ശരീര വേദന, തലവേദന, ചെറിയ പനി ഇവയൊക്കെയാണ് കോവിഡ് വാക്സിന്റെ പ്രധാന പാര്‍ശ്വഫലങ്ങള്‍. ഇവ ശരീരം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെയും കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് പഠിക്കുന്നതിന്റെയും സൂചനയാണ്. എന്നാല്‍ യുഎസില്‍ നിരവധി പേര് വിശ്വസിക്കുന്നത് മരുന്ന് നിര്‍മ്മാതാക്കളും ഡോക്ടര്‍മാരും ഒരിക്കലും മുന്നറിയിപ്പ് നല്‍കാത്ത മറ്റ് പാര്‍ശ്വഫലങ്ങളും വാക്സിനുണ്ടാകാമെന്നാണ്. ചിലര്‍ ആര്‍ത്തവചക്രത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല ഗവേഷകരും ഗൈനക്കോളജിസ്റ്റുകളും വാക്സിനുകളും റിപ്പോര്‍ട്ടു ചെയ്ത ഈ മാറ്റങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്നുണ്ടെങ്കിലും ചിലരുടെ എങ്കിലും ആശങ്ക അവസാനിപ്പിച്ചിട്ടില്ല. വാക്സിനുകള്‍ ആര്‍ത്തവത്തെ ബാധിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.
ഇല്ലിനോയിസ് അര്‍ബാന-ചാമ്പെയ്ന്‍ സര്‍വകലാശാലയിലെ ഹ്യൂമന്‍ റീപ്രൊഡക്ടീവ് ഇക്കോളജിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമായ കേറ്റ് ക്ലാന്‍സി, സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ബയോളജിക്കല്‍ ആന്ത്രോപോളജിസ്റ്റ് കാതറിന് ലീ എന്നിവര്‍ ഇതിനൊരു മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനം, അണ്ഡാശയ ഹോര്‍മോണുകള്‍, ആര്‍ത്തവചക്രങ്ങള്‍ എന്നിവയെക്കുറിച്ചാണ് പതിറ്റാണ്ടുകളായി ക്ലാന്‍സി ഗവേഷണം നടത്തുന്നത്. ലീ ഒരു ഡാറ്റ എഞ്ചിനീയര്‍ കൂടിയാണ്. 'ആര്‍ത്തവവിരാമത്തിന് ശേഷം ആരോഗ്യമുള്ള മുതിര്‍ന്ന സ്ത്രീകളില്‍ ജീവിതത്തിലുടനീളം ശാരീരിക പ്രവര്‍ത്തനങ്ങളും പ്രത്യുത്പാദന ഹോര്‍മോണുകളും തമ്മിലുള്ള ബന്ധമാണ്' ലീയുടെ പഠന വിഷയം.
പ്രതിരോധ കുത്തിവയ്പ്പിനു ശേഷം തങ്ങളുടെ ആര്‍ത്തവത്തില്‍ മാറ്റം ശ്രദ്ധയില്‍പ്പെട്ടതായി പറയുന്ന 140,000 ലധികം റിപ്പോര്‍ട്ടുകള്‍ ഈ ഗവേഷകര്‍ ശേഖരിച്ചു. ലീയും ക്ലാന്‍സിയും ഒരു തുറന്ന പഠന റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തുന്നുണ്ട്.
സ്വന്തം അനുഭവമാണ് ക്ലാന്‍സിയെ ഈ പഠനത്തിലേയ്ക്ക് നയിച്ചത്. വാക്സിന് ഡോസിന് ശേഷം തനിയ്ക്ക് അമിതാ രക്തസ്രാവമാണ് ഉണ്ടായതെന്ന് ക്ലാന്‍സി പറയുന്നു. സ്വന്തം അനുഭവം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം ഇത്തരത്തില്‍ 'ധാരാളം ഇമെയിലുകളും ഇന്‍സ്റ്റാഗ്രാം ഡിഎമ്മുകളും ട്വീറ്റുകളും' തനിയ്ക്ക് ലഭിച്ചുവെന്ന് ക്ലാന്‍സി പറയുന്നു.
ആരോഗ്യകരമായ ആര്‍ത്തവചക്രം എന്നത് സങ്കീര്‍ണ്ണമായ ഒരു ഹോര്‍മോണ്‍ പ്രക്രിയയാണ്. അത് ഓരോ വ്യക്തികളിലും ഓരോ മാസത്തിലും വ്യത്യാസപ്പെടാം, സമ്മര്‍ദ്ദം, മരുന്നുകള്‍, അടുത്തിടെയുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം തുടങ്ങിയവയൊക്കെ ആര്‍ത്തവത്തിലെ അസ്വാഭാവിക മാറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്.
യുഎസില്‍ അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ച മൂന്ന് കോവിഡ് -19 വാക്സിന് നിര്‍മ്മാതാക്കളും ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. ആര്‍ത്തവ സമയത്തും മറ്റും വാക്സിനെടുക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാക്സിന് ആര്‍ത്തവത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താനാകുമോ എന്നറിയാന്‍ വാക്സിന് സേഫ്റ്റി ഡാറ്റാലിങ്ക് എന്ന് വിളിക്കപ്പെടുന്ന ഒരു ഡാറ്റാബേസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഏജന്‍സി അവലോകനം ചെയ്യുകയാണെന്ന് ഒരു സിഡിസി വക്താവ് ന്യൂസ് പോര്‍ട്ടലായ എന്‍പിആറിനോട് പറഞ്ഞു.
ആര്‍ത്തവചക്രത്തിലെ ഹൃസ്വകാല മാറ്റങ്ങള്‍
വാക്സിനേഷന് ശേഷമുള്ള ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍ ഹ്രസ്വകാലത്തേയ്ക്ക് മാത്രം നിലനില്‍ക്കുന്നതാണെന്നാണ് കരുതുന്നതെന്ന് ലീ പറയുന്നു. പ്രതിരോധ കുത്തിവയ്പ്പിന് ശേഷം, സര്‍വേയില്‍ പങ്കെടുത്ത പലരും ആര്‍ത്തവചക്രത്തില്‍ അപ്രതീക്ഷിത സമയത്ത് അമിത രക്തസ്രാവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലര്‍ക്ക് സ്പോട്ടിംഗ് കാണപ്പെട്ടിട്ടുണ്ട്.
ആര്‍ത്തവത്തിലെ മാറ്റങ്ങളും ഇതുമായി ബന്ധപ്പെട്ട പാര്‍ശ്വഫലങ്ങളും ഔദ്യോഗികമായി പട്ടികപ്പെടുത്തിയിട്ടില്ലെന്ന് ?ഗവേഷകര്‍ പറയുന്നു. ആര്‍ത്തവ പ്രശ്നങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വാക്സിനുകളുടെ വിശ്വാസ്യതയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്നും ലീ പറയുന്നു.
വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവരോട് തലവേദനയോ കൈവേദനയോ പോലുള്ള ചെറിയ പാര്‍ശ്വഫലങ്ങളെക്കുറിച്ച് മാത്രമാണ് ചോദിക്കുന്നത്. എന്നാല്‍ 'നിങ്ങളുടെ ആര്‍ത്തവം ക്രമരഹിതമാണോ? അമിത രക്തസ്രാവമുണ്ടോ?' എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്നില്ല. ഈ ഡാറ്റ ശേഖരിക്കാത്തതിനാല്‍, ട്രയലില്‍ പങ്കെടുക്കുന്നവര്‍ക്ക് ആര്‍ത്തവത്തിലെ മാറ്റങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കഴിയുന്നില്ല.
ചില സമീപകാല പഠനങ്ങളില്‍ ഒരു സൈക്കിള്‍ സമയത്ത് ഗര്‍ഭാശയ ഭിത്തി കെട്ടിപ്പടുക്കുന്നതിലും തകര്‍ക്കുന്നതിലും രോഗപ്രതിരോധ കോശങ്ങള്‍ പങ്കു വഹിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 'നിങ്ങള്‍ ഒരു പ്രതിരോധ കുത്തിവയ്പ്പ് ഉപയോഗിച്ച് നിങ്ങളുടെ രോഗപ്രതിരോധ നില മാറ്റുമ്പോള്‍, നിങ്ങള്‍ക്ക് ആര്‍ത്തവത്തിലും അല്‍പ്പം മാറ്റം വരാന്‍ സാധ്യതയുണ്ട്' ലീ പറയുന്നു.
ആര്‍ത്തവവും വാക്സിനും സംബന്ധിച്ച ഗവേഷണം ബുദ്ധിമുട്ടേറിയതാകാന് കാരണമെന്ത്?
വാക്സിന് ആര്‍ത്തവത്തെ ബാധിക്കുന്നുണ്ടോ ഇല്ലയോ എന്ന് തെളിയിക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം ആര്‍ത്തവചക്രം ഓരോ വ്യക്തികളിലും ഓരോ സൈക്കിളുകളിലും വ്യത്യാസപ്പെടാറുണ്ട്.
'ആര്‍ത്തവ ചക്രം പഠിക്കുക എന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്, കാരണം അതിനെ ബാധിക്കുന്ന മറ്റ് നിരവധി കാര്യങ്ങളുണ്ട്,' ന്യൂയോര്‍ക്ക് സിറ്റിയിലെ കോര്‍ണല്‍ മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളഡിസ്റ്റായ ഡോ. ലോറ റൈലി പറയുന്നു.
മാനസിക പിരിമുറുക്കം അല്ലെങ്കില്‍ ചെറിയ അസുഖങ്ങള്‍ പോലുള്ള ഘടകങ്ങള്‍ പോലും രക്തസ്രാവത്തിന്റെ അളവും മറ്റും മാറാന്‍ കാരണമാകുന്നുണ്ട്. ചില ആളുകള്‍ക്ക് എല്ലായ്പ്പോഴും ക്രമരഹിതമായ ആര്‍ത്തവ ചക്രമായിരിക്കും ഉണ്ടാകുക.
കോവിഡ് -19 വാക്സിനുകളും ആര്‍ത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്കാന് കഴിഞ്ഞില്ലെങ്കിലും, ഭാവിയില്‍ മരുന്നുകളുടെയും വാക്സിനുകളുടെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആര്‍ത്തവത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കുകയും വേണമെന്ന് റൈലി പറയുന്നു.
സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് വാക്സിന് സ്വീകരിക്കരുതെന്ന വ്യാജ പ്രചരണം നിരവധി ആളുകളിലെത്തിയിരുന്നു. സ്ത്രീകള്‍ അവരുടെ ആര്‍ത്തവകാലത്തിന് മുമ്പുള്ള അഞ്ചു ദിവസവും ആര്‍ത്തവകാലത്തിന് ശേഷമുള്ള അഞ്ചു ദിവസവും കോവിഡ് വാക്സിന് എടുക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശം. എന്നാല്‍, ഇത് മുഴുവനായും തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ പ്രതിരോധശേഷി കുറവായിരിക്കുമെന്നും അതുകൊണ്ടു തന്നെ ആര്‍ത്തവചക്രത്തിന് മുമ്പും പിമ്പുമുള്ള അഞ്ചു ദിവസങ്ങളില്‍ കോവിഡ് വാക്സിന് എടുക്കരുതെന്നും ആയിരുന്നു വ്യാജസന്ദേശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 Vaccination