ഇന്ത്യയില്‍ ആദ്യമായി മാറ്റിവച്ച കരള്‍ വീണ്ടും മാറ്റിവെച്ച് ശസ്ത്രക്രിയ നടത്തി. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയായ മാക്സ് സാകേതിലെ സെന്റര്‍ ഫോര്‍ ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സിലെ ഡോക്ടര്‍മാര്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ച ആളുടെ കരള്‍ മറ്റൊരു രോഗിക്ക് മാറ്റിവയ്ക്കുകയായിരുന്നു. കരൾ സ്വീകരിച്ച, ഡല്‍ഹി സ്വദേശിയായ 54-കാരൻ സുഖം പ്രാപിച്ചുവരുകയാണെന്ന് സെന്റര്‍ ഫോര്‍ ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സിന്റെ ചെയര്‍മാനായ ഡോ. സുഭാഷ് ഗുപ്ത പറഞ്ഞു.
''ലോകത്തില്‍ തന്നെ ഇത്തരത്തിലുള്ള ഏതാനും ട്രാന്‍സ്പ്ലാന്റ് മാത്രമേ നടന്നിട്ടുള്ളൂ, ഇന്ത്യയില്‍ ഇതുവരെ ഒന്നും നടന്നിട്ടില്ല'', ശസ്ത്രക്രിയയെക്കുറിച്ച് പ്രതികരിക്കവെ ഡോ. ഗുപ്ത പറഞ്ഞു. കരൾ ആദ്യം സ്വീകരിച്ച രോഗിയ്ക്ക് ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഇന്‍ട്രാക്രീനിയല്‍ രക്തസ്രാവം അഥവാ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് ഒക്ടോബര്‍ 5-ന് അദ്ദേഹത്തിന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അതിനുശേഷമാണ് ഒക്ടോബര്‍ 6-ന് ഈ കരള്‍ തന്നെ വീണ്ടും മറ്റൊരു രോഗിയിലേക്ക് ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്.
കരൾ ദാതാവായ 44-കാരിയ്ക്ക് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ വെച്ച് സെപ്തംബര്‍ 21-ന് രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു എന്ന് മാക്സ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് യുവതിയുടെ കുടുംബം അവരുടെ ഹൃദയം, കരള്‍, വൃക്ക, കോര്‍ണിയ എന്നിവ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കുകയായിരുന്നു. തുടർന്ന് ഈ യുവതിയുടെ കരള്‍ ഗുഡ്ഗാവ് സ്വദേശിയായ 53 വയസ്സുകാരനിലേക്ക് മാറ്റിവെച്ചു.
ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ് സ്വീകര്‍ത്താവ് (53-കാരന്) സുഖം പ്രാപിച്ചുവരികയായിരുന്നു. എന്നാല്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം സെപ്റ്റംബര്‍ 28-ന് അദ്ദേഹത്തിനും കരൾ ദാതാവിനുണ്ടായതുപോലെ തലച്ചോറിൽ രക്തസ്രാവം (ഇന്‍ട്രാക്രീനിയല്‍ ഹെമറേജ്) ഉണ്ടായി. അങ്ങനെയാണ് 53-കാരന് ഒക്ടോബര്‍ 5 ന് രാത്രി 9.40 ന് മസ്തിഷ്ക മരണം സംഭവിക്കുന്നത്.
53-കാരന്റെ കുടുംബം അദ്ദേഹത്തിന്റെ കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ മറ്റാരുടെയെങ്കിലും ജീവന് രക്ഷിക്കാന്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധിച്ചു. നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്സ്പ്ലാന്റേഷന് ഓര്‍ഗനൈസേഷനെ (NOTTO) ഇക്കാര്യം അറിയിച്ചു. മുമ്പ് മാറ്റിവച്ച കരളിന്റെ ലഭ്യത സംബന്ധിച്ച വിവരം കരള്‍ മാറ്റിവയ്ക്കല്‍ സൗകര്യമുള്ള എല്ലാ ആശുപത്രികളെയും നോട്ടോ അറിയിച്ചു. പുനരുപയോഗിച്ച കരള്‍ സ്വീകരിക്കാന്‍ ആശുപത്രികളൊന്നും മുന്നോട്ട് വന്നില്ലെന്ന് ഡോ. ഗുപ്ത പറയുന്നു.
''മാക്സ് ഹോസ്പിറ്റലില്‍ ആ രക്തഗ്രൂപ്പില്‍പ്പെട്ട കരൾ ആവശ്യമുള്ള 21 രോഗികളുണ്ടായിരുന്നു. ഞങ്ങള്‍ ഇവരെ ബന്ധപ്പെട്ടു. എന്നാൽ, ഒരു രോഗിയൊഴിച്ച് മറ്റുള്ളവർ പുനരുപയോഗിക്കപ്പെട്ട ഈ കരള്‍ സ്വീകരിക്കാൻ വിസമ്മതിച്ചു'', മാക്സ് സാകേതിലെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ പറഞ്ഞു. മുമ്പ് ഉപയോഗിച്ച കരള്‍ ഉള്‍പ്പെടുന്ന ട്രാന്‍സ്പ്ലാന്റില്‍ വളരെയധികം അപകടസാധ്യതകളുണ്ട്. 54-കാരനായ ഡല്‍ഹിയില്‍ നിന്നുള്ള പുതിയ സ്വീകര്‍ത്താവിനോട് ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നുവെന്നും എന്നിട്ടും അദ്ദേഹം മുന്നോട്ട് പോകാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ഡോക്ടര്‍ ഗുപ്ത പറഞ്ഞു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് ഇന്‍ട്രാക്രീനിയല്‍ ബ്ലീഡ് ഉണ്ടോയെന്ന് തന്റെ സംഘം നിരീക്ഷിച്ചു വരികയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഈ അവയവമാറ്റത്തിന്റെ വിജയത്തോടെ അവയവമാറ്റത്തിനായി കാത്തിരിക്കുന്നവര്‍ക്ക് പുതിയ വാതില്‍ തുറക്കപ്പെട്ടതായി ഡോക്ടര്‍ അഭിപ്രായപ്പെട്ടു. പല അവയവ സ്വീകര്‍ത്താക്കളും ശസ്ത്രക്രിയയ്ക്ക് ശേഷം മരണപ്പെടുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ്, അല്ലാതെ മാറ്റിവച്ച അവയവങ്ങളുടെ തകരാറ് മൂലമല്ല. ഇത്തരത്തിലുള്ള മരണങ്ങൾ തടയാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെങ്കിലും അത്തരം സാഹചര്യങ്ങളിൽ മാറ്റിവച്ച ഈ അവയവങ്ങള്‍ വീണ്ടും മാറ്റിവയ്ക്കാന്‍ കഴിയും എന്നും ഡോ. ഗുപ്ത കൂട്ടിച്ചേര്‍ത്തു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.