സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ തക്കാളി പനി (tomato flu) വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. കൊല്ലത്ത് (Kollam) അഞ്ച് വയസ്സിൽ താഴെയുള്ള 80-ലധികം കുട്ടികളിൽ ഇതുവരെ 'തക്കാളി പനി' സ്ഥിരീകരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സർക്കാർ ആശുപത്രികളിൽ നിന്ന് ലഭ്യമാകുന്ന റിപ്പോർട്ട് അനുസരിച്ച് സ്ഥിരീകരിച്ച എല്ലാ കേസുകളിലും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഉൾപ്പെടുന്നത്.
സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള കേസുകൾ കൂടി ഉൾപ്പെടുത്തിയാൽ കേസുകളുടെ എണ്ണം ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ അധികൃതർ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കുട്ടികൾക്കിടയിൽ തക്കാളി പനിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ അങ്കണവാടികൾ അടച്ചിട്ടിരിക്കുകയാണ്.
എന്താണ് തക്കാളിപ്പനി?
തക്കാളി പനി കൂടുതലായും കുട്ടികളിൽ കണ്ടു വരുന്ന ഒരു വൈറൽ പനിയാണ്. തക്കാളി പനി അനുഭവപ്പെടുന്നവരിൽ പനിയുടെ ലക്ഷണങ്ങൾ അധികം പ്രകടമാവില്ല. തക്കാളിപ്പനി വൈറൽ പനിയാണോ അതോ ചിക്കുൻഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമാണോ എന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. രോഗം ബാധിച്ച കുട്ടിക്ക് ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ് , നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ തുടുത്തു വരും. ഈ കുമിളകളുടെ നിറം സാധാരണയായി ചുവപ്പാണ്, അതിനാൽ ആണ് ഇതിനെ തക്കാളി പനി എന്ന് വിളിക്കുന്നത്.
രോഗലക്ഷണങ്ങൾ
തിണർപ്പ്, ചർമ്മത്തിലെ അസ്വസ്ഥത എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം ബാധിച്ച കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവ അനുഭവപ്പെടും. കൈകൾ, കാൽമുട്ടുകൾ, നിതംബം എന്നിവിടങ്ങളിലെ നിറവ്യത്യാസമാണ് മറ്റ് ചില ലക്ഷണങ്ങൾ. രോഗബാധിതരായ കുട്ടികൾക്ക് വയറുവേദന, ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം എന്നിവയും അനുഭവപ്പെടാം. ചുമ, തുമ്മൽ, മൂക്കൊലിപ്പ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.
കാരണങ്ങൾ
ഈ രോഗത്തിന്റെ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. തക്കാളിപ്പനിയുടെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. കൊല്ലത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് നിലവിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്, എന്നാൽ കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത് മറ്റ് പ്രദേശങ്ങളിലേക്കും പടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രതിരോധ നടപടികൾ
മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും കുട്ടികളിൽ കണ്ടാൽ ഉടനടി ചികിത്സ തേടണം. രോഗബാധിതരായ കുട്ടികൾക്ക് നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകി ശരീരത്തിലെ ജലാംശം നിലനിർത്താൻ ശ്രമിക്കണം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന കുമിളകൾ അല്ലെങ്കിൽ തിണർപ്പ് പോലുള്ളവയിൽ ചൊറിയാൻ പാടില്ല. ശരീരം വൃത്തിയോടെ സൂക്ഷിക്കണം. ശുചിത്വം പാലിക്കണം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. രോഗികൾ ധാരാളം വിശ്രമിക്കണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.