• HOME
  • »
  • NEWS
  • »
  • life
  • »
  • Bacteria | കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? ടോയ്ലറ്റ് സീറ്റിലുള്ളതിനെക്കാൾ ബാക്ടീരിയ കാറിലുണ്ടാകാമെന്ന് പഠനം

Bacteria | കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? ടോയ്ലറ്റ് സീറ്റിലുള്ളതിനെക്കാൾ ബാക്ടീരിയ കാറിലുണ്ടാകാമെന്ന് പഠനം

കാറുകളുടെ ഡാഷ്ബോർഡ്, ഗിയർഷിഫ്റ്റ് എന്നിവിടങ്ങളിൽ ടോയ്ലറ്റ് സീറ്റിലുള്ളതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ ഉണ്ടെന്ന് ഗവേഷകർ.

  • Share this:
    നമ്മുടെ കാറുകളുടെ (Car) ഡാഷ്ബോർഡ് (Dash board), ഗിയർഷിഫ്റ്റ് എന്നിവിടങ്ങളിൽ ടോയ്ലറ്റ് (Toilet) സീറ്റിലുള്ളതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ (Bacteria) ഉണ്ടെന്ന് ഗവേഷകർ. കാറിന്റെ ഉൾഭാഗം ടോയ്ലറ്റിനേക്കാൾ കൂടുതൽ രോഗാണുബാധകളുള്ള സ്ഥലമാണെന്നാണ് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ ആസ്റ്റൺ സർവകലാശാലയുടെ ഗവേഷണ ഫലം പറയുന്നത്. കാറുകളുടെ ഡിക്കിയും ഡ്രൈവർ സീറ്റും ഏറ്റവും കൂടുതൽ ബാക്ടീരിയകളുള്ള ഭാഗങ്ങളാണെന്നാണ് പഠനം വ്യക്തമാക്കുന്നു. ഈ ഭാഗങ്ങളിൽ നിന്ന് മലമൂത്രവിസർജ്ജ്യത്തിലുള്ള ബാക്ടീരിയകളെപോലും കണ്ടെത്തിയിട്ടുണ്ട്.

    പ്രൈസ് കംപാരിസൺ വെബ്സൈറ്റായ 'സ്‌ക്രാപ്പ് കാർ കംപാരിസണിന്റെ' റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കാറിന്റെ ട്രങ്കിലും (1,425 ബാക്ടീരിയകളെ കണ്ടെത്തി) ഡ്രൈവർ സീറ്റിലും (649) ആണ് ബാക്ടീരിയകളെ ഏറ്റവും കൂടുതൽ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ കാറിനുള്ളിലെ ഗിയർഷിഫ്റ്റ്, ഡാഷ്ബോർഡ്, പിൻസീറ്റ് എന്നിവിടങ്ങളിലും ഉയർന്ന അളവിൽ ബാക്ടീരിയകളെ കണ്ടെത്തിയിരുന്നു. ഈ ഭാഗങ്ങളിലെല്ലാം വീടുകളിലെ ടോയ്ലറ്റ് സീറ്റിലും ഫ്‌ലഷിലും കാണപ്പെടുന്നതിന് തുല്യമോ അതിലധികമോ ബാക്ടീരികളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.

    ബാക്ടീരിയയുടെ സാന്നിദ്ധ്യം ഏറ്റവും കുറഞ്ഞ കാറിന്റെ ഭാഗം സ്റ്റിയറിംഗ് വീൽ (146 ബാക്ടീരിയ) ആണ്. കോവിഡ് -19 പകർച്ചവ്യാധി കാരണം സമീപകാലത്ത് ഹാൻഡ് സാനിറ്റൈസർ ഉപയോഗം വർദ്ധിച്ചതാണ് ഇവിടെ ബാക്ടീരിയകൾ കുറയാൻ കാരണം. ഇതിൽ ഏറ്റവും കൂടുതൽ ആശങ്കാജനകമായ കാര്യം, ഗവേഷകർ പഠനത്തിനായി തിരഞ്ഞെടുത്ത എല്ലാ കാറുകളിലും ഡിക്കികളിലും, മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു എന്നതാണ്. കൂടാതെ ഡ്രൈവറുടെ സീറ്റിലും മലമൂത്രവിസർജ്ജ്യത്തിൽ കാണുന്ന ബാക്ടീരികളെ കണ്ടെത്തി. കാറിന്റെ പഴക്കവും ബാക്ടീരിയയുടെ അളവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. പഴയ വാഹനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗാണുക്കൾ ഉള്ളത്.

    അതിനാൽ ഡ്രൈവർമാർ തങ്ങളുടെ കാറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഒപ്പം കാറിൽ നിന്ന് ഇറങ്ങുമ്പോൾ കൈകൾ നന്നായി കഴുകുന്നുവെന്ന് ഉറപ്പാക്കുകയും വാഹനത്തിന്റെ തറയിലോ സീറ്റിലോ വീഴുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും വേണം. അതുപോലെ, ഡിക്കിയിൽ വയ്ക്കുന്ന പഴങ്ങളും പച്ചക്കറികളും മറ്റും കഴിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കണം. പ്രത്യേകിച്ചും കാറിലെ സീറ്റുകളുടെയും ഡിക്കിയുടെയും പ്രതലങ്ങളിൽ വയ്ക്കുന്ന വസ്തുക്കൾ വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. കാലക്രമേണ ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ നിങ്ങളുടെ കാർ പതിവായി വൃത്തിയാക്കുന്നതും നല്ലതാണ്.

    കാറുകളിലെ ബാക്ടീരിയ മലിനീകരണത്തിന്റെ അളവ് കണ്ടെത്തുന്നതിനായി - പ്യൂഷോ 307-എസ്ഡബ്ല്യു, വിഡബ്ല്യു ഗോൾഫ്, ഫോർഡ് ഫോക്കസ്, ഹോണ്ട ജാസ്, പ്യൂഷോട്ട് 308 തുടങ്ങിയ കാറുകളാണ് ഗവേഷകർ തിരഞ്ഞെടുത്തത്. ആസ്റ്റൺ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ബയോസയൻസിലെ ഗവേഷകരാണ് പഠനം നടത്തിയത്.
    Published by:Sarath Mohanan
    First published: