നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Health Benefits of Sunlight | വെയിലു കൊണ്ടാൽ ഗുണമുണ്ടോ? സൂര്യപ്രകാശം നൽകുന്ന ആരോഗ്യം

  Health Benefits of Sunlight | വെയിലു കൊണ്ടാൽ ഗുണമുണ്ടോ? സൂര്യപ്രകാശം നൽകുന്ന ആരോഗ്യം

  നിത്യജീവിതത്തിൽ സൂര്യപ്രകാശമേൽക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.

  Image: Shutterstock

  Image: Shutterstock

  • Share this:
   സൂര്യപ്രകാശം ജീവന്റെ അടിസ്ഥാന ഘടകമാണ്. ജീവോത്പത്തി മുതൽ കാർഷിക വികസനത്തിന്റെ അടിത്തറയും ആളുകളെ ആരോഗ്യത്തോടെ നിലനിർത്തുന്നത് വരെയുള്ള എല്ലാം സൂര്യപ്രകാശത്തെ ആശ്രയിച്ചിരിക്കുന്നു. നിത്യജീവിതത്തിൽ സൂര്യപ്രകാശമേൽക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. പലർക്കും ശരീരത്തിൽ സൂര്യപ്രകാശമേൽക്കാത്തതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ട്. വൈദ്യശാസ്ത്രവും ഇതിനെ ശരിവെക്കുന്നു. അതേസമയം ഒരു നാണയത്തിന്റെ ഇരു വശങ്ങളെന്നപോലെ ഗുണവും ഒപ്പം ദോഷവും സൂര്യപ്രകാശത്തിനുണ്ട്. സൂര്യനിൽ നിന്നുള്ള അമിതമായ അൾട്രാവയലറ്റ് വികിരണം നേരിട്ടേൽക്കുന്നത് ത്വക്ക് കാൻസറിന് കാരണമാകുന്നു. അതിനാൽ തന്നെ സൂര്യപ്രകാശമേൽക്കുന്നത് വളരെ ശ്രദ്ധയോടെയായിരിക്കണം.

   അമിതമായ സൂര്യപ്രകാശത്തിൽ നിന്നും രക്ഷനേടുന്നത് പോലെ തന്നെ പ്രധാനമാണ് വേണ്ടത്ര സൂര്യപ്രകാശം ശരീരത്തിന് ലഭിക്കുന്നുണ്ട് എന്നുറപ്പാക്കേണ്ടതും. സൂര്യപ്രകാശത്തിന്റെ ഗുണങ്ങൾ ഒരിക്കലും ഒഴിവാക്കാനാകാത്ത ഘടകമാണ്. ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കാതെ ആരോഗ്യകരമായ വൈറ്റമിൻ ഡിയുടെ അളവ് നിലനിർത്താൻ കഴിയണം. ശരീരത്തിൽ സൂര്യപ്രകാശം ലഭിക്കേണ്ടതിന്റെ പ്രാധാന്യങ്ങൾ അറിയാം.

   ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി നൽകുന്നു
   ശരീരത്തിൽ നിരവധി പ്രധാന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി. ഇത് ശരീരത്തിന്റെ വീക്കം കുറയ്ക്കുകയും കോശങ്ങളുടെ വ്യാപനം നിയന്ത്രിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലൂടെ വൈറ്റമിൻ ഡി ലഭിക്കുമെങ്കിലും ചിലപ്പോൾ അത് അപര്യാപ്തമായിരിക്കും. വൈറ്റമിൻ ഡിയുടെ ഏറ്റവും മികച്ച പ്രകൃതിദത്ത ദാതാവാണ് സൂര്യൻ. മാത്രമല്ല ആഴ്ചയിൽ വെറും 5-15 മിനിറ്റ് മാത്രം ഇതിനുവേണ്ടി ചിലവഴിച്ചാൽ മതി. 15 മിനിറ്റിൽ കൂടുതൽ സൂര്യപ്രകാശമേൽക്കേണ്ട അവസരത്തിൽ തീർച്ചയായും സൺസ്‌ക്രീൻ ഉപയോഗിക്കണം. മാത്രമല്ല കഠിനമായ വെയിൽ ദീർഘനേരം ശരീരത്തിലേൽക്കാൻ അനുവദിക്കരുത്.

   പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
   ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് വൈറ്റമിൻ ഡി പ്രധാന ഘടകമാണ്. പതിവായി സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ശസ്‌ത്രക്രിയയ്‌ക്ക് ശേഷമുള്ള രോഗങ്ങൾ, അണുബാധകൾ, മറ്റു മാരക രോഗങ്ങൾ എന്നിവ കാരണമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കാൻ ശരീരത്തിലെ ശക്തമായ പ്രതിരോധ സംവിധാനം സഹായിക്കും.

   എല്ലുകളുടെ ബലം വർധിപ്പിക്കുന്നു
   വൈറ്റമിൻ ഡി ശരീരത്തിന് ലഭിക്കാനുള്ള ഏറ്റവും മികച്ചതും ഏറ്റവും ലളിതവുമായ മാർഗ്ഗങ്ങളിലൊന്നാണ് വെയിൽ കൊള്ളുന്നത്. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വൈറ്റമിൻ ഡി ഉൽപ്പാദിപ്പിക്കും. ദിവസവും ഏകദേശം 15 മിനിറ്റ് സൂര്യപ്രകാശം എല്ക്കുന്നത് മതിയാകും നിങ്ങളുടെ ശരീരം ആരോഗ്യത്തോടെയിരിക്കാൻ. ഇത് കൂടാതെ നിങ്ങളുടെ ശരീരത്തിലെ കാൽസ്യം നിലനിർത്താനും വൈറ്റമിൻ ഡി സഹായിക്കുകയും. എല്ലുകളുടെ ബലം വർധിപ്പിക്കുകയും ചെയ്യും.

   വിഷാദം കുറയ്ക്കുന്നു
   ഇരുട്ടിനെ അപേക്ഷിച്ച് വെളിച്ചം മാനസിക ഉന്മേഷം നൽകാറുണ്ട്. പകൽ പുറത്തേക്കിറങ്ങുന്നത് അല്ലെങ്കിൽ പകൽനേരം നിങ്ങൾ കൂടുതൽ ആശ്വാസം കണ്ടെത്തുന്നത് എന്തുകൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? സൂര്യപ്രകാശം നിങ്ങളുടെ ശരീരത്തിലെ സെറോടോണിന്റെ അളവ് ഉയർത്തുന്നു. ഇത് കാരണം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നു. സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യകരമായ ശരീരത്തോടൊപ്പം മനസിനെയും സൃഷ്ടിക്കുന്നു.

   ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
   2014ലെ ഒരു പഠനമനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ രാവിലെ 8 മണിക്കും ഉച്ചയ്ക്കും ഇടയിൽ 30 മിനിറ്റ് വെയിൽ കൊള്ളുന്നത് നല്ലതാണെന്നു പറയുന്നു. രാവിലെ ശരീരത്തിൽ സൂര്യപ്രകാശമേൽക്കുന്നതും ശരീരഭാരം കുറയ്ക്കലും തമ്മിൽ ബന്ധമുണ്ടെന്നുമാണ് പഠനങ്ങൾ പറയുന്നത്.

   ആയുർദൈർഘ്യം വർധിപ്പിക്കുന്നു
   കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കേണ്ടി വരുന്ന വ്യക്തികൾ മറ്റുള്ളവരേക്കാൾ 6 മാസം മുതൽ രണ്ട് വർഷം വരെ കൂടുതൽ ജീവിച്ചിരിക്കുമെന്നാണ് ജേർണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച 30,000 സ്വീഡിഷ് സ്ത്രീകളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്. സൂര്യപ്രകാശം ജീവിതകാലം വർധിപ്പിക്കും എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ പറയുന്നത്.
   Published by:Jayesh Krishnan
   First published: