• HOME
 • »
 • NEWS
 • »
 • life
 • »
 • HEALTH WHY INDIA FACES SHORTAGE OF MEDICINES TO TREAT BLACK FUNGUS INFECTION MM

Explained | ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായുള്ള മരുന്നിന് ക്ഷാമം നേരിടുന്നത് എന്തുകൊണ്ട്?

ഇതുവരെ 9,000 ത്തിലധികം പേർക്ക് അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

മരുന്നിന് ക്ഷാമം നേരിടുന്നത് എന്തുകൊണ്ട്?

മരുന്നിന് ക്ഷാമം നേരിടുന്നത് എന്തുകൊണ്ട്?

 • Share this:


  രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ് ഫംഗസ് അണുബാധ ബാധിക്കുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ 9,000 ത്തിലധികം പേർക്ക് അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ രോഗത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രധാന മരുന്നായ ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബിയ്ക്ക് ഇന്ത്യയിൽ ക്ഷാമം നേരിടുന്നുണ്ട്. നിരവധി സ്ഥലങ്ങളിൽ മരുന്നിന് അമിത വില ഈടാക്കുന്നതായും പൂഴ്ത്തി വയ്പ്പുകൾ നടക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് മരുന്നിന്റെ കുറവിനുള്ള കാരണങ്ങൾ വിശദീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

  രോഗത്തെക്കുറിച്ച് അറിയാം

  മ്യൂക്കോമൈക്കോസിസ് ഒരു അപൂർവ ഫംഗസ് അണുബാധയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ 2019 ലെ ജേണൽ ഓഫ് ഫംഗിയിലെ ഒരു പ്രബന്ധം അനുസരിച്ച് ഇന്ത്യയിൽ 10 ലക്ഷം ആളുകളിൽ 140 പേർക്ക് രോഗം എന്ന രീതിയിലാണ് കണക്കുകൾ. പാക്കിസ്ഥാനോടൊപ്പം ഏറ്റവും ഉയർന്ന കണക്കുകൾ രേഖപ്പെടുത്തിയ രാജ്യമാണ് ഇന്ത്യയും.

  മെയ് 15 ന് എയിംസ് ഡയറക്ടറും ഇന്ത്യയുടെ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് അംഗവുമായ ഡോ: രൺദീപ് ഗുലേറിയ കോവിഡാനന്തര മ്യൂക്കോമൈക്കോസിസ് (സി‌എ‌എം) എന്നറിയപ്പെടുന്ന അനുബന്ധ ഫംഗസ് അണുബാധയുടെ വർദ്ധനവ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി. കോവിഡ് ചികിത്സയിൽ “സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം” ഇതിന് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷം, ആരോഗ്യ മന്ത്രാലയം ‘ബ്ലാക്ക് ഫംഗസ്’ എന്നറിയപ്പെടുന്ന ഈ അണുബാധയുടെ സംശയാസ്പദവും സ്ഥിരീകരിച്ചതുമായ കേസുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

  ഇന്ത്യയിൽ 8,848 മ്യൂക്കോമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡ പറഞ്ഞു. പകുതിയോളം കേസുകൾ ഗുജറാത്തിലും (2,281) മഹാരാഷ്ട്രയിലുമാണ് (2,000) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ചികിത്സ

  ഈ രോഗത്തിന്റെ ചികിത്സ എത്രയും വേഗത്തിൽ ആരംഭിച്ചിരിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. രോഗം നേരത്തെ തന്നെ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്. ചില സന്ദർഭങ്ങളിൽ ഫംഗസ് നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആവശ്യമായി വരും. രോഗത്തിനായി ഉപയോഗിക്കുന്നത് ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബി കുത്തിവയ്പ്പാണ്. ഇത് ഒരു ആന്റി ഫംഗസ് മരുന്നാണ്. അത് ലഭ്യമല്ലെങ്കിൽ, അടുത്ത ചോയ്സ് ആംഫോട്ടെറിസിൻ ബി ഡിയോക്സിചോളേറ്റ് (പ്ലെയിൻ) കുത്തിവയ്പ്പാണ്. മൂന്നാമത്തെ ഓപ്ഷൻ ഐസാവുക്കോണസോൾ ആണ്. നാലാമത്തെ ഓപ്ഷൻ പോസകോണസോളാണ്. ഇത് ടാബ്‌ലെറ്റായും കുത്തിവയ്പ്പായും ലഭിക്കും.

  “ഞങ്ങൾ ലിപ്പോസോമൽ ആംഫോട്ടെറിസിൻ കുത്തിവയ്പ്പിലൂടെയാണ് ചികിത്സ ആരംഭിക്കുന്നത്. അത് ലഭ്യമല്ലെങ്കിൽ മറ്റ് മരുന്നുകളിലേക്ക് മാറും. ആംഫോട്ടെറിസിൻ ബി ഡിയോക്സിചോളേറ്റും ഫലപ്രദമാണ്, പക്ഷേ ഇത് വൃക്കയ്ക്ക് കേടുവരുത്തും. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളില്ലാത്ത ചെറുപ്പക്കാരായ രോഗികളിൽ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്, ” എന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഡോക്ടറായ തനു സിങ്കാൽ പറയുന്നു.  ആംഫോട്ടെറിസിൻ ക്ഷാമം

  ആംഫോട്ടെറിസിൻ ഉപയോഗിച്ചുള്ള ചികിത്സ 4-6 ആഴ്ച നീണ്ടുനിൽക്കും. ചികിത്സാ സമയത്ത് മരുന്നിന്റെ 90-120 കുത്തിവയ്പ്പുകൾ ആവശ്യമാണ്. കൂടാതെ ഈ ചികിത്സയ്ക്ക് 5 ലക്ഷം -8 ലക്ഷം രൂപ വരെ ചെലവാകും. എന്നാൽ മരുന്നിന്റെ അഭാവമാണ് പ്രധാന തടസ്സമായി ഉയർന്നു വരുന്നത്. ഒരു രോഗിക്ക് ശരാശരി 100 കുപ്പി മരുന്ന് വരെ ആവശ്യമായി വന്നേക്കാം. നിലവിൽ രോഗം ബാധിച്ച 9,000-ഓളം ആളുകൾക്ക് ആംഫോട്ടെറിസിന്റെ 9-10 ലക്ഷം കുത്തിവയ്പ്പുകൾ ആവശ്യമാണ്.

  ഭാരത് സെറംസ് & വാക്സിൻസ്, ബിഡിആർ ഫാർമസ്യൂട്ടിക്കൽസ്, സൺ ഫാർമ, സിപ്ല, ലൈഫ് കെയർ ഇന്നൊവേഷൻസ് എന്നിവയാണ് ആംഫോട്ടെറിസിൻ നിർമ്മിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനികൾ. കേസുകളുടെ എണ്ണം വളരെ കുറവായതിനാൽ ഉൽ‌പാദന അളവും കമ്പനികൾ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ സർക്കാർ ഇടപെടലിനെ തുടർന്ന് എല്ലാ നിർമ്മാതാക്കളും ചേർന്ന് മെയ് മാസത്തിൽ 1.63 ലക്ഷം കുപ്പി മരുന്നുകൾ ഉത്പാദിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

  മെയ് 21 ന് പുറത്തിറക്കിയ ഒരു അറിയിപ്പ് അനുസരിച്ച് 3.63 ലക്ഷം കുപ്പി മരുന്നുകൾ ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. മെയ് 10-31 കാലയളവിൽ ആംഫോട്ടെറിസിൻ ബി യുടെ 67,930 കുത്തിവയ്പ്പുകൾ മാത്രമാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര ഉത്പാദനം ജൂണിൽ 2.55 ലക്ഷം കുപ്പികളായി ഉയർത്തുമെന്നും 3.15 ലക്ഷം കുപ്പി മരുന്നുകൾ ഇറക്കുമതി ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.

  തടസ്സങ്ങൾ

  മരുന്ന് ഉണ്ടാക്കാനാവശ്യമായ രണ്ട് അസംസ്കൃത വസ്തുക്കളുടെ കുറവാണ് ഉൽ‌പാദനത്തെ പ്രധാനമായും ബാധിച്ചിരിക്കുന്നത്. ആദ്യത്തേത് ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഘടകമായ (എപിഐ) ആംഫോട്ടെറെസിൻ ബി ആണ്. ഇതിന്റെ പ്രധാന വിതരണക്കാർ സാരാഭായ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സിൻ‌ബയോട്ടിക്സ് ലിമിറ്റഡ് ആണ്. സാരാഭായ്ക്ക് പ്രതിമാസം 25 കിലോ വിതരണം ചെയ്യാൻ കഴിയും. അതിലൂടെ 1.5 ലക്ഷം -2 ലക്ഷം കുപ്പി മരുന്നുകൾ നിർമ്മിക്കാൻ കഴിയുമെന്ന്,” ബിഡിആർ ഫാർമസ്യൂട്ടിക്കൽസ് ചെയർമാനും എംഡിയുമായ ധർമേഷ് ഷാ പറഞ്ഞു.

  ചില ആഭ്യന്തര നിർമ്മാതാക്കൾ നോർത്ത് ചൈന ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിൽ (എൻസിപിസി) നിന്ന് ഈ എപിഐ വാങ്ങുന്നുണ്ടെന്നും ഷാ പറഞ്ഞു. ജൂൺ അവസാനത്തോടെ 40-50 കിലോഗ്രാം വരെ നൽകാമെന്ന് ഇവർ ഉറപ്പ് നൽകി. ആംഫോട്ടെറെസിൻ എപിഐ വിതരണം ചെയ്യുന്നതിന് സെജിയാങ് ഫാർമയ്ക്ക് അടിയന്തര താൽക്കാലിക അനുമതി നൽകണമെന്ന് നിർമ്മാതാക്കൾ ഡ്രഗ് കൺട്രോളർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  വിതരണ തടസ്സം നേരിടുന്ന രണ്ടാമത്തെ അസംസ്കൃത വസ്തു ലിപോസോമൽ ആംഫോട്ടെറെസിൻ ബി ഉൽ‌പാദിപ്പിക്കുന്നതിനുള്ള ശുദ്ധീകരിച്ച സിന്തറ്റിക് ലിപിഡുകളാണ്. എം‌ആർ‌എൻ‌എ വാക്സിനുകൾ നിർമ്മിക്കുന്നതിന് ലിപിഡുകൾക്ക് ആഗോളതലത്തിൽ ആവശ്യക്കാർ ഏറെയാണ്. ഡിസംബറിൽ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ലിപ്പോയിഡിന് നൽകിയ ഓർഡറുകൾ അയച്ചതായി നിർമ്മാതാക്കൾ പറഞ്ഞു. എല്ലാ മരുന്ന് നിർമ്മാതാക്കൾക്കും അടുത്ത 4-6 ആഴ്ചകളിൽ സ്ഥിതി സുഗമമാക്കുമെന്നും ഷാ ഇന്ത്യൻ എക്സ്പ്രെസിനോട് പറഞ്ഞു.

  ഇന്ത്യയിലെ ഏക ലിപിഡ് വിതരണക്കാർ മുംബൈ ആസ്ഥാനമായുള്ള വി‌എവി ലൈഫ് സയൻസസ് മാത്രമാണ്. ഇവരുടെ പ്രതിമാസ ശേഷി 21 കിലോഗ്രാം ആണ്. ഓഗസ്റ്റിൽ ഇത് 65 കിലോയായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എംഡി അരുൺ കെഡിയ പറഞ്ഞു.

  Keywords: Black Fungus, Mucormycosis, Medicine, India, Covid 19, ബ്ലാക്ക് ഫംഗസ്, മ്യൂക്കോമൈക്കോസിസ്, മരുന്ന്, ഇന്ത്യ, കോവിഡ് 19

  Published by:user_57
  First published:
  )}