• HOME
  • »
  • NEWS
  • »
  • life
  • »
  • Teenage | അമ്മ പറഞ്ഞാൽ കേൾക്കാത്ത കൗമാരം; ഈ മാറ്റത്തിനു കാരണമെന്ത്? ഉത്തരം കണ്ടെത്തി ശാസ്ത്രം

Teenage | അമ്മ പറഞ്ഞാൽ കേൾക്കാത്ത കൗമാരം; ഈ മാറ്റത്തിനു കാരണമെന്ത്? ഉത്തരം കണ്ടെത്തി ശാസ്ത്രം

കുട്ടികൾക്ക് 13 വയസ്സ് ആകുമ്പോഴേയ്ക്കും അമ്മയുടെ ശബ്ദത്തിന് വലിയ സ്വീകാര്യതയൊന്നും കൊടുക്കില്ലെന്നാണ് പഠനം പറയുന്നത്.

  • Share this:
    കുട്ടികൾ വളർന്നു വരുമ്പോൾ അമ്മമാർ പറയുന്നത് കേൾക്കാത്തതും അവർക്ക് ചെവി കൊടുക്കാത്തതും സാധാരണയായി കണ്ടു വരുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ചും കൗമാര പ്രായത്തിലൊക്കെ എത്തുമ്പോൾ പുതിയ ആളുകൾ പറയുന്നത് കേൾക്കാനും സുഹൃത്തുക്കളോടൊത്ത് സമയം ചെലവഴിക്കാനും ഒക്കെയായിരിക്കും ഭൂരിഭാ​ഗം പേർക്കും താത്പര്യം. ഇതിനു പിന്നിൽ ഒരു ശാസ്ത്രീയകാരണം ഉണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ജേണൽ ഓഫ് ന്യൂറോസയൻസിലാണ് (Journal of Neuroscience) പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് എംആർഐ (MRI) ബ്രെയിൻ സ്കാനുകൾ ഉപയോഗിച്ച് പഠനം നടത്തിയത്. കൗമാരപ്രായക്കാർ മാതാപിതാക്കളിൽ നിന്ന് എങ്ങനെ അകലുന്നു എന്നതിന്റെ ആദ്യത്തെ ന്യൂറോബയോളജിക്കൽ വിശദീകരണമാണ് ഈ പഠനത്തിലുള്ളത്.

    Also Read- Ginger | ഇഞ്ചി അമിതമായി ഉപയോഗിക്കേണ്ട; പാര്‍ശ്വഫലങ്ങള്‍ ഇവയാണ്

    കുട്ടികൾക്ക് 13 വയസ്സ് ആകുമ്പോഴേയ്ക്കും അമ്മയുടെ ശബ്ദത്തിന് വലിയ സ്വീകാര്യതയൊന്നും കൊടുക്കില്ലെന്നാണ് പഠനം പറയുന്നത്. ''ഒരു കുഞ്ഞിന് അമ്മയുടെ ശബ്ദത്തോട് തോന്നുന്ന അടുപ്പം പോലെ ഒരു കൗമാരക്കാരന് പുതുമയുള്ള ശബ്ദങ്ങളോടാണ് താത്പര്യം തോന്നുക. കൗമാരപ്രായത്തിൽ, നിങ്ങൾക്ക് സുഹൃത്തുക്കളെയും പുതിയ കൂട്ടാളികളെയും ഒക്കെ ലഭിക്കും. അവരോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ മനസ് അതുവരെ അപരിചിതമായ ഈ ശബ്ദങ്ങളോട് കൂടുതൽ ആകർഷിക്കപ്പെടുകയും ചെയ്യുന്നു'', പഠനത്തിൽ പങ്കാളിയായ ഡാനിയൽ അബ്രാംസ് പറഞ്ഞു.

    കൗമാരപ്രായക്കാരുടെ മസ്തിഷ്കം അവർ കേൾക്കുന്ന എല്ലാ പുതിയ ശബ്ദങ്ങളോടും കൂടുതൽ ആകൃഷ്ടർ ആയിരിക്കുമെന്നും അബ്രാമിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. റിവാർഡ് സർക്യൂട്ടും മസ്തിഷ്ക കേന്ദ്രങ്ങളും പ്രധാനപ്പെട്ട ഈ പ്രായത്തിൽ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. മസ്തിഷ്കത്തിന്റെ ഈ ഭാഗങ്ങൾ അമ്മയുടെ ശബ്ദത്തേക്കാൾ അപരിചിതമായ ശബ്ദങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകുന്നുവെന്നും പഠനം കണ്ടെത്തി.

    Also Read- People | ഇവരെ ചേർത്തു പിടിക്കാം; നിങ്ങൾക്കു ചുറ്റും ഉണ്ടായിരിക്കേണ്ട അഞ്ചു തരം ആളുകൾ

    ഈ മാറ്റം ആരോഗ്യകരമായ പക്വതയുടെ ലക്ഷണമാണെന്നും ഗവേഷകർ പറഞ്ഞു. "ഒരു കുട്ടി ഒരു ഘട്ടമെത്തുമ്പോൾ സ്വതന്ത്രനാകുന്നു, അത് അടിസ്ഥാനപരമായ ഒരു ബയോളജിക്കൽ മാറ്റമായി കണക്കാക്കണം" പഠനത്തിൽ പങ്കാളിയായ വിനോദ് മേനോൻ പറഞ്ഞു. ഈ മാറ്റം കൗമാരക്കാരെ പുറംലോകവുമായി കൂടുതൽ ആഴത്തിൽ ഇടപഴകാനും അവരുടെ കുടുംബത്തിന് പുറത്ത് ബന്ധങ്ങൾ സ്ഥാപിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

    2016-ൽ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് പുതിയ പഠന റിപ്പോർട്ട്. കുട്ടികൾ ജനിക്കുന്നതിന് മുമ്പ് അമ്മയുടെ ശബ്ദവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുവെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓട്ടിസവും മറ്റ് മാനസിക രോ​ഗാവസ്ഥകളും ഉള്ള കൗമാരക്കാരുടെ തലച്ചോറിനെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ഈ പഠനത്തിലൂടെ സഹായിക്കുമെന്നും ​ഗവേഷകർ അഭിപ്രായപ്പെടുന്നു.

    ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 10 നും 19 നും ഇടയിൽ പ്രായമുള്ള ഒരു വ്യക്തിയെ ആണ് കൗമാരക്കാരനായി നിർവചിക്കുന്നത്. മിക്ക ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ, ശക്തി, പ്രതികരണ സമയം, ഓർമ എന്നിവയെല്ലാം കൗമാരപ്രായത്തിൽ കൂടുതൽ വേ​ഗത്തിലാകാറുണ്ട്.
    Published by:Rajesh V
    First published: