• HOME
 • »
 • NEWS
 • »
 • life
 • »
 • PCOS പ്രശ്നം നേരിടുന്നുണ്ടോ? ഈ പ്രശ്നമുള്ളവരിൽ ഗര്‍ഭധാരണത്തിന് അഞ്ച് വഴികള്‍

PCOS പ്രശ്നം നേരിടുന്നുണ്ടോ? ഈ പ്രശ്നമുള്ളവരിൽ ഗര്‍ഭധാരണത്തിന് അഞ്ച് വഴികള്‍

സ്ത്രീകളിലെ പ്രത്യുത്പാദന അവയവമായ അണ്ഡാശയങ്ങളില്‍ അസാധാരണമായ അളവില്‍ ആന്‍ഡ്രോജന്‍ എന്ന ഹോര്‍മോണ്‍ കൂടുന്നതാണ് പിസിഒഎസിന് കാരണമാകുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഇന്ന് കൗമാരക്കാര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെയുള്ള സ്ത്രീകളില്‍ പലരും ഒരേ പോലെ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക്ക് ഒവേറിയന്‍ സിന്‍ഡ്രോം. പിസിഒഎസ് ഹോര്‍മോണ്‍ തകരാര്‍ മൂലമുണ്ടാകുന്ന പ്രശ്‌നമാണ്. സ്ത്രീകളിലെ പ്രത്യുത്പാദന അവയവമായ അണ്ഡാശയങ്ങളില്‍ അസാധാരണമായ അളവില്‍ ആന്‍ഡ്രോജന്‍ എന്ന ഹോര്‍മോണ്‍ കൂടുന്നതാണ് പിസിഒഎസിന് കാരണമാകുന്നത്. ഇന്ത്യയിലെ 5 ദശലക്ഷത്തോളം സ്ത്രീകള്‍ പിസിഒഎസ് എന്ന ആരോഗ്യപ്രശ്‌നം നേരിടുന്നു എന്നാണ് കണക്കാക്കുന്നത്. കൂടാതെ, സ്ത്രീകളില്‍ കണ്ടു വരുന്ന വന്ധ്യതാ പ്രശ്‌നങ്ങളുടെ പ്രധാന കാരണവും പിസിഒഎസ് ആണ്.

  നിങ്ങള്‍ക്ക് പിസിഒഎസിന്റെ ലക്ഷണങ്ങല്‍ ഉണ്ടെങ്കില്‍, തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കാനും നിങ്ങളുടെ ജീവിത ശൈലികളില്‍ ചില മാറ്റങ്ങള്‍ വരുത്താനുമാണ് വിദഗ്ദര്‍ ഉപദേശിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസുമായി നടത്തിയ സംഭാഷണത്തില്‍, പ്രശസ്ത ഗൈനക്കോളജിസ്റ്റും, ഐവിഎഫ് വിദഗ്ദയും, കണ്‍സീവ് ഐവിഎഫ്, പൂനെ ലൈഫ് സ്റ്റൈല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റ് ഓപ്ഷന്‍സ് ഫോര്‍ പിസിഒഎസ് എന്ന സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടറും, സ്ഥാപകയുമായ ഡോക്ടര്‍ മാധുരീ റോയ് പിസിഒഎസ് മൂലം ദുരിതം അനുഭവിയ്ക്കുന്ന സ്ത്രീകള്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്.

  ഭാരം കുറയ്ക്കല്‍

  ഡോ: മാധുരീ റോയ്യുടെ അഭിപ്രായത്തില്‍ പിസിഒഎസ് പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഭാരം കുറയ്ക്കുന്നത് ഗുണം ചെയ്യും. ശരീര ഭാരത്തില്‍ നിന്ന് ഏതാനും കിലോ ഭാരം കുറയ്ക്കുന്നത്, അണ്ഡോത്പ്പാദന പ്രക്രിയ സാധാരണ നിലയിലെത്തിക്കാന്‍ സഹായകമാകും. പിസിഒഎസ് ഉള്ള സ്ത്രീകള്‍ മിക്കവാറും നേരിടുന്ന ഒരു പ്രശ്‌നമാണ്, അമിതവണ്ണം. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും. പിസിഒഎസുള്ള സ്ത്രീകള്‍ക്ക് ഗർഭം ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് അവരുടെ അണ്ഡോത്പ്പാദന പ്രക്രിയ കൃത്യമായി നടക്കാത്തതിനാലാണ്. ഇവര്‍ തങ്ങളുടെ നിലവിലുള്ള ഭാരത്തില്‍ നിന്നും 5-10 ശതമാനം കുറയ്ക്കുന്നത്, ആര്‍ത്തവ ചക്രം കൃത്യമാക്കാന്‍ സഹായകമാകും.

  ആരോഗ്യപ്രദമായ ഭക്ഷണശീലം

  ദൈനംദിന ഭക്ഷണങ്ങളില്‍ പോഷക സമ്പുഷ്ടവും കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അതിനൊപ്പം ആരോഗ്യപ്രദമായ വ്യായാമങ്ങളും ശീലമാക്കാന്‍ ശ്രദ്ധിക്കുക. പിസിഒഎസ് ഉള്ള സ്ത്രീകള്‍ അമിതഭാരം എന്ന ആപത്തിലേക്ക് പോകാനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ ആരോഗ്യപ്രദമായ ഒരു ഭക്ഷണശീലം കാത്തുസൂക്ഷിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.  പ്രൊസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക

  പിസിഒഎസ് സംബന്ധമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കണമെങ്കില്‍ പ്രൊസസ് ചെയ്ത ഭക്ഷണങ്ങള്‍, ഭക്ഷണക്രമങ്ങളില്‍ നിന്ന് നീക്കം ചെയ്യുക എന്നത് അത്യന്താപേക്ഷികമാണ്. പിസിഒഎസ് രോഗികള്‍ മികച്ച പ്രഭാത ഭക്ഷണവും ലളിതമായ അത്താഴവും കഴിക്കുന്നതാണ് അഭികാമ്യം. പ്രോട്ടീനും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും കാര്‍ബോഹൈഡ്രേറ്റ് അളവ് കുറയ്ക്കുകയും വേണം.

  വൈദ്യ പ്രതിവിധികള്‍

  ചില പിസിഒഎസ് രോഗികള്‍ക്ക് ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രയോജനപ്രദമാകുകയും, ഗര്‍ഭധാരണം സാധ്യമാകുകയും ചെയ്യാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ക്ക് മരുന്നുകളുടെ സഹായം മൂലം മാത്രമേ പിസിഒഎസ് ചികിത്സിക്കാന്‍ സാധിക്കാറുള്ളു. ഇന്‍സുലിന്‍ പ്രതിരോധശേഷിയുള്ള ആളുകളില്‍ മെറ്റ്‌ഫോര്‍മിന്‍ എന്ന മരുന്ന് ഫലം കാണാറുണ്ടെന്നും ഗര്‍ഭധാരണത്തിന് സഹായകമാകാറുണ്ടെന്നും ഡോക്ടര്‍ മാധുരീ റോയ് ചൂണ്ടിക്കാട്ടുന്നു. ശരീരം ഭാരം കുറയ്ക്കുന്നതിനും ആര്‍ത്തവ ചക്രം പുനരാരംഭിക്കുന്നതിനും വന്ധ്യതാ മരുന്നുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും ഗര്‍ഭ അലസല്‍ നിരക്ക് കുറയ്ക്കുന്നതിനും മെറ്റ്‌ഫോര്‍മിന്‍ സഹായകമാകാറുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. മെറ്റ്‌ഫോര്‍മിനെ കൂടാതെ, ക്ലോമിഡ്, ലെട്രോസോള്‍ തുടങ്ങിയവയാണ് പിസിഒഎസ് മൂലം ബുദ്ധിമുട്ടുന്നവരിൽ ഗര്‍ഭധാരണം സാധ്യമാക്കാന്‍ സഹായിക്കുന്ന മറ്റ് ചില മരുന്നുകൾ.

  വന്ധ്യതാ ചികിത്സ

  വന്ധ്യതാ ചികിത്സകളില്‍ IUI ഉള്ള ഗോണഡോട്രോപിനുകള്‍ വിജയിച്ചില്ല എങ്കില്‍ ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) അല്ലങ്കില്‍ ഐവിഎം (ഇന്‍ വിട്രോ മെച്ചുറേഷന്‍) ആണ് അടുത്ത ഘട്ടമെന്ന് ഡോക്ടര്‍ മാധുരീ റോയ് അഭിപ്രായപ്പെടുന്നു. കൂടുതല്‍ വന്ധ്യതാ പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് ചിലപ്പോള്‍ ഒരു അണ്ഡദാതാവിനെ ആവശ്യമായി വരാറുണ്ടെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുവേ പ്രായക്കൂടുതല്‍ ഉള്ള ആളുകളിലാണ് ഇത് ആവശ്യം വരിക. ചില സ്ത്രീകളില്‍ പിസിഒഎസ് ചികിത്സയ്ക്കായി ഓവേറിയന്‍ ഡ്രില്ലിങ്ങ് അല്ലെങ്കില്‍ ഓവേറിയന്‍ വെഡ്ജ് റീസെഷന്‍ പോലുള്ള ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ ആവശ്യമായി വരാറുണ്ട്. അവരില്‍ അണ്ഡാശയ ക്ഷമത കുറയാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു അണ്ഡദാതാവിന്റെ ആവശ്യം ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. ഇക്കാരണത്താലാണ്, പ്രധാനമായി, പിസിഒഎസ് ചികിത്സിക്കായി ശസ്ത്രക്രിയ നടപടികളെ ആശ്രയിക്കാന്‍ കഴിവതും നിര്‍ദ്ദേശിക്കാത്തതെന്ന് ഡോക്ടര്‍ മാധുരീ റോയ് പറയുന്നു.
  Published by:user_57
  First published: