മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും (Lifestyle) ഭക്ഷണശീലങ്ങളും കാരണം കുട്ടികളില്‍ പ്രമേഹ രോഗം വര്‍ധിച്ചു വരികയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, കാഴ്ച ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങൾ തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. മെഡിക്കല്‍ ജേര്‍ണലായ ജമാ ഒഫ്താല്‍മോളജിയില്‍ 2021 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം, ടൈപ്പ് 2 പ്രമേഹമുള്ള കുട്ടികള്‍ക്ക് നേത്രരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 22 വയസോ അതില്‍ താഴെയോ പ്രായമുള്ള 525 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ടൈപ്പ് 1 പ്രമേഹത്തേക്കാള്‍ ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഡയബറ്റിക് റെറ്റിനോപ്പതിയുടെ സാധ്യത 88 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയത്.
ടൈപ്പ് 2 ഡയബറ്റിസ് ബാധിച്ചാല്‍ മനുഷ്യശരീരം ഇന്‍സുലിന്‍ പ്രതിരോധ സംവിധാനം നിര്‍മ്മിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമായി വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകള്‍ക്ക് കേടുവരുത്തുകയും ചെയ്യുന്നു. മറ്റൊരു പഠനത്തില്‍ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനാരോഗ്യകരമായ ജീവിതശൈലിയാണ് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള ഒരു പ്രധാന കാരണം. പകര്‍ച്ചവ്യാധി കാരണം കുട്ടികള്‍ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി. വീടിനുള്ളില്‍ തന്നെ കഴിയുകയെന്ന ശീലം അവരില്‍ വളര്‍ന്നു. ഇക്കാരണത്താല്‍, അവരുടെ ശരീര ചലനങ്ങള്‍ കുറഞ്ഞു. അവര്‍ കളിക്കുകയോ ഓടുകയോ ചെയ്യുന്നില്ല. ഇത് അവരുടെ ശരീരത്തെ പ്രവര്‍ത്തനരഹിതമാക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ജങ്ക് ഫുഡുകളുടെയും ലഘുഭക്ഷണങ്ങളുടെയും ഉപയോഗം മൂലം കുട്ടികളില്‍ പൊണ്ണത്തടി പോലെയുള്ള അവസ്ഥകളും വര്‍ദ്ധിക്കുന്നതാണ് ഈ പ്രമേഹരോഗത്തിനുള്ള മറ്റൊരു കാരണം. ഇതിനെല്ലാം പുറമേ, പ്രമേഹം ബാധിക്കുന്നതില്‍ ജനിതകമായ ചില ഘടകങ്ങളുമുണ്ട്. കുടുംബത്തിലെ ആര്‍ക്കെങ്കിലും നേരത്തെ ടൈപ്പ് 2 പ്രമേഹം ഉണ്ടായിരുന്നെങ്കില്‍, കുട്ടികളിലും ആ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഡയബറ്റിക് മാക്യുലര്‍ എഡിമ, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, തിമിരം തുടങ്ങിയ നേത്രരോഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.
പ്രമേഹം മൂലം കണ്ണിന്റെ മക്യുല എന്ന ഭാഗം വീര്‍ക്കുന്ന അവസ്ഥയാണ് ഡയബറ്റിക് മാക്യുലര്‍ എഡിമ. ഇത് ഭാഗിക അന്ധതയിലേക്ക് നയിച്ചേക്കാം. ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച തന്നെ നഷ്ടപ്പെടാം. കണ്ണിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക് നാഡിയെ ഗ്ലോക്കോമ നശിപ്പിക്കുന്നു. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് മൂലം രക്തക്കുഴലുകള്‍ തകരാറിലാകുന്ന ഒരു രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. ആളുകള്‍ക്ക് പ്രായമാകുമ്പോള്‍, അവരുടെ കാഴ്ചശക്തിയുടെ തീവ്രത കുറഞ്ഞുവരുന്നു. പ്രമേഹമുള്ള കുട്ടികള്‍ക്ക് ചെറുപ്പം മുതലേ ഈ പ്രശ്നം നേരിടുന്നു. ഈ രോഗങ്ങളെല്ലാം കണ്ണുകള്‍ക്ക് ഹാനികരവും സ്ഥിരമായ അന്ധതയിലേക്കും നയിച്ചേക്കാം.
അതിനാല്‍, പ്രമേഹം, നേത്രരോഗങ്ങള്‍ എന്നിവയെ തടയാന്‍ മാതാപിതാക്കള്‍ കുട്ടികളെ വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധനയ്ക്ക് കൊണ്ടുപോകണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നേരത്തെ കണ്ടെത്തി കൃത്യസമയത്ത് ചികിത്സിക്കാന്‍ കഴിയും. കുട്ടികളില്‍ ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കും എന്നത് കൂടി ഓര്‍ക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.