നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Brain Stroke | മസ്തിഷ്കാഘാതത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെ? ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക

  Brain Stroke | മസ്തിഷ്കാഘാതത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെ? ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക

  തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തവിതരണം തടസപ്പെടുമ്പോഴോ തലച്ചോറിനുള്ളിലെ നാഡിയോ രക്തക്കുഴലോ പൊട്ടിപ്പോകുമ്പോഴോ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് ബ്രെയിന്‍ സ്‌ട്രോക്ക്.

  • Share this:
   ഏത് പ്രായക്കാര്‍ക്കും സ്‌ട്രോക്ക് (Stroke) വരാമെങ്കിലും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും (Lifestyle) മാനസിക സമ്മര്‍ദ്ദവും (Stress) കാരണം 30-50 വയസ് പ്രായമുള്ളവര്‍ക്ക് ഇതിനുള്ള അപകടസാധ്യത കൂടുതലാണ്. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തവിതരണം തടസപ്പെടുമ്പോഴോ തലച്ചോറിനുള്ളിലെ നാഡിയോ രക്തക്കുഴലോ പൊട്ടിപ്പോകുമ്പോഴോ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് ബ്രെയിന്‍ സ്‌ട്രോക്ക്. ഈ രണ്ട് സാഹചര്യങ്ങളിലും തലച്ചോറിലേക്ക് വേണ്ടത്ര ഓക്‌സിജന്‍ (Oxygen) എത്തില്ല. തല്‍ഫലമായി തലച്ചോറിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും അത് മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു.

   സ്‌ട്രോക്കുകള്‍ പലതരം

   ഇസ്‌കെമിക് സ്‌ട്രോക്ക് (Ischemic Stroke)

   മസ്തിഷ്‌കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകള്‍ സങ്കോചിക്കുകയോ ക്ലോട്ടിങ് മൂലം അവയിൽ തടസങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നതാണ് ഇസ്‌കെമിക് സ്‌ട്രോക്കിന് കാരണം. തലച്ചോറിലെ ധമനികളുടെ ആന്തരിക ഭിത്തികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമാണ് രക്തം കട്ടപിടിക്കുന്നത്. ഈ അവസ്ഥയില്‍ മസ്തിഷ്‌ക്കത്തിലേക്ക് ആവശ്യമായത്ര രക്തം എത്തുന്നില്ല. ഇത് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നു.

   ട്രാന്‍സിയന്റ് ഇസ്‌കെമിക് സ്‌ട്രോക്ക് (Transient Ischemic Stroke)

   ട്രാന്‍സിയന്റ് ഇസ്‌കെമിക് സ്‌ട്രോക്കിനെ '' മിനി സ്‌ട്രോക്ക്'' എന്നും വിളിക്കുന്നു. തലച്ചോറില്‍ വേണ്ടത്ര രക്തയോട്ടം ഇല്ലാത്ത അവസ്ഥയാണിത്. ഇത്തരം സ്‌ട്രോക്കുകള്‍ സാധാരണയായി യാതൊരു മുന്നറിയിപ്പും ലക്ഷണങ്ങളും ഇല്ലാതെ ഉണ്ടാവുകയും 24 മണിക്കൂറില്‍ താഴെ മാത്രം നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. കൈകളിലും കാല്‍പാദങ്ങളിലും ബലഹീനത, സംസാരത്തിലെ പ്രശ്‌നങ്ങള്‍, മുഖത്ത് തളര്‍ച്ച, തലകറക്കം എന്നിവയാണ് ട്രാന്‍സിയന്റ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍.

   ഹെമറാജിക് സ്‌ട്രോക്ക് (Hemorrhagic Stroke)

   തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടിപ്പോകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ബ്രെയിന്‍ ഹെമറേജ്. ഈ അവസ്ഥയാണ് ഗുരുതരമായ പക്ഷാഘാതത്തിന്റെ പ്രധാന കാരണം.

   സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം?

   സ്‌ട്രോക്ക് സംഭവിച്ച് നാല് മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിച്ചാൽ രോഗി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് 'BE FAST'.

   B - ബാലന്‍സ്: സ്‌ട്രോക്ക് സംഭവിച്ചയാളുടെ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നു.
   E - വ്യക്തിക്ക് മങ്ങിയ കാഴ്ച അനുഭവപ്പെട്ടാല്‍ സ്‌ട്രോക്ക് ആകാനുള്ള സാധ്യതയുണ്ട്.
   F - ഫേസ്: മുഖം നേരെ പിടിക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥ
   A - ആംസ്: കൈകളുടെ ബലം കുറയും
   S -സ്പീക്ക്: സ്‌ട്രോക്ക് വന്നയാളുടെ സംസാരം വ്യക്തമായിരിക്കില്ല
   T - ടൈം: ഒരു വ്യക്തിക്ക് സ്‌ട്രോക്ക് സംഭവിച്ചാല്‍ ഒട്ടും സമയം പാഴാക്കാതെ ഉടന്‍ ആശുപത്രിയിലെത്തിക്കുക. എത്രയും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതു വഴി ഇസ്‌കെമിക് സ്‌ട്രോക്ക് സ്‌കാനിങ്ങിലൂടെ കണ്ടെത്തി രക്തക്കട്ട അലിയിക്കുന്ന പ്രക്രിയയിലൂടെ രോഗിയെ സുഖപ്പെടുത്താന്‍ സാധിക്കും.

   ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മദ്യപാനം, പുകവലി, വ്യായാമക്കുറവ്, ജീവിതശൈലി, അനിയന്ത്രിതമായ പ്രമേഹം, ഹൃദ്രോഗം, പാരമ്പര്യഘടകങ്ങള്‍ എന്നിവയാണ് സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങള്‍.
   Published by:Sarath Mohanan
   First published:
   )}