കോവിഡ് 19 (Covid 19) വൈറസ് ബാധിച്ച നിരവധി ആളുകൾക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, മണവും രുചിയും നഷ്ടപ്പെടൽ തുടങ്ങിയ പല ലക്ഷണങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാൽ രോഗത്തിൽ നിന്ന് മുക്തി നേടുമ്പോൾ പലർക്കും ഈ രോഗലക്ഷണങ്ങൾ കുറയാറുണ്ട്. എന്നാൽ മറ്റു ചിലർക്ക് ഇതുമായി ബന്ധപ്പെട്ട് മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. 2020ൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷവും പല രോഗികളും പല രോഗലക്ഷണങ്ങളും ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഇതിനെ ലോംഗ് കോവിഡ് എന്നാണ് പറയുന്നത്. ഈ അവസ്ഥയെ പോസ്റ്റ്-കോവിഡ്-19 സിൻഡ്രോം എന്നും വിളിക്കുന്നു.
ഈ അവസ്ഥയിൽ ചിലർക്ക് ബ്രെയിൻ ഫോഗ് (ആശയക്കുഴപ്പം, മറവി, ശ്രദ്ധക്കുറവ്), ക്ഷീണം അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവ അനുഭവപ്പെടാം. മറ്റുചിലരിൽ സന്ധി വേദന, നെഞ്ചുവേദന, ചുമ എന്നിവയും അനുഭവപ്പെടാറുണ്ട്. ലോംഗ് കോവിഡ്, ആളുകളിൽ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനം ചെലുത്തുന്നത്. ലോംഗ് കോവിഡിന്റ ഭാഗമായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്ത അവസ്ഥകളിലൊന്നാണ് അവാസ്കുലർ നെക്രോസിസ് (AVN - avascular necrosis) അഥവാ അസ്ഥി മരണം.
അവാസ്കുലർ നെക്രോസിസ്
അസ്ഥികളിലേയ്ക്കുള്ള രക്ത വിതരണം താൽക്കാലികമോ സ്ഥിരമായോ നഷ്ടപ്പെടുന്ന അവസ്ഥയാണ് അവാസ്കുലർ നെക്രോസിസ്. രക്ത വിതരണം തടസ്സപ്പെടുന്നതിനാൽ, അസ്ഥികളിലെ കോശങ്ങൾ നശിക്കുകയും അസ്ഥിയ്ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. ഉയർന്ന അളവിലുള്ള സ്റ്റിറോയിഡുകളുടെ ദീർഘകാല ഉപയോഗം കൊണ്ടും ഈ അവസ്ഥ വരാം. അമിതമായി മദ്യം കഴിക്കുന്നതും ഈ അവസ്ഥയിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്
ബിഎംജെ കേസ് റിപ്പോർട്ട്സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കോവിഡ്-19-ന് ശേഷം ഒരു രോഗിക്ക് അവാസ്കുലാർ നെക്രോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗി സ്റ്റിറോയിഡ് ഉപയോഗിക്കുമ്പോൾ ഈ സാധ്യതകൾ വീണ്ടും വർദ്ധിക്കുന്നു.
അവാസ്കുലാർ നെക്രോസിസിനുള്ള ചികിത്സ
അവസ്കുലാർ നെക്രോസിസ് അവസ്ഥയ്ക്കുള്ള ചികിത്സ പ്രധാനമായും രോഗിക്ക് വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിനും അസ്ഥി തകരുന്ന് തടയുന്നതിനും രോഗം കൂടുതൽ മൂർച്ഛിക്കാതിരിക്കുന്നതിനും വേണ്ടിയുള്ളതാണ്.
സന്ധികളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയയായ ആർത്രോപ്ലാസ്റ്റി, ഈ രോഗത്തിനുള്ള ചികിത്സയിൽ വളരെ ഫലപ്രദമാണെന്ന് പഠനം അവകാശപ്പെടുന്നു. അതുപോലെ, ബിസ്ഫോസ്ഫോണേറ്റുകളുടെ ഉപയോഗവും കാര്യമായ പോസിറ്റീവ് ഫലങ്ങൾ നൽകുകയും രോഗശാന്തി നൽകുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാതെ ചികിത്സിക്കുന്ന രീതിയാണിത്. കൂടാതെ, അവസ്കുലാർ നെക്രോസിസ് നേരത്തെ മനസ്സിലാക്കിയാൽ, ബിസ്ഫോസ്ഫോണേറ്റ് തെറാപ്പി വഴി രോഗിയുടെ രോഗലക്ഷണങ്ങൾ കുറയ്ക്കാം. അതിനാൽ, അവസ്കുലാർ നെക്രോസിസ് കണ്ടെത്തുന്നതിന് എംആർഐ സ്കാനിംഗാണ് നിർദ്ദേശിക്കപ്പെടുന്നത്.
Summary: One of the many post Covid 19 heath concerns include bone death, reported by many person. Here you get to know about it and the available methods of treatment
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.