പല ആവശ്യങ്ങൾക്കായും രക്തപരിശോധന (Blood Test) നടത്തുന്നവരായിരിക്കും നമ്മളിൽ പലരും. ബ്ലഡ് ഗ്രൂപ്പുകൾ അറിയുക, രോഗങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്തുക തുടങ്ങി പല ആവശ്യങ്ങൾക്കായിട്ടായിരിക്കും പരിശോധനകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ബാക്ടീരിയ ബാധ, വൈറസ് ബാധ തുടങ്ങിയവയൊക്കെ അറിയാനും രക്തപരിശോധന നടത്താറുണ്ട്.
ഒരു ഹൈപ്പോഡെർമിക് സൂചിയുടെ സഹായത്തോടെയാണ് സാധാരണയായി രക്തപരിശോധന നടത്താറുള്ളത്. ഇത്തരം സൂചി ഉപയോഗിച്ച് സിരകളിൽ നിന്ന് രക്തം പുറത്തെടുക്കുകയും പരിശോധിക്കുകയും ചെയ്യുന്നു. കൃത്യമായ ഫലങ്ങൾ ലഭിക്കുന്നതിന്, രക്തപരിശോധനയ്ക്ക് മുമ്പും ശേഷവും ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. താഴെപ്പറയുന്നവയാണ് അവയിൽ ചിലത്:
രക്തപരിശോധനക്ക് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ1. വെള്ളം കുടിക്കുക
ചില രക്തപരിശോധനകൾ നടത്തുന്നതിനു മുൻപ് പരിശോധനക്ക് വിധേയമാകുന്ന ആൾ 8 മുതൽ 12 മണിക്കൂർ വരെ ഉപവാസം അനുഷ്ഠിക്കേണ്ടി വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഊർജം നഷ്ടപ്പെടാതിരിക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. കൂടാതെ, വിശപ്പ് നിയന്ത്രിക്കാനും തലകറക്കം തോന്നാതിരിക്കാനും ഇത് നിങ്ങളെ സഹായിക്കും.
2. നന്നായി ഉറങ്ങുക
രക്തപരിശോധന നടത്തുന്നവർ നന്നായി ഉറങ്ങേണ്ടതും അത്യാവശ്യമാണ്. പരിശോധന നടത്തുന്നതിന് മുൻപുള്ള രാത്രി കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം.അത് നിങ്ങളെ ഊർജസ്വലരും കർമനിരതരും ആക്കും.
3. കഠിന ജോലികൾ ചെയ്യാതിരിക്കുക
രക്തപരിശോധനയ്ക്ക് വിധേയരാകുന്നതിനു മുൻപ് കഠിനമായ ശാരീരികാധ്വാനം ആവശ്യമായ ജോലികൾ ചെയ്യാതിരിക്കുക. നിങ്ങളുടെ ശരീരത്തിന് വിശ്രമിക്കാനും ശാന്തമാക്കാനുമുള്ള അവസരം നൽകുക. ആവശ്യത്തിന് വിശ്രമം ആവശ്യമാണ്. ഇത് രക്തയോട്ടം ക്രമപ്പെടുത്താൻ സഹായിക്കും.
4. ശാന്തരായി ഇരിക്കുക
രക്തപരിശോധന നടത്താനുള്ളവർക്ക് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത് നല്ലതല്ല. ഇത് രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിപ്പിക്കും. ശരീരത്തെ ശാന്തമാക്കി നിർത്തുന്നതിന് രക്തപരിശോധനയ്ക്ക് മുമ്പ് ആഴത്തിൽ ശ്വാസോച്ഛാസം നടത്തുന്നത് നല്ലതാണ്.
5. ഡോക്ടറോട് സംസാരിക്കുക
രക്തപരിശോധന നടത്തുന്നതിന് മുമ്പ് നിങ്ങളുടെ നിലവിലുള്ള മരുന്നുകൾ, ഉപവാസം, മറ്റ് കാര്യങ്ങൾ എന്നിവ സംബന്ധിച്ച് ഒരു ഡോക്ടറുടെ പക്കൽ നിന്നും വിദഗ്ധോപദേശം തേടുന്നതും നല്ലതായിരിക്കും.
6. മദ്യപാനം ഒഴിവാക്കുക
നിങ്ങൾ പതിവായി മദ്യം കഴിക്കുന്നവരാണെങ്കിൽ, രക്തപരിശോധന നടത്തേണ്ടതിന് രണ്ടോ മൂന്നോ ദിവസം മുൻപു മുതൽ അത് ഒഴിവാക്കാൻ ശ്രമിക്കുക.
രക്തപരിശോധനക്ക് ശേഷം ചെയ്യേണ്ട കാര്യങ്ങൾ:1. പരിശോധന കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞാൽ മാത്രം ബാൻഡേജ് നീക്കം ചെയ്യുക
പരിശോധന കഴിഞ്ഞ ഉടൻ തന്നെ ബാൻഡേജ് നീക്കം ചെയ്യാൻ തിടുക്കം കൂട്ടേണ്ട. രക്തം ശരിയായി കട്ടപിടിക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കാത്തിരിക്കുക. അതിനുശേഷം മാത്രം ബാൻഡേജ് നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
2. നീരു വരുന്നുണ്ടോ എന്ന് നോക്കുക
സിറിഞ്ചുകളുടെ ഉപയോഗം ചില ആളുകളിലെങ്കിലും നീർവീക്കത്തിനോ ചതവിനോ കാരണമാകാറുണ്ട് അങ്ങനെ സംഭവിച്ചാൽ ആശങ്കപ്പെടേണ്ടതില്ല. കുറച്ച് ഐസ് പുരട്ടുക. സാവധാനം അത് അപ്രത്യക്ഷമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.