ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് (Fat) പുരുഷന്മാരിലും (Men) സ്ത്രീകളിലും (Women) പ്രമേഹത്തിന്റെ (Diabetes) തുടക്കത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്ന് അടുത്തിടെ ഒരു സംഘം ഗവേഷകർ പരിശോധിച്ചിരുന്നു. ഈ പഠനത്തിലെ ചില കണ്ടെത്തലുകൾ 'ഒബിസിറ്റി റിവ്യൂസ്' (Obesity Reviews) എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോൺകോർഡിയ ഗവേഷകരായ കെറി ഡെലാനിയും സിൽവിയ സാന്റോസയും ചേർന്ന് നടത്തിയ പഠനത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊഴുപ്പ് കോശങ്ങൾ (Fat Tissues) പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് പരിശോധിച്ചു. കൊഴുപ്പ് എങ്ങനെ പ്രവർത്തിക്കുന്നു, ഇത് പ്രമേഹത്തിന്റെ തുടക്കത്തിന് കാരണമാകുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ധാരണയ്ക്കായി 200 ഓളം ശാസ്ത്രീയ പ്രബന്ധങ്ങൾ ഗവേഷകർ വിശകലനം ചെയ്തു.
"പ്രമേഹം എങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് നിരവധി വ്യത്യസ്ത സിദ്ധാന്തങ്ങളുണ്ട്, കൂടാതെ ഞങ്ങൾ പരിശോധിച്ചത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ കൊഴുപ്പ് രോഗസാധ്യതയ്ക്ക് വ്യത്യസ്ത കാരണങ്ങളായി മാറുന്നത് എങ്ങനെയെന്നാണ്" കോൺകോർഡിയയുടെ പെർഫോം സെന്ററിലെ പിഎച്ച്ഡി കാൻഡിഡേറ്റും പ്രബദ്ധത്തിന്റെ പ്രധാന രചയിതാവുമായ കെറി ഡെലാനി പറഞ്ഞു. കൊഴുപ്പ് അടിഞ്ഞു കൂടുന്ന വ്യത്യസ്ത ശരീരഭാഗങ്ങൾ രോഗത്തിന്റെ വികസനത്തിന് എങ്ങനെ കാരണമാകുന്നു എന്നതാണ് പ്രധാന ചോദ്യം, ഇത് പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമാണോ?"
പുരുഷന്മാരും സ്ത്രീകളും ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലാണ് കൊഴുപ്പ് സംഭരിക്കുന്നത്. മറ്റ് പല രോഗങ്ങളെയും പോലെ പ്രമേഹവും വയറിലെ കൊഴുപ്പുമായി അടുത്ത ബന്ധമുള്ള രോഗാവസ്ഥയാണ്. സ്ത്രീകളുടെ ശരീരത്തിൽ കൊഴുപ്പ് ചർമ്മത്തിനടിയിലാണ് അടിഞ്ഞു കൂടുന്നത്. സബ്ക്യുട്ടേനിയസ് കൊഴുപ്പ് (subcutaneous fat) എന്നാണ് ഇത് അറിയപ്പെടുന്നത്. പുരുഷന്മാരിൽ, വയറിലെ കൊഴുപ്പ് അവയവങ്ങൾക്ക് ചുറ്റുമാണ് ശേഖരിക്കപ്പെടുന്നത്. ഇത് വിസറൽ കൊഴുപ്പ് (visceral fat) എന്നാണ് അറിയപ്പെടുന്നത്.
കൊഴുപ്പ് പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത സവിശേഷതകൾ പ്രകടിപ്പിക്കുന്നതായും ഗവേഷകർ പറയുന്നു. അവ വളരുന്നതും കുറയുന്നതും രോഗപ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്നതുമൊക്കെ വ്യത്യസ്ത രീതിയിലാണ്. സ്ത്രീകളിൽ, കൊഴുപ്പ് കോശങ്ങൾ അഥവാ ഫാറ്റ് ടിഷ്യൂ വേഗത്തിൽ വർദ്ധിക്കുന്നു. സ്ത്രീകളിൽ ആർത്തവവിരാമത്തോടെ ഈസ്ട്രജൻ എന്ന സംരക്ഷിത ഹോർമോൺ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ ആർത്തവ വിരാമത്തിന് ശേഷമാകാം സ്ത്രീകളിൽ പ്രമേഹ സാധ്യത വർദ്ധിക്കുന്നത്. എന്നാൽ പുരുഷന്മാർ പ്രായം കുറവായിരിക്കുമ്പോൾ തന്നെ പ്രമേഹത്തിന് കീഴടങ്ങാറുണ്ട്.
പുരുഷന്മാരിലെ വിസറൽ കൊഴുപ്പും സ്ത്രീകളിലെ സബ്ക്യുട്ടേനിയസ് കൊഴുപ്പും വർദ്ധിക്കുന്നതാണ് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതെന്ന അനുമാനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്. കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹസാധ്യതകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതിലൂടെ, രോഗത്തിന്റെ ചികിത്സയ്ക്ക് പഠനം സഹായകമാകുമെന്ന് ഡെലാനിയും സാന്റോസയും പ്രതീക്ഷിക്കുന്നു.
"നിലവിൽ, പ്രമേഹ ചികിത്സ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെയാണ്," പഠത്തിലെ സഹ രചയിതാവായ സാന്റോസ പറഞ്ഞു, "എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കിയാൽ, ചികിത്സകൾ ശുപാർശ ചെയ്യുന്നതിലും മാറ്റം വരുത്താം, സാന്റോസ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diabetes, Diabetes tips