മാനസികാരോഗ്യത്തിന് (Mental Health) നിങ്ങളുടെ ജീവിതത്തിൽ മാത്രമല്ല ശരീരത്തിലും ഹാനികരമായ ഫലങ്ങൾ ഉളവാക്കാൻ കഴിയും. സമ്മർദ്ദം (Stress), ഉത്കണ്ഠ (Anxiety), വിഷാദം (Depression) എന്നിവയാൽ കഷ്ടപ്പെടുന്ന വ്യക്തികളുടെ ശരീരഭാരം കൂടുകയും മുടി കൊഴിയുകയും ചെയ്യാറുണ്ട്. അതുപോലെ ഇവർക്ക് നിരന്തരമായി ക്ഷീണവും തളർച്ചയും മറ്റും അനുഭവപ്പെടാനും സാധ്യത ഉണ്ട്. എന്നാൽ മോശം മാനസികാരോഗ്യം വായിലെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ? ചില വ്യക്തിപരമായ കാരണങ്ങളാൽ അമിതമായ സമ്മർദ്ദം അനുഭവിക്കുന്നവർ ഉണ്ട്. ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനായി പലരും പുകവലി, മദ്യപാനം, രാത്രി വൈകിയുള്ള ലഘുഭക്ഷണം, അമിതമായി ഭക്ഷണം കഴിക്കൽ എന്നിവ പോലുള്ള പ്രതിരോധ മാർഗങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, ഇത് പിന്നീട് ഇവരുടെ പല്ലിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിച്ചേക്കാം.
മടിയും ക്ഷീണവും കാരണം, ഒരു വ്യക്തിക്ക് ഭക്ഷണം ഉണ്ടാക്കാൻ തോന്നിയേക്കില്ല, ഇത് പോഷകാഹാരക്കുറവിലേക്ക് നയിക്കും. ഒരാൾ ധാരാളം മധുരപലഹാരങ്ങളും ജങ്ക് ഭക്ഷണങ്ങളും കഴിക്കാൻ തുടങ്ങന്നതോടെ പല്ലിന്റെ ഇനാമൽ നഷ്ടപ്പെടാൻ തുടങ്ങും. ഇതിന്റെ അനന്തരഫലമായി പല്ല് നശിക്കുകയും പല്ലിൽ ദ്വാരങ്ങൾ വീഴാൻ തുടങ്ങുകയും ചെയ്യും.
വായ നല്ല വൃത്തിയായി സൂക്ഷിക്കുന്ന ശീലം ഉണ്ടായിരുന്നിട്ടും വിഷാദരോഗം ബാധിച്ച ആളുകൾക്ക് ബേണിംഗ് മൗത്ത് സിൻഡ്രോം ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ പോഷകാഹാര കുറവ് മൂലമാകാം ഇത്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിൽ ദന്ത ചികിത്സാ ഭയം (Dental anxiety) ഇന്ന് വളരെ സാധാരണമായ ഒന്നാണ്. ഇത് ഒരു ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞേക്കാം, അതിനാൽ പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന കൂടുതൽ പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. വിഷാദവും ഉത്കണ്ഠയും ഉള്ളവർക്ക് വേദന കൂടുതലായി അനുഭവപ്പെടാൻ സാധ്യത ഉണ്ട്. കാരണം അവർ വേദനയോട് കൂടുതൽ വേഗത്തിൽ പ്രതികരിക്കും. മാനസികാരോഗ്യ പ്രശ്നം ഉള്ളവർക്ക് നൽകുന്ന ആന്റിഡിപ്രസന്റ് (Antidepressant) മരുന്നുകൾക്ക് വായ വരളുന്നത് ഉൾപ്പടെ നിരവധി പാർശ്വഫലങ്ങൾ ഉണ്ട്. വായ വരളുന്നത് മോണ രോഗത്തിനുള്ള സാധ്യത ഉയർത്തും.
വിഷാദം, ഉത്കണ്ഠ എന്നിവയെ നേരിടാനുള്ള അനാരോഗ്യകരമായ മാർഗ്ഗങ്ങൾ മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നിവയാണ്. മദ്യം മോണരോഗത്തിന് കാരണമാകുന്നു. പുകവലിയും മയക്കു മരുന്നും പല്ലിൽ കറ (tar) അടിഞ്ഞുകൂടുന്നതിന് കാരണമാകും, വായിലെ അർബുദത്തിന്റെ കാരണങ്ങളിലൊന്നായി ഇത് എളുപ്പത്തിൽ മാറിയേക്കാം.
മാനസികാരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും ദന്തരോഗങ്ങളിലേക്ക് നയിക്കാറുണ്ട്. അത് ഒരാളുടെ ആത്മവിശ്വാസം കുറയ്ക്കുകയും അവരുടെ മാനസികാരോഗ്യം കൂടുതൽ വഷളാക്കുകയും ചെയ്യും. ഇതിൽ അകപ്പെടാതിരിക്കാനും നിങ്ങളുടെ വായുടെ ശുചിത്വം സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനും ചില മാർഗങ്ങൾ ഇതാ:
1. പല്ലിൽ ദ്വാരങ്ങൾ ഉണ്ടാകുന്നതിനും പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതിനും കാരണമാകുന്ന ജങ്ക് ഭക്ഷണങ്ങൾ മധുര പലഹാരങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
2. മോണരോഗത്തിനും വായിലെ അർബുദത്തിനും കാരണമാകുന്ന പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് അകന്ന് നിൽക്കുക.
3. ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കുക, വായ നന്നായി കഴുകാൻ മൗത്ത് വാഷ് ഉപയോഗിക്കുക.
4. പല്ലുകൾക്കിടയിൽ പ്ലാക്ക് അടിഞ്ഞു കൂടുന്നില്ലെന്ന് ഉറപ്പാക്കാൻ ഡെന്റൽ ഫ്ലോസ് ഉപയോഗിക്കുന്നത് നല്ലതാണ്.
5. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുക.
6. പതിവായി ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുക
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.