ആരോഗ്യത്തോടെ ഇരിക്കുന്നതിനും ആകർഷകമായ ശരീരം സ്വന്തമാക്കുന്നതിനുമാണ് ആളുകൾ ജിമ്മുകളിലേക്ക് (gym) പായുന്നത്. മസിലുകൾ കൂട്ടാനും കലോറി കുറയ്ക്കാനും സ്ഥിരമായി ജിമ്മിൽ പോകുന്നവർ ധാരാളമാണ്. എന്നാൽ ദീർഘകാലത്തെ വർക്ഔട്ടിന് (Workout) ശേഷവും ചിലപ്പോൾ അവർ ഉദ്ദേശിച്ച രീതിയിൽ ശരീരം ആകർഷകമായെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വ്യായാമത്തിന് ശേഷം ശീലമാക്കേണ്ട (habits) ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
സ്ട്രെച്ചിംഗ് (Stretching)
വ്യായാമം ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് വാം-അപ്പ് ചെയ്യുകയും സ്ട്രെച്ച് ചെയ്യുകയും വേണം. അതുപോലെ വ്യായാമത്തിന് ശേഷം സ്ട്രെച്ച് ചെയ്യുന്നത് പല അപകടസാധ്യതകളും കുറയ്ക്കും. വ്യായാമത്തിന് ശേഷം മുറുകുന്ന ചില പേശികൾ സ്ട്രെച്ചിംഗിലൂടെ അയയ്ക്കാൻ സാധിക്കും. മാത്രമല്ല, നിങ്ങളുടെ ശരീരത്തെ ശാന്തമാക്കാനും സ്ട്രെച്ചിംഗ് സഹായിക്കുന്നു.
നന്നായി ഭക്ഷണം കഴിക്കുക
നന്നായി വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ ഗ്ലൈക്കോജൻന്റെ അളവ് കുറയുകയും തളർന്നുപോകുകയും ചെയ്യുന്നു. ഈ സമയത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ച് എനർജി കൂട്ടാൻ ശ്രമിക്കണം. തൈര്, പീനട്ട് ബട്ടർ സാൻഡ് വിച്ച്, ചോക്ലേറ്റ്, മിൽക്ക് ഷേക്ക്, ധാന്യങ്ങൾ, ബ്രെഡ് തുടങ്ങിയ ഭക്ഷണങ്ങൾ വ്യായാമത്തിന് ശേഷം ഉത്തമമാണെന്ന് കണക്കാക്കപ്പെടുന്നു. ഇവ നിങ്ങൾക്ക് പെട്ടെന്ന് ഊർജ്ജം നൽകുകയും വേഗത്തിൽ മസിലുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
വെള്ളം കുടിക്കുക
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നമ്മുടെ ശരീരം ധാരാളം ദ്രാവകം ഉപയോഗിക്കുന്നുണ്ട്. അതിനാൽ വ്യായാമത്തിന് ശേഷം നിർബന്ധമായും നിങ്ങൾ ശരീരഭാരത്തിന് അനുസരിച്ച് വെള്ളം കുടിക്കണം. നഷ്ടപ്പെട്ട ഈ ദ്രാവകങ്ങൾ തിരിച്ച് കിട്ടുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ പേശികൾ അയവുള്ളതായി തുടരുകയും പേശി വേദന കുറയുകയും ചെയ്യും
വിശ്രമിക്കുക
വ്യായാമത്തിന് ശേഷമുള്ള വിശ്രമം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണെങ്കിലും ആളുകൾ ഇതിനെ വളരെ നിസാരമായി കണ്ട് അവഗണിക്കാറുണ്ട്. നിങ്ങൾ വ്യായാമം ചെയ്യുന്ന സമയങ്ങളിൽ എടുക്കുന്ന വിശ്രമ സമയം വളരെ പ്രധാനമാണ്. വ്യായാമത്തിന് ശേഷമുള്ള ശരിയായ വിശ്രമം നിങ്ങളെ അടുത്ത വ്യായാമ സെഷന് തയ്യാറാകുന്നതിനും സഹായിക്കുന്നു. മാത്രമല്ല നിങ്ങളുടെ മനസ്സിന് വിശ്രമം നൽകാനും മാനസിക സമ്മർദ്ദം അകറ്റാനും ഇത് സഹായിക്കുന്നു.
Also Read-
ഇഞ്ചിയും ചുക്കും കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള് അറിയാം
ശുചിത്വം
ഒരുപാട് ആളുകൾ വരുന്ന സ്ഥലമാണ് ജിം. ഒരേ ഉപകരണങ്ങളാണ് എല്ലാവരും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അവ ഉപയോഗിക്കുമ്പോൾ അതിലുള്ള അണുക്കൾ നമ്മുടെ ശരീരത്തിലേക്കും പ്രവേശിക്കും. ഇത് കഠിനമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. വ്യായാമത്തിന് ശേഷം നന്നായി കുളിക്കുന്നത് ബാക്ടീരിയകളെയും രോഗാണുക്കളെയും അകറ്റി നിർത്തുകയും ശരീരത്തിന് ഉന്മേഷം നൽകുകയും ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.