• HOME
  • »
  • NEWS
  • »
  • life
  • »
  • Mental Health | മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്ന് പറയാൻ പുരുഷൻമാർ മടിക്കുന്നത് എന്തുകൊണ്ട്?

Mental Health | മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്ന് പറയാൻ പുരുഷൻമാർ മടിക്കുന്നത് എന്തുകൊണ്ട്?

പൊതുവിൽ പുരുഷൻമാർ തങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഇഷ്ടപ്പെടാറില്ല

പ്രതീകാത്മക ചിത്രം/Shutterstock

പ്രതീകാത്മക ചിത്രം/Shutterstock

  • Last Updated :
  • Share this:
    എല്ലാ വർഷവും ജൂണിലാണ് ആഗോളതലത്തിൽ മെൻസ് ഹെൽത്ത് വീക്ക് (Men’s Health Week) ആചരിക്കുന്നത്. പുരുഷൻമാരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കുന്നതിനും ബോധവൽക്കരണം നടത്താനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. ശരീരത്തിൻെറ ആരോഗ്യത്തിനൊപ്പം മനസ്സിൻെറ ആരോഗ്യത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ പൊതുവിൽ പുരുഷൻമാർ തങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് (Mental Health Issues) തുറന്ന് സംസാരിക്കാൻ ഇഷ്ടപ്പെടാറില്ല. നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. പൊതുവിൽ തങ്ങൾ ധൈര്യശാലികളാണെന്നും ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ മറ്റുള്ളവർ കളിയാക്കും എന്നൊക്കെയാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്.

    എന്നാൽ പുരുഷൻമാർ ഈ പ്രശ്നങ്ങൾ പറയാൻ മടിക്കുന്നതിന് മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. അവ താഴെ പറയുന്നവയാണ്:

    ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

    പുരുഷ ഹെൽത്ത് ഫോറത്തിൻെറ കണക്കുകൾ പ്രകാരം ഓരോ വർഷവും 1,91,000 പേർക്ക് ജോലിയുടെ സമ്മർദ്ദം കാരണം വിഷാദരോഗവും ഉത്കണ്ഠയും ഉണ്ടാവുന്നുണ്ട്. ജോലിത്തിരക്ക് കാരണം വ്യക്തിപരമായ ജീവിതത്തിന് ഇവർക്ക് സമയം ലഭിക്കുന്നില്ല. ഇത് കാരണമാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നത്.

    സാമ്പത്തിക ബാധ്യതകൾ

    സാമ്പത്തികമായ ബാധ്യതകളും ബുദ്ധിമുട്ടുകളും കാരണമാണ് വലിയൊരു വിഭാഗം പുരുഷൻമാർക്കും മാനസികാരോഗ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ജോലിസ്ഥലത്ത് പ്രതീക്ഷിച്ച ശമ്പളം ലഭിക്കാത്തത് ഒരു കാരണമാവാം. ബില്ലുകൾ കൃത്യമായി അടയ്ക്കാൻ സാധിക്കുമോയെന്ന ആശങ്കകൾ, കുടുംബത്തിനായി സാധനങ്ങൾ വാങ്ങുന്നതിനായി പണം കണ്ടെത്തേണ്ടതിൻെറ ചിന്തകൾ എന്നിവയെല്ലാം പലരെയും ബുദ്ധിമുട്ടിലാക്കും. ആരോഗ്യപ്രശ്നങ്ങൾക്കായി പണം ചെലവാക്കുന്നതും കുട്ടികൾക്ക് വേണ്ടി വിചാരിച്ച പേലെ പണം ചെലവാക്കാൻ സാധിക്കുന്നില്ലെന്നതുമൊക്കെ സാമ്പത്തികമായ ആശങ്കകളാണ്. ഇവയെല്ലാം മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. വരവിനനുസരിച്ച് ചെലവ് ചെയ്തില്ലെങ്കിൽ പ്രശ്നങ്ങൾ വല്ലാതെ സങ്കീർണമായി മാറുകയും ചെയ്യും.

    എല്ലാ പ്രശ്നങ്ങളും സ്വയം പരിഹരിക്കണമെന്ന ചിന്ത

    വലിയ പ്രശ്നങ്ങളിലൂടെ മുന്നോട്ട് പോകുമ്പോഴും മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടാൻ പുരുഷൻമാർ മടിക്കാറുണ്ട്. തങ്ങൾക്ക് കൈകാര്യം ചെയ്യാൻ പറ്റാത്തത്ര വലുതാണ് പ്രശ്നമെന്ന് പലരും മനസ്സിലാക്കാറില്ല. പ്രശ്നങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുന്നത് വളരെ പ്രധാനമാണ്. ആത്മസുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന ഉപദേശങ്ങൾ ഗുണകരമായിരിക്കും. എന്നാൽ ആരോടെങ്കിലും പറഞ്ഞാൽ താൻ മോശക്കാരനായി പോവുമോയെന്ന ചിന്തയിൽ പുരുഷൻമാർ പലപ്പോഴും എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കുന്നു.

    നല്ല സുഹൃത്തോ സഹപ്രവർത്തകനോ കുടുംബാംഗമോ ഒക്കെ സഹായിക്കാൻ തയ്യാറായിരിക്കും. പക്ഷേ അവരിൽ നിന്ന് കാര്യങ്ങൾ മറച്ച് വെച്ചാൽ അവർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ഒറ്റയ്ക്ക് സമ്മർദ്ദം ഏറ്റെടുത്ത് അത് വലിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് പോവുകയും ചെയ്യും. “പുരുഷൻമാർക്കും ആൺകുട്ടികൾക്കും ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുക” എന്നതാണ് മെൻസ് ഹെൽത്ത് വീക്കിൻെറ ഈ വർഷത്തെ ആപ്തവാക്യം. വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയാണ് ഇത് പ്രഖ്യാപിച്ചത്. ലോകത്തെമ്പാടുമുള്ള പുരുഷൻമാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പരിഗണന നൽകാനും ഈ വർഷം ലക്ഷ്യമിടുന്നുണ്ട്.
    Published by:Naveen
    First published: