒരേ ഇരിപ്പ് ഇരിക്കുന്നവർക്ക് 90 മിനിറ്റിൽ താഴെ ഇരിക്കുന്നവരെ അപേക്ഷിച്ച് നേരത്തെയുള്ള മരണ സാധ്യത ഏകദേശം ഇരട്ടിയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

    പ്രതിദിനം 13 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നവരിൽ 11 മണിക്കൂറിൽ താഴെ ഇരിക്കുന്നവരേക്കാൾ, മരണത്തിനും മറ്റ് രോഗങ്ങൾക്കും 200% കൂടുതൽ സാധ്യതയുണ്ടെന്നും പഠനം കണ്ടെത്തി.

    ഒരുപാട് നേരം ഇരിക്കുമ്പോൾ ശരീരത്തിലെ രക്തയോട്ടം മന്ദഗതിയിലാവുകയും ഫാറ്റി ആസിഡുകൾ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. കൂടുതൽ നേരം ഇരിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകുന്നു. അതിനാൽ, ഉദാസീനമായ ജീവിതശൈലി നാമറിയാതെ തന്നെ നമുക്ക് ദോഷകരമായി മാറുകയാണ്.

    ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുകയെന്നത് ഏറ്റവും പ്രധാനമാണ്. അതിനാൽ എന്തെങ്കിലും രോ​ഗങ്ങളോ മറ്റോ ഉള്ളവർ വിദ​​ഗ്ധരുടെ ഉപദേശം സ്വീകരിച്ചു മാത്രം വ്യായാമം ചെയ്യുക. വീട്ടിലെ ചില ജോലികളിൽ ഏർപ്പെട്ടോ വീടിനകത്തു കൂടിയോ അല്ലെങ്കിൽ ഓഫീസിനുള്ളിലോ ഇടനാഴികളിലൂടെയോ പോലും അൽപ സമയം നടക്കാവുന്നതാണ്. തിരക്കേറിയ ദിനചര്യകൾക്കും ജോലികൾക്കുമിടെ വ്യായാമത്തിനായി സമയം ചെലവഴിക്കുന്നത് ചിലർക്കെങ്കിലും സാധിക്കാത്ത കാര്യമാണ്. എലിവേറ്ററുകളും എസ്കലേറ്ററുകളും ഒഴിവാക്കി പടികൾ കയറിയും നടന്നുകൊണ്ട് സംസാരിച്ചും വീട് വൃത്തിയാക്കിയുമൊക്കെ നമ്മൾ പോലും അറിയാതെ നമ്മുടെ ശരീരത്തിന് ഉപകാരപ്രദമാകുന്ന ചില ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതാണ്.
    Published by:Naveen
    First published: