ചെറിയ കുട്ടികൾ ഇടയ്ക്കിടെ നാവ് പുറത്തിടുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഇത് കാണുമ്പോൾ ചില രക്ഷിതാക്കളെങ്കിലും ആശങ്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇതെന്തെങ്കിലും മോശം ശീലമാണോയെന്ന് കരുതുന്നവരുമുണ്ട്. ചെറുപ്പത്തിൽ കുട്ടികൾക്ക് അങ്ങനെ പല ശീലങ്ങളുമുണ്ടാവാറുണ്ട്. വിരൽ കുടിയ്ക്കുന്നതും മറ്റും കുട്ടികളിൽ പൊതുവായി കണ്ടുവരാറുണ്ട്. വളരെ ചെറിയൊരു ശതമാനം മാത്രമാണ് വലുതാവുമ്പോഴും ചെറുപ്പത്തിലെ ശീലങ്ങൾ തുടരാറുള്ളത്. കുട്ടികൾ സംസാരിച്ച് തുടങ്ങാത്തതിനാൽ എന്തിന് വേണ്ടിയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്ന് രക്ഷിതാക്കൾക്ക് മനസ്സിലാവാറില്ല. കുഞ്ഞ് ആവശ്യപ്പെടുന്നതിന് നേർവിപരീതമായ കാര്യം രക്ഷിതാക്കൾ ചെയ്യുന്ന സന്ദർഭങ്ങളുമുണ്ടാവാറുണ്ട്.
ജനിച്ച് അധികം പ്രായമാവാത്ത കുട്ടികളിൽ നാക്ക് പുറത്തിടുന്നത് വളരെ സ്വാഭാവികമായി കാണുന്ന ഒരു കാര്യം മാത്രമാണ്. അൽപം മുതിർന്ന കുട്ടികളും പല കാരണങ്ങളാൽ ഇടയ്ക്കിടെ നാവ് പുറത്തിടാറുണ്ട്. നാവ് പുറത്തിടുന്നത് വെറുതെയാണെന്ന് കരുതേണ്ട. ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും കുട്ടികൾ ഇങ്ങനെ ചെയ്യുന്നത്. താഴെ പറയുന്നവ അവയിൽ ചിലത് മാത്രമാണ്.
കുഞ്ഞിന് വിശക്കുന്നു...
വിശക്കുമ്പോൾ ചില കുട്ടികൾ നാവ് പുറത്തിടാറുണ്ട്. ഈ സമയത്ത് നാവ് കൊണ്ട് ചുണ്ടുകൾ നനയ്ക്കുന്നതും കാണാം. വിശക്കുന്നുണ്ടെന്ന് പറയാൻ സാധിക്കില്ലല്ലോ. അപ്പോൾ പിന്നെ ഇതൊക്കെ തന്നെയാണ് വഴിയെന്ന് കുഞ്ഞുങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. എന്നിട്ടും മനസ്സിലായെങ്കിൽ കരച്ചിലും വാശിയുമൊക്കെ തുടങ്ങിയെന്നും വരാം. വിശക്കുമ്പോൾ മാത്രമല്ല, കളിക്കാൻ താൽപ്പര്യപ്പെടുമ്പോഴും കുട്ടികൾ ഇങ്ങനെ ചെയ്തേക്കും. അടുത്ത് വേറെ കുട്ടികൾ ഉണ്ടെങ്കിൽ അവരോട് പരിചയം കാണിക്കുന്നതിൻെറ ഭാഗമായും കുട്ടികൾ ഇങ്ങനെ നാവ് പുറത്തിടാറുണ്ട്. അവരോടൊപ്പം കളിക്കാനുള്ള ആഗ്രഹം കൂടിയാണ് കുഞ്ഞ് പ്രകടിപ്പിക്കുന്നത്.
കുട്ടി വായിലൂടെ ശ്വസിക്കുന്നു
മൂക്കിലൂടെയല്ലാതെ വായിലൂടെയും ചിലപ്പോൾ കുട്ടികൾ ശ്വസിക്കാൻ ശ്രമിക്കാറുണ്ട്. ഇങ്ങനെ വായിലൂടെ ശ്വസിക്കാൻ നോക്കുന്നതിനാലാണ് നാവ് പുറത്തിടുന്നതെന്നും അഭിപ്രായമുണ്ട്. മുതിർന്നവർ മൂക്കിലൂടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ സാധാരണ ഗതിയിൽ വായിലൂടെ ശ്വസിക്കാൻ ശ്രമിക്കാറുണ്ട്. നാവ് പുറത്തിട്ട് തന്നെയാണ് ഇങ്ങനെ ശ്വസിക്കാറുള്ളത്. ഇതേ കാര്യം തന്നെയാണ് കുട്ടികളും ചെയ്യുന്നതത്രേ. ചെറുപ്പത്തിലേ കുട്ടികൾ വായിലൂടെ ശ്വസിക്കാൻ പഠിച്ച് തുടങ്ങുന്നതാണ്.
കുട്ടികൾ പല്ല് തേക്കുന്നതാവാം
കുട്ടികൾ പല്ല് വൃത്തിയാക്കാൻ പല സൂത്രങ്ങളും കണ്ടുവെച്ചിട്ടുണ്ട്. മുതിർന്നവർ പല്ല് തേക്കുന്നത് പോലെ കുട്ടികളുടെ കുഞ്ഞരിപ്പല്ലുകൾ വൃത്തിയാക്കാറില്ലല്ലോ. അപ്പോൾ പല്ല് വൃത്തിയാക്കാൻ വേണ്ടിയും നാവ് പുറത്തിടുന്ന ശീലം കുട്ടികൾക്കുണ്ടായേക്കാം. പല്ലിന് വലിപ്പം കൂടുന്നതോടൊപ്പം കുട്ടിക്ക് മോണയിൽ ചെറിയ തോതിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. വായ നന്നായി വൃത്തിയാക്കിയില്ലെങ്കിലും കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതിനാലാവാം നാക്ക് പുറത്തിട്ട് പല്ല് വൃത്തിയാക്കാൻ ശ്രമിക്കുന്നത്. ചിലപ്പോൾ കുട്ടികൾ നാവ് പുറത്തിട്ട് ചവയ്ക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ചൊറിച്ചിൽ അസഹ്യമാവുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി നാക്ക് പുറത്തിടുമ്പോൾ കുട്ടിയെ ശ്രദ്ധിച്ച് നോക്കൂ. ഇതിൽ ഏതെങ്കിലുമൊരും കാരണം നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിച്ചേക്കും.
മുന്നറിയിപ്പ്: ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന, ആരോഗ്യവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ പൊതുവിവരങ്ങളുടെയും സാധാരണ കണ്ടുവരാറുള്ള രീതികളുടെയും അടിസ്ഥാനത്തിലുള്ളതാണ്. വായനക്കാർ ആധികാരികമായ വിശദാംശങ്ങൾ അറിയാൻ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.