• HOME
 • »
 • NEWS
 • »
 • life
 • »
 • Tuberculosis | കോവിഡ് കാലത്ത് ക്ഷയരോഗ മരണം വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്

Tuberculosis | കോവിഡ് കാലത്ത് ക്ഷയരോഗ മരണം വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്

വ്യാഴാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ക്ഷയരോഗികളുടെ കണക്ക് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്.

News18 Malayalam

News18 Malayalam

 • Share this:
  ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ക്ഷയരോഗികളുടെ  എണ്ണത്തില്‍ (Tuberculosis Patients) വര്‍ധനവ്. കോവിഡ് 19 (Covid-19) മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിയതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ക്ഷയം രോഗം പരിശോധിക്കുന്നത്. ഇക്കാരണത്താലാണ് ക്ഷയരോഗം (Tuberculosis) വളരെ പെട്ടന്ന് ഉയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന (World Health Orgnaisation) അഭിപ്രായപ്പെട്ടു.

  2020ൽ 15 ലക്ഷം പേർ മരിച്ചു

  വ്യാഴാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ക്ഷയരോഗികളുടെ കണക്ക് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരണ സമയത്ത്, ലോകാരോഗ്യ സംഘടന പറഞ്ഞത്, കഴിഞ്ഞ വര്‍ഷം മാത്രം, ക്ഷയരോഗ ബാധ മൂലം ലോകത്താകമാനം 15 ലക്ഷം ആളുകള്‍ മരിച്ചുവെന്നാണ്. ഇത് 2019ല്‍ പ്രസിദ്ധീകരിച്ച കണക്കിലും കൂടുതലാണ്. 2019ല്‍ 14 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രാചീന കാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഈ അണുബാധയുടെ തെളിവുകള്‍ ഈജിപ്ഷ്യന്‍ മമ്മികളിലും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റേത് പകര്‍ച്ച വ്യാധിയിലും കൂടുതൽ ആളുകള്‍ ക്ഷയ രോഗം മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. എയിഡ്‌സ്, മലേറിയ തുടങ്ങിയ മാരക രോഗങ്ങള്‍ മൂലം മരണപ്പെടുന്നതിലും അധികം ആളുകള്‍ മരണപ്പെടുന്നത് ക്ഷയരോഗം മൂലമാണന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

  2019ല്‍ രോഗം കണ്ടെത്തിയത് 71 ലക്ഷം പേരിൽ

  മുൻകാല കണക്കുകള്‍ എടുക്കുകയാണെങ്കില്‍ വളരെ കുറച്ച് ആളുകളിലാണ് 2020ൽ പുതിയതായി ക്ഷയരോഗം കണ്ടെത്തിയിരിക്കുന്നത്. 2020ല്‍ 58 ലക്ഷം ആളുകളിലാണ് പുതിയതായി ക്ഷയരോഗം കണ്ടെത്തിയിരിക്കുന്നത്, എന്നാല്‍ 2019ല്‍ ഇത് 71 ലക്ഷം ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഔദ്യോഗികമായി കണ്ടെത്തിയതിന് പുറമേ 40 ലക്ഷം ആളുകളില്‍ കൂടി ക്ഷയരോഗം ബാധിച്ചിട്ടുണ്ടാകാം എന്നാണ് റിപ്പോർട്ട്. എന്നാല്‍ അവര്‍ ഇതുവരെ പരിശോധനകള്‍ക്ക് വിധേയരായിട്ടില്ല. ഇത് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കിനെ അപേക്ഷിച്ച് 29 ലക്ഷം ആളുകളുടെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.

  രോഗം പടരുന്നത് എങ്ങനെ? 

  ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ പെട്ടന്ന് ബാധിക്കുന്ന ഒരു ബാക്ടീരിയമാണ് ഈ അസുഖത്തിന് കാരണമാകുന്നത്. ഈ രോഗബാധ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അടുത്തയാളിലേക്ക് പകരുന്നതിനിടയാക്കും. ലോകത്തിലെ മൊത്തം ജനസംഖ്യയിലെ കാല്‍ഭാഗം ജനങ്ങളിലും ക്ഷയബാധയുടെ ഒളിഞ്ഞിരിക്കുന്ന അണുബാധയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതായത് അവരില്‍ നേരിട്ട് രോഗബാധ ഉണ്ടാവുകയില്ല. എന്നാല്‍ അവര്‍ ഇത് മറ്റൊരാളിലേക്ക് പടര്‍ത്തുന്നതിന് കാരണക്കാരാകും. ഇത്തരത്തില്‍ ശരീരത്തില്‍ ബാക്ടീരിയ ഉള്ളവര്‍ക്ക് പിന്നീട് ക്ഷയബാധയുണ്ടാകാനുള്ള സാധ്യത 5 മുതല്‍ 10 ശതമാനം വരെയാണ്.

  ചികിത്സാ രീതികളെ അതിജീവിക്കാൻ കഴിയുന്ന അണുക്കളും

  പ്രാരംഭ ഘട്ടങ്ങളില്‍ കണ്ടെത്തുകയാണെങ്കില്‍ ഈ രോഗം ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധ്യമാണ്. എന്നാല്‍ പുതിയതായി ഉടലെടുക്കുന്ന, ഇപ്പോള്‍ നിലവിലുള്ള ചികിത്സാ രീതികളെ അതിജീവിക്കാന്‍ സാധിക്കുന്ന അണുക്കളെയും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള മരുന്നുകളെ നിഷ്ഫലമാക്കുമോ ഈ അണുക്കള്‍ എന്ന ഭീതിയിലാണ് ശാസ്ത്ര ലോകമിപ്പോള്‍. ഉയര്‍ന്ന ക്ഷയരോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളുടെ കണക്കില്‍, ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, നൈജീരിയ, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്നു.

  പരിശോധനകൾ പരിമിതം

  “വര്‍ഷങ്ങൾ കടന്നു പോകുന്നതിന് അനുസരിച്ച് ഏതാണ്ട് 15 ലക്ഷം ആളുകള്‍ ക്ഷയരോഗം ബാധിച്ച് പ്രതിവര്‍ഷം മരണമടയുന്നു എന്നത് നമുക്ക് അംഗീകരിക്കാന്‍ ആവുന്നതല്ല; അതും രോഗമുക്തി നേടാന്‍ സാധിക്കുന്ന ഈ രോഗത്തില്‍ നിന്ന് അവര്‍ക്ക് രോഗനിര്‍ണ്ണയവും മരുന്നുകളും ലഭ്യമാകുന്നില്ല എന്ന ഒറ്റക്കാരണം മൂലം.” എന്നാണ് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അക്‌സെസ് എന്ന ക്യാമ്പെയിന്റെ രോഗലക്ഷണ അവലോകന ഉപദേഷ്ടാവായ സ്റ്റിജിന്‍ ഡേബോര്‍ഗ്രേവ് പറയുന്നത്. ഉയര്‍ന്ന ക്ഷയരോഗികളുള്ള പലരാജ്യങ്ങളിലും ക്ഷയരോഗത്തിനായുള്ള പരിശോധനകള്‍ വളരെ പരിമിതമാണ്. കാരണം അവരെല്ലാം ഉപയോഗിക്കുന്നത് അമേരിക്കന്‍ കമ്പനിയായ സിഫെയ്ഡ് വികസിപ്പിച്ചെടുത്ത പരിശോധനാ മാര്‍ഗ്ഗങ്ങളാണന്ന് സ്റ്റിജിന്‍ ചൂണ്ടിക്കാട്ടുന്നു. സിഫെയ്ഡ് ഈ ദരിദ്ര രാജ്യങ്ങളില്‍ വന്‍തുകകളാണ് പരിശോധനയ്ക്കായി ആവശ്യപ്പെടുന്നതെന്നും സ്റ്റിജിന്‍ ആരോപിക്കുന്നു.

  പത്തൊന്‍പതിനായിരം കോടിയോളം രൂപയാണ് സിഫെയ്ഡിന് ക്ഷയരോഗം നിര്‍ണ്ണയിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ പൊതു നിക്ഷേപത്തില്‍ നിന്നും ലഭിച്ചത്. എന്നാല്‍ അവ ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷയരോഗത്തിനുള്ള ആഗോള നിക്ഷേപം കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ച ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾ കൂടുതൽ രോഗികളിലേക്ക് എത്തിച്ചേരുന്നില്ല എന്നും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു.

  Also Read- പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങളുമായി വിവിധ സംസ്ഥാനങ്ങൾ; ഹരിത പടക്കങ്ങൾക്ക് മാത്രം അനുമതി 
  Published by:Rajesh V
  First published: