• HOME
 • »
 • NEWS
 • »
 • life
 • »
 • HEALTH WORK FROM HOME MAY CAUSE DAMAGE TO SPINAL CORD GH

വർക്ക് ഫ്രം ഹോം നട്ടെല്ലിന് ക്ഷതമേൽപ്പിച്ചേക്കാം; ഡോക്ടർമാരുടെ മുന്നറിയിപ്പ്

കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തിന് ശേഷം 'വർക്ക് ഫ്രം ഹോം' ജോലികൾ ചെയ്യുന്ന എല്ലാ ആൾക്കാർക്കും സംഭവിക്കാൻ സാധ്യതയുള്ള ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരിയായ ജീവിതശൈലികൾ പിന്തുടരുന്നതിലൂടെ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെടുന്നു.

(Representative Image).

(Representative Image).

 • Share this:
  സൗമ്യ കൽസ

  ഒരു പ്രശസ്ത കമ്പനിയിലെ ആർക്കിടെക്റ്റായ സുനിൽ കുമാർ കോവിഡ് -19 ലോക്ക്ഡൗൺ കാരണം ഒരു വർഷമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്‌ നടുവേദന ആരംഭിക്കുന്നതുവരെ കാര്യങ്ങളെല്ലാം തന്നെ വലിയ കുഴപ്പങ്ങൾ കൂടാതെ കടന്നു പോയിരുന്നു. അസഹനീയമായ നടുവേദന ആരംഭിച്ചതോടുകൂടിയാണ് അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞത്. താനിരുന്ന് ജോലി ചെയ്യുന്ന കസേരയുടെ കുഴപ്പം ആണെന്ന് കരുതി അദ്ദേഹം കസേര മാറ്റുകയും ചെയ്തു. കുറച്ച് ദിവസത്തേക്ക് വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും വേദന പൂർവാധികം ശക്തിയോടെ തിരിച്ചെത്തുക തന്നെ ചെയ്തു. തുടക്കത്തിൽ, വേദനസംഹാരികൾ, സ്പ്രേകൾ, ഹോട്ട് വാട്ടര്‍ ബാഗുകൾ എന്നിവയൊക്കെ താൽക്കാലിക ശമനം നൽകിയെങ്കിലും അതൊന്നും അധിക കാലത്തേക്ക് നീണ്ടുനിന്നില്ല. സുഷുമ്‌നാ നാഡിയിലെ വരണ്ടുണങ്ങിപ്പോയ രണ്ട് ഡിസ്കുകൾ ശരിയാക്കാൻ അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു.

  "ഇക്കാര്യത്തിൽ ഞാൻ ഏറെ വൈകിപ്പോയി എന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ ദൈവാധീനം കൊണ്ട് അത് ഗുരുതരമാകുന്ന രീതിയില്‍ അത്രയേറെ വൈകിട്ടുണ്ടായിരുന്നില്ല. അല്ലായിരുന്നുവെങ്കിൽ തുടര്‍ന്നുള്ള എൻറെ ജീവിതകാലം മുഴുവനും ഞാനൊരു മുടന്തനായി മാറിയേനെ. അപ്രകാരം സംഭവിക്കാത്തതിന്‌ ഞാൻ ഈശ്വരനോട് നന്ദി പറയുന്നു. എൻറെ ഈ അനുഭവത്തിൽനിന്ന് മറ്റുള്ളവർ ഒരു പാഠം പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സത്യം പറയട്ടെ, നമ്മുടെ ദോഷകരമായ ജീവിതശൈലികളെ നമ്മൾ അവഗണിക്കരുത്,” സുനിൽ കുമാർ ന്യൂസ്18 നോട് പറഞ്ഞു.

  “എനിക്ക് ഇതുവരെ കൊവിഡ് 19 രോഗം വരാത്തതിൽ ദൈവത്തിനോട് നന്ദിയുണ്ട്. അത് ഒഴിച്ചുള്ള ബാക്കി എല്ലാ കാര്യങ്ങളും ഞാൻ വളരെ നിസ്സാരമായിട്ടാണ് ഇതുവരെ കണ്ടിരുന്നത്. വാസ്തവത്തില്‍ എൻറെ ശരീരം എനിക്കു നൽകിയ എല്ലാ സൂചനകളും ഞാൻ അവഗണിച്ചിരുന്നു. നമ്മളെല്ലാവരും അപ്രകാരമാണല്ലോ ചെയ്യുന്നത്. എന്തിനധികം പറയുന്നു, ശസ്ത്രക്രിയ ടേബിളിൽ എത്തുന്നതുവരെ ഒരു വര്‍ഷക്കാലത്തോളം കാര്യങ്ങളൊക്കെ അങ്ങനെതന്നെ തുടരുകയാണുണ്ടായത്. ആ സൂചനകൾ എല്ലാം തന്നെ ഞാൻ നേരത്തെ ശ്രദ്ധിക്കുകയും കാര്യങ്ങളെ ഗൗരവമായി കാണുകയും ചെയ്തിരുന്നുവെങ്കിൽ എനിക്ക് ഇത്രത്തോളം വേദന അനുഭവിക്കേണ്ടി വരുമായിരുന്നില്ല," സുനിൽ കുമാർ കൂട്ടിച്ചേർത്തു.

  ഇത് വെറും ഒരു സുനിൽകുമാറിനു മാത്രം സംഭവിക്കുന്ന കാര്യമല്ല. കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തിന് ശേഷം 'വർക്ക് ഫ്രം ഹോം' ജോലികൾ ചെയ്യുന്ന എല്ലാ ആൾക്കാർക്കും സംഭവിക്കാൻ സാധ്യതയുള്ള ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരിയായ ജീവിതശൈലികൾ പിന്തുടരുന്നതിലൂടെ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെടുന്നു.

  'വർക്ക് ഫ്രം ഹോം' ജോലികളെല്ലാം തന്നെ നമ്മൾ ഇപ്പോൾ ജോലി ചെയ്യുന്ന രീതികളെയൊക്കെ മാറ്റി മറിച്ചിരിക്കുകയാണ്. നേരത്തെയാണെങ്കില്‍, ആളുകൾ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുകയും നിശ്ചിത മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുമായിരുന്നു. അതുപോലെ, കോവിഡ് വ്യാപനം ഉണ്ടാകുന്നതിനുമുമ്പ് ജോലിക്ക് പോകുമ്പോൾ നിശ്ചിത മണിക്കൂർ നേരമാണ്‌ നാം ഷിഫ്റ്റുകളിൽ പ്രവർത്തിക്കുമായിരുന്നത്. എന്നാൽ ഇപ്പോഴാകട്ടെ, കാര്യങ്ങൾ ഒന്നും തന്നെ അപ്രകാരമല്ല നടക്കുന്നത്. പകരം വീട്ടിലിരുന്ന്, നിങ്ങൾ എല്ലായ്പ്പോഴും 'ലോഗിൻ' ചെയ്യുന്നു. സമയനിഷ്ഠയില്ലാതെയും ആരോഗ്യ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെയും ജോലിയിൽ തുടരുന്നു.

  ആരോഗ്യത്തിന്റെ കാര്യത്തിൽ, ഈ പുതിയ അസാധാരണമായ ജീവിതശൈലിയിലൂടെ തങ്ങൾ എന്താണ് നഷ്ടപ്പെടുന്നതെന്ന് ആളുകളാരും തന്നെ തിരിച്ചറിയുന്നില്ലെന്ന് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്പൈന്‍ സെന്റർ (ഐപിഎസ്സ് സി) ഡയറക്ടറും (സൗത്ത്) ഐപിഎസ്സ്സി വാഴ്സിറ്റി ഹെഡുമായ ഡോ. സ്വാതി ഭട്ട് മുന്നറിയിപ്പ് നൽകുന്നു. “കൂടുതൽ നേരം ഒരേ ഇരിപ്പ് ഇരിക്കുന്നതിലൂടെ സുഷുമ്‌നാ നാഡിയുടെ ഡിസ്കുകളിൽ നാം സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ചലിക്കാനുള്ള നമ്മുടെ കഴിവിനെ സഹായിക്കുന്ന വളരെ നിർണായകമായ ഭാഗങ്ങളാണ് ഈ ഡിസ്കുകൾ. ഒരാൾ അനങ്ങാതെയും നടക്കാതെയും ഒരേയിരുപ്പ് ഇരിക്കുന്നതിലൂടെ ചലിക്കാനുള്ള കഴിവ് പരിമിതമാകുകയും, തന്മൂലം അസ്ഥികൾ ഡിസ്കുകളെ സമ്മർദ്ദത്തിലാക്കുകയും അവയെ ഞെരുക്കുകയും ചെയ്യും,” ഭട്ട് പറഞ്ഞു.

  “മിക്കപ്പോഴും, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾ ആവശ്യമായ പോഷകാഹാരം കഴിക്കുന്നതിനും വേണ്ടത്ര വെള്ളം കുടിക്കുന്നതിനും പലപ്പോഴും ശ്രദ്ധിക്കാറില്ല. ഇതിനോടകംതന്നെ ഉണ്ടായിരുന്ന മറ്റ് പ്രശ്നങ്ങളെ ഇത് ഗുരുതരമാക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഡിസ്കുകൾക്ക് നിർജ്ജലീകരണമുണ്ടാക്കുന്നതിനു കാരണമാകുന്നു. ക്രമേണ അത് ഡിസ്കുകളെ ദുർബലമാക്കുകയും ചെയ്യുന്നു,” ഭട്ട് കൂട്ടിച്ചേർത്തു.

  20 മുതൽ 40 വയസ്സുവരെയുള്ള മിക്ക ആള്‍ക്കാരിലും കാണപ്പെടുന്ന വിട്ടുമാറാത്ത ഒന്നാണ്‌ ഈ നടുവേദനയെന്ന് ഡോ. സ്വാതി പറയുന്നു. അത്തരത്തിലുള്ള രോഗികളിലെ വേദന മാറ്റുന്നതിനായി പലപ്പോഴും ഞങ്ങൾക്ക് തുടർ ചികില്‍സാ നടപടിക്രമങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. ഇത് പൂർണ്ണമായും തടയാൻ കഴിയുന്ന സാഹചര്യമാണെന്നും ഈ വേദന നാം തന്നെ ക്ഷണിച്ചുവരുത്തുന്നതാണെന്നും ആൾക്കാർ മനസ്സിലാക്കണം എന്ന് അവർ കൂട്ടിച്ചേർക്കുന്നു.

  "സുഷുമ്‌നാ നാഡിയുടെ കേടുപാടുകൾ തീർത്തും മാറ്റാനാവാത്ത തരത്തിലുള്ള ഗുരുതരമായ പല കേസുകളും ഉണ്ടെന്ന് ആൾക്കാർ അറിയണം. തെറ്റായ രീതിയിലുള്ള അംഗവിന്യാസങ്ങള്‍ (ബോഡി പോസ്ചര്‍), ശാരീരിക വ്യായമത്തിന്റെ അഭാവം, പോഷകാഹാരം എന്നിവയെയാണ് ഇവയ്ക്ക് കുറ്റപ്പെടുത്തേണ്ടത്. എല്ലാവരും മനസിലാക്കേണ്ട ഏറ്റവും പ്രധാനമായ കാര്യമെന്തെന്നാല്‍, ഏതെങ്കിലും വേദന ഒരാഴ്ചയിലേറെയായി തുടരുകയാണെങ്കിൽ, നിങ്ങള്‍ ഒരു ഡോക്ടറെ അടിയന്തരമായിത്തന്നെ കാണണം എന്നുള്ളതാണ്. ഡോക്ടറെ കാണുന്നത് പിന്നീടേക്ക് മാറ്റി വയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക."

  തങ്ങളുടെ ദിനചര്യയിൽ ചില മാറ്റം വരുത്താൻ സർക്കാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഈയിടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചുകൊണ്ട് ജനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. കിടക്കയിൽ കിടന്നുകൊണ്ട് ജോലി ചെയ്യരുതെന്നും ജോലി ചെയ്യുന്നതിന് യോഗ്യമായ ഒരു സ്ഥലം കണ്ടെത്താനും ഈ ലിസ്റ്റില്‍ അവര്‍ പറയുന്നു. ഓരോ രണ്ടു മണിക്കൂറിലും ജോലിസ്ഥലങ്ങള്‍ ഇടയ്ക്കിടയ്ക്ക് മാറ്റി ജോലി തുടരുന്നത് നന്നായിരിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.

  Also Read- 'അണ്ഡാശയത്തില്‍ കാന്‍സര്‍ ബാധിച്ച സാറയുടെ സ്വപ്നത്തെ മരുന്നുകളും റേഡിയേഷനും തളര്‍ത്തിയ നിമിഷം': ഡോക്ടറുടെ അനുഭവം

  “ഒരുപക്ഷേ, നിങ്ങളുടെ കിടക്കയിൽ നിന്നും 2 മണിക്കൂർ നേരം കഴിഞ്ഞ് ഡൈനിംഗ് ടേബിളിലേക്ക് നീങ്ങുന്നത് അല്പം കൂടി ആരോഗ്യകരമാണ്. തുടർന്ന് അവിടെ നിന്നും നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് മാറുക. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ആവശ്യമായ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങൾ പുറത്ത് പോയി ജോലി ചെയ്താലും വീട്ടിൽ തങ്ങി ജോലി ചെയ്താലും നിങ്ങളുടെ ശരീരത്തിലെ കലകൾ നിങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നതാണ്‌. അതിനാൽത്തന്നെ അവയ്ക്ക് നല്ല ഭക്ഷണവും ആവശ്യത്തിന് ജലവും ലഭിക്കണമെന്നത് നിർബന്ധമാണ്. നിങ്ങൾ ഭക്ഷണം കഴിക്കുന്നത് ഒരിക്കലും ഒഴിവാക്കരുത്. ശരീരത്തിന് ആവശ്യമായ ജലവും പോഷകസമൃദ്ധമായ ഭക്ഷണവും ലഭിച്ചാൽ തന്നെ പല പ്രശ്നങ്ങളും അതോടെ ഇല്ലാതാകും. പലപ്പോഴും ഭക്ഷണം കഴിക്കാൻ 10 മിനിറ്റില്‍ താഴെ സമയം മാത്രമേ എടുക്കൂ. അതിനാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമായ പോഷകങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക,” ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരിൽ ഒരാൾ പറയുന്നു.

  "വർക്ക് ഫ്രം ഹോം ശൈലിയില്‍ സമയം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കിൽ, ഓഫീസിലേക്ക് പോകുമ്പോൾ നിങ്ങൾ എങ്ങനെയാണോ ചെയ്യുന്നത് അപ്രകാരം ചെയ്യുക. നിങ്ങളുടെ ലഞ്ച് ബോക്സ് പായ്ക്ക് ചെയ്തുവയ്ക്കുകയും ഉച്ചഭക്ഷണ സമയത്ത് ആ ഭക്ഷണം കഴിക്കുകയും ചെയ്യാം," ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നു. അതുകൊണ്ട് തിടുക്കത്തിൽ വെപ്രാളപ്പെടാതെ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പുവരുത്താവുന്നതാണ്‌. അതോടൊപ്പം 2-3 ലിറ്റർ വെള്ളം നിറച്ചുവച്ച കുപ്പികൾ കുടിച്ചു തീർക്കണമെന്ന് വ്യക്തിപരമായ തീരുമാനമെടുക്കുന്നതും ഏറെ നന്നായിരിക്കും.“

  "കൂടാതെ, ഓരോ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുള്ള സമയത്തിനിടയില്‍ ഒരു ചെറിയ നടത്തവും ശീലിക്കുക. നിങ്ങൾ ജോലി ചെയ്യാൻ ഇരിക്കുന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റ് വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് പോകുക. കുറഞ്ഞപക്ഷം നിങ്ങൾ ഏതാനും ചുവടുകൾ വയ്ക്കുകയെങ്കിലും ചെയ്യും. നിങ്ങൾ തുടർച്ചയായി കോളുകൾ വരുന്ന വ്യക്തിയാണെങ്കിൽ, നിങ്ങള്‍ക്ക് നിങ്ങളുടെ ഇയർപ്ലഗുകൾ ധരിച്ചുകൊണ്ട്, നടക്കുന്നതിനിടെ സംസാരിക്കുകയും ചെയ്യാം. ഇത് നിങ്ങൾ ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കും," ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

  ഇവയെല്ലാം തന്നെ ഏതാനും ചില നിർദ്ദേശങ്ങൾ മാത്രമാണ്. ഓരോ വ്യക്തിക്കും അവരുടേതായ സ്വന്തം നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടാകുമല്ലോ, സ്വന്തം ജീവിതം സജീവമായി നിലനിര്‍ത്താൻ ഇതുപോലുള്ള മറ്റനേകം മാർഗ്ഗങ്ങളും അവര്‍ക്ക് അവലംബിക്കാവുന്നതാണ്‌. എല്ലാറ്റിനുമുപരിയായി ഓരോരുത്തരും അവരവരുടെ ആരോഗ്യകാര്യങ്ങളിൽ വളരെയേറെ ശ്രദ്ധിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്‌. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ആരോഗ്യ കാര്യങ്ങളിലും ഭക്ഷണ കാര്യങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തുന്നത് കോവിഡിനുശേഷവും ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിന്‌ അത്യന്താപേക്ഷിതമാണെന്ന് ഓർക്കുക.” വിവിധ ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
  Published by:Rajesh V
  First published:
  )}