• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH WORKER SAVES EIGHTEEN MONTH OLD GIRL WHO BECAME UNCONSCIOUS AFTER A STONE GETTING INTO THROAT

ഒന്നരവയസുകാരിയുടെ തൊണ്ടയിൽ കല്ലുകുടുങ്ങി ബോധംപോയി; പതിവുവഴി മാറി വന്ന ആരോഗ്യ പ്രവര്‍ത്തകൻ രക്ഷകനായി

ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലേക്ക് നീങ്ങിയ ഒരു വയസുകാരി ആയിഷ സെന്‍ഹയ്ക്ക് രക്ഷകനായി പ്രനൂപ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ബത്തേരി: കളിക്കുന്നതിനിടെ തൊണ്ടയില്‍ കല്ലു കുടുങ്ങിയ ഒരു വയസുകാരിയെ രക്ഷിച്ച് ബൈക്കിലെത്തിയ യുവാവ്. ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലേക്ക് നീങ്ങിയ ഒരു വയസുകാരി ആയിഷ സെന്‍ഹയ്ക്ക് രക്ഷകനായി പ്രനൂപ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്ത് തട്ടി കല്ല് പുറത്തെടുക്കുകയായിരുന്നു.

    അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ പോലും അപകടത്തിലാകുമായിരുന്നെന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനൊപ്പം കഴിയുന്ന മാതാവ് ഷഹാമത്ത് പറഞ്ഞു.

    രണ്ടാമത്തെ കുട്ടിയെ കുളിപ്പിക്കുന്നതിനായി ഷഹമാത്ത് മറിയപ്പോള്‍ ആയിഷയെ നോക്കാന്‍ ഏല്‍പ്പിച്ചത് മൂത്തകുട്ടിയായ ആറുവയസുകാരന്‍ മുഹമ്മദ് ഫര്‍സിനെയാണ്. എന്നാല്‍ കുട്ടിയുടെ കരച്ചിലിന്റെ ശബ്ദത്തില്‍ വ്യത്യാസം വന്നപ്പോഴാണ് ഷഹാമത്ത് വന്നു നോക്കിയത്.

    ജനാലയ്ക്ക് മുകളില്‍ കയറിനില്‍ക്കുന്ന മൂത്തകുട്ടിയുടെ അടുത്തേക്ക് ചെല്ലാനുള്ള ശ്രമത്തില്‍ കളിക്കുന്നതിനിടെ കയ്യില്‍ കരുതിയ കല്ല് വായിലിടുകയായിരുന്നു. മുകളിലേക്ക് നോക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കല്ല് കുടുങ്ങുകയായിരുന്നു. കുട്ടിയെ ഉടന്‍ പുറത്തേക്ക് എടുത്ത് ഓടുകയും തൊണ്ടയില്‍ കയ്യിട്ട് കല്ലെടുക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.

    തോളില്‍ തട്ടി നോക്കിയെങ്കിലും കല്ല് പോയില്ല . ശബ്ദം കേട്ട് അയല്‍വാസിയും എത്തി. ഷഹാമത്ത് അലറി വിളിച്ച് റോഡിലൂടെ ആദ്യം വന്ന ഓട്ടോറിക്ഷയുടെ മുന്നില്‍ കയറി നിന്ന് തടഞ്ഞു. ഈ സമയം അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപ് വണ്ടി നിര്‍ത്തി ഓടിയെത്തി.

    കുട്ടിയെ എടുത്ത് കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്ത് തട്ടി. അപ്പോള്‍ രക്തത്തോടൊപ്പം കല്ലും പുറത്തേക്ക് വന്നു. കല്ല് കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിയിരുന്നു. കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ കണ്ണുകള്‍ പുറത്തേക്ക് തള്ളി വന്നിരുന്നു. കണ്ണിന് കൂടുതല്‍ ചികിത്സ ആവശ്യമുള്ളതിനാല്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.

    മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരനാണ് പ്രനൂപ്. ജീവന്‍ രക്ഷാ മാര്‍ഗങ്ങളില്‍ ആശുപത്രിയില്‍ നിന്ന് പരിശീലനം ലഭിച്ചിരുന്നെന്ന് പ്രനൂപ് പറഞ്ഞു. പതിവുവഴി വിട്ട് എളുപ്പവഴിയായ അമ്പുകുത്തിയിലൂടെ ആദ്യമായി വന്നതാണെന്നും പ്രനൂപ് പറഞ്ഞു.
    Published by:Jayesh Krishnan
    First published:
    )}