നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മഴക്കാല രോഗങ്ങളെ അകറ്റിനിര്‍ത്താം; വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചില കുറുക്ക് വഴികള്‍

  മഴക്കാല രോഗങ്ങളെ അകറ്റിനിര്‍ത്താം; വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചില കുറുക്ക് വഴികള്‍

  മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ സാധാരണയെക്കാള്‍ പത്ത് മടങ്ങ് വര്‍ദ്ധിക്കുമെന്ന് കല്യാണ്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെ എമര്‍ജന്‍സി ആന്‍ഡ് ട്രോമ വിഭാഗം മേധാവി ഡോ. ഉപാസന ശര്‍മ്മ പറയുന്നു.

  • Share this:
   കാലവര്‍ഷം എത്തിക്കഴിഞ്ഞു. എല്ലാ തവണയും കാലവര്‍ഷം ഒരു കൂട്ടം രോഗങ്ങളുമായാണ് കടന്നു വരാറുള്ളത്. ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തവും ടൈഫോയ്ഡും മുതല്‍ രോഗകാരികളിലൂടെ പകരുന്ന ഡെങ്കിപ്പനിയും മലേറിയയും വരെ ഒട്ടനേകം രോഗങ്ങള്‍ ഈ കാലയളവില്‍ വ്യാപിക്കാറുണ്ട്. ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കും പഞ്ഞമില്ല. ബാക്ടീരിയ, വൈറസ് മുതലായ രോഗകാരികള്‍ ധാരാളമായി അടങ്ങിയ വെള്ളവും ഭക്ഷണവും കഴിക്കുന്നതിലൂടെയാണ് ഇത്തരം രോഗങ്ങള്‍ പ്രധാനമായും പകരുന്നത്. മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ സാധാരണയെക്കാള്‍ പത്ത് മടങ്ങ് വര്‍ദ്ധിക്കുമെന്ന് കല്യാണ്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെ എമര്‍ജന്‍സി ആന്‍ഡ് ട്രോമ വിഭാഗം മേധാവി ഡോ. ഉപാസന ശര്‍മ്മ പറയുന്നു.

   കൃത്യമായ സമയത്ത് തന്നെ ചികിത്സ ലഭ്യമാക്കിയാല്‍ ഭക്ഷണത്തിലൂടെ പകരുന്ന രോഗബാധ രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനില്‍ക്കൂ. രോഗത്തിന്റെ പുരോഗതിയ്ക്കനുസരിച്ച് വേണ്ടിവന്നാല്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. പ്രായമായ ആളുകള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കാണ് ഇത്തരം രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ഡോ. ഉപാസന പറയുന്നു. അത് കൂടാതെ ഗുരുതരമായ അര്‍ബുദം, വൃക്കസംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ മൂലം രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഈ രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

   ഭക്ഷണത്തിലൂടെ രോഗബാധ ഉണ്ടായാല്‍ അത് തിരിച്ചറിയാതിരിക്കാനുള്ള സാധ്യത തുലോം കുറവാണ്. അണുബാധയ്ക്ക് കാരണമായ രോഗകാരിയുടെ സ്വഭാവത്തിനനുസരിച്ച് രോഗലക്ഷണങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. വയറു വേദന, ഛര്‍ദ്ദില്‍, മനംപിരട്ടല്‍, വയറിളക്കം, തളര്‍ച്ച, ക്ഷീണം, നേരിയ പനി എന്നിവയാണ് ഇത്തരം രോഗബാധ ഉണ്ടായവരില്‍ കാണപ്പെടുന്ന പൊതുവായ രോഗലക്ഷണങ്ങള്‍ എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷ്യവിഷബാധ ഉണ്ടായെങ്കില്‍ ശരീരത്തിലെ ജലാംശം നന്നായി നിലനിര്‍ത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. രോഗികള്‍ക്ക് വീട്ടില്‍ തന്നെ സ്വയം പരിചരണത്തിനായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ഡോ. ഉപാസന ശര്‍മ്മ.

   തിളപ്പിച്ച വെള്ളം, കരിക്ക്, ജ്യൂസ് മുതലായ പാനീയങ്ങള്‍ ധാരാളമായി കുടിക്കുക. ഇലക്ട്രോലൈറ്റുകളെ വീണ്ടെടുക്കാന്‍ ഓ ആര്‍ എസ് ലായനി കുടിക്കുന്നതും നല്ലതാണ്. ഡോക്റ്ററുടെ നിര്‍ദ്ദേശം അനുസരിച്ച് മരുന്നുകള്‍ കൃത്യമായി കഴിക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. വാഴപ്പഴം, ചോറ്, നന്നായി വേവിച്ച പച്ചക്കറികള്‍, സൂപ്പ് മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എരിവ് കൂടിയതും എണ്ണയില്‍ പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. രണ്ട് ദിവസത്തിന് മേലെ തുടര്‍ച്ചയായി ഛര്‍ദ്ദിലോ വയറിളക്കമോ അനുഭവപ്പെടുകയോ 101 ഫാരന്‍ഹീറ്റിന് മുകളില്‍ പനിയോ കടുത്ത വയറുവേദനയോ ക്ഷീണമോ നിര്‍ജലീകരണമോ ഉണ്ടാവുകയോ ചെയ്താല്‍ അടിയന്തിരമായി വൈദ്യസഹായം തേടണം.
   Published by:Jayashankar AV
   First published:
   )}