തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം: ചികിത്സക്കായി വിലക്കുറവുള്ള സ്‌റ്റെന്റുമായി ശ്രീചിത്ര

ഇറക്കുമതി ചെയ്യുന്ന രക്തയോട്ടം തിരിച്ചുവിടാന്‍ ഉപയോഗിക്കുന്ന സ്‌റ്റെന്റിന്റെ വില 7-8 ലക്ഷം രൂപ വരെയാണ്. ശ്രീചിത്ര വികസിപ്പിച്ചെടുത്തിരിക്കുന്ന സ്റ്റെന്റുകള്‍ വിപണിയില്‍ എത്തുന്നതോടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു

News18 Malayalam | news18-malayalam
Updated: March 3, 2020, 7:15 PM IST
തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം: ചികിത്സക്കായി വിലക്കുറവുള്ള സ്‌റ്റെന്റുമായി ശ്രീചിത്ര
stent
  • Share this:
തിരുവനന്തപുരം: തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കം ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന സ്‌റ്റെന്റ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. രക്തധമനിയില്‍ വീക്കമുള്ള ഭാഗത്തേക്ക് എത്താത്ത വിധത്തില്‍ രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന സ്റ്റെന്റാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതുവഴി വീക്കമുള്ള ഭാഗത്ത് രക്തക്കുഴല്‍ പൊട്ടുന്നത് തടയാനും വീക്കം ഭേദമാക്കാനും കഴിയും.

ഇന്ത്യയില്‍ ഇത്തരം സ്‌റ്റെന്റുകള്‍ നിര്‍മ്മിക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന രക്തയോട്ടം തിരിച്ചുവിടാന്‍ ഉപയോഗിക്കുന്ന സ്‌റ്റെന്റിന്റെ വില 7-8 ലക്ഷം രൂപ വരെയാണ്. ശ്രീചിത്ര വികസിപ്പിച്ചെടുത്തിരിക്കുന്ന സ്റ്റെന്റുകള്‍ വിപണിയില്‍ എത്തുന്നതോടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കത്തിന് പ്രധാനമായും നാല് ചികിത്സകളാണുള്ളത്. ശസ്ത്രക്രിയ, പ്ലാറ്റിനം പോലുള്ള ലോഹങ്ങളുടെ ചുരുളുകള്‍ സ്ഥാപിക്കല്‍, ദ്രവരൂപത്തിലുള്ള പോളിമര്‍ സ്ഥാപിക്കല്‍, രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന സ്റ്റെന്റ് സ്ഥാപിക്കല്‍ എന്നിവയാണ് അവ. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആദ്യ മൂന്ന് ചികിത്സാരീതികള്‍ക്കും അതിന്റേതായ പോരായ്മകളുണ്ട്. എന്നാല്‍ സ്‌റ്റെന്റ് സ്ഥാപിച്ച് രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിട്ട് നടത്തുന്ന ചികിത്സ താരതമ്യേന അപകടരഹിതവും മികച്ച ഫലം നല്‍കുന്നതുമാണ്.

രക്തക്കുഴലുകളുടെ ആന്തരിക പേശികള്‍ ദുര്‍ബലമാകുന്നതിന്റെ ഫലമായാണ് രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാകുന്നത്. വിങ്ങിയഭാഗം പൊട്ടി തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നത് പക്ഷാഘാതം, അബോധാവസ്ഥ മരണം എന്നിവയ്ക്ക് കാരണമാകാം.

ചെസ് ബോര്‍ഡിന്റെ മാതൃകയിലാണ് ശ്രീചിത്ര സ്റ്റെന്റിന്റെ ഇഴകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചുരുങ്ങിപ്പോവുകയോ വളച്ചാല്‍ പൊട്ടിപ്പോവുകയോ ഇല്ലെന്നതാണ് ഈ രൂപകല്‍പ്പനയുടെ പ്രധാന സവിശേഷത. മാത്രമല്ല സ്റ്റെന്റിന്റെ വഴക്കത്തിന് കാര്യമായ കുറവ് വരുകയുമില്ല. സ്ഥാപിക്കുന്ന സ്ഥലത്ത് ഉറച്ചിരിക്കാനും ഈ രൂപകല്‍പ്പന സ്റ്റെന്റിനെ സഹായിക്കും.

Also read: ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; പെൺകുഞ്ഞിന് ജന്മം നൽകി ബാങ്ക് ജീവനക്കാരി

സ്റ്റെന്റില്‍ ഉപയോഗിച്ചിരിക്കുന്ന വലിയ കമ്പികളുടെ ഒരുഭാഗം നീക്കം ചെയ്ത് അവിടെ വികരണങ്ങളെ കടത്തിവിടാത്ത പദാര്‍ത്ഥം നിറച്ച കുഴല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് എക്‌സറേ, ഡിഎസ്എ ഫ്‌ളൂറോസ്‌കോപ്പി എന്നിവയില്‍ സ്റ്റെന്റ് കൃത്യമായി കാണാനാകും. രക്തക്കുഴലില്‍ വീക്കമുള്ള ഭാഗത്ത് കൃത്യമായി സ്റ്റെന്റ് സ്ഥാപിക്കാന്‍ സഹായിക്കുന്ന സംവിധാനവും ഇതോടൊപ്പം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ബംഗളൂരുവിലെ നാഷണല്‍ എയ്‌റോസ്‌പെയ്‌സ് ലബോറട്ടറീസിന്റെ നിറ്റിനോള്‍ കമ്പികള്‍ ഉപയോഗിച്ചാണ് സ്‌റ്റെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്റ്റെന്റിനും അത് സ്ഥാപിക്കുന്നതിനുള്ള സംവിധാനത്തിനും പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് (ഡിഎസ്ടി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്രയിലെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസ് എന്ന പ്രോജക്ടിലൂടെ ഡിഎസ്ടി നല്‍കിയ ഫണ്ടില്‍ കൂടിയാണ് രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന സ്‌റ്റെന്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഡോ. സുജേഷ് ശ്രീധരന്‍ (എന്‍ജിനീയര്‍ എഫ്, ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്, ബിഎംടി വിങ്), ഡോ. ജയദേവന്‍ ഇ ആര്‍ (അഡീഷണല്‍ പ്രൊഫസര്‍, ഇമേജിംഗ് സയന്‍സസ് & ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി), ഡോ. സന്തോഷ് കുമാര്‍ കെ (അഡീഷണല്‍ പ്രൊഫസര്‍, ഇമേജിംഗ് സയന്‍സസ് & ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി), ശ്രീ. മുരളീധരന്‍ സി.വി (സയന്റിസ്റ്റ് ജി- സീനിയര്‍ ഗ്രേഡ്, ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്, ബിഎംടി വിങ്), എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌റ്റെന്റും ഇത് സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഈ ഉപകരണം വ്യവസായികള്‍ക്ക് കൈമാറുകയും, അവരുമായി ചേര്‍ന്ന് മൃഗങ്ങളിലും മനുഷ്യരിലുമുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ശേഷം അതിന്റെ ഫലങ്ങള്‍ അനുസരിച്ചും, അനുമതി ലഭ്യമാകുന്നതിന്റെയും അടിസ്ഥാനത്തില്‍ കമ്പനി ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യും.
First published: March 3, 2020, 7:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading