• HOME
  • »
  • NEWS
  • »
  • life
  • »
  • World Alzheimer’s Day: ഡിമെൻഷ്യയുടെ ആരംഭ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം? രോഗം എങ്ങനെ തടയാം?

World Alzheimer’s Day: ഡിമെൻഷ്യയുടെ ആരംഭ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം? രോഗം എങ്ങനെ തടയാം?

2030 ആകുമ്പോഴേക്കും ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം 78 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • Share this:
ലോകമെമ്പാടും ആളുകളുടെ ആയുസ്സ് വര്‍ദ്ധിക്കുമ്പോള്‍, ഡിമെന്‍ഷ്യ രോഗികളുടെ അഥവാ മറവി രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഓരോ 3 സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 2021 സെപ്റ്റംബര്‍ 2ന് പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മരണത്തിന് കാരണമാകുന്ന രോഗങ്ങളില്‍ ഏഴാം സ്ഥാനമാണ് ഡിമെന്‍ഷ്യയ്ക്കുള്ളത്. എന്നാല്‍ ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് ആളുകള്‍ക്കുള്ള അവബോധം വളരെ കുറവാണ്. മറവി, ആശയക്കുഴപ്പം അല്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ പോലുള്ള ആദ്യകാല ലക്ഷണങ്ങള്‍ പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ഒരു സാധാരണ ഭാഗമാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത് രോഗത്തിന്റെ കണ്ടെത്തല്‍ വൈകിപ്പിക്കുകയും ചികിത്സ ആരംഭിക്കാവുന്ന വിലയേറിയ സമയം നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും.

എന്താണ് ഡിമെന്‍ഷ്യ? ആദ്യകാല ലക്ഷണങ്ങള്‍ എന്തെല്ലാം?

ഡിമെന്‍ഷ്യ അഥവാ മറവി രോഗം പ്രായമാകുന്നതിന്റെ ഒരു സാധാരണ ഭാഗമല്ല. മറിച്ച് തലച്ചോറിലെ രോഗങ്ങളുടെയോ പരിക്കുകളുടെയോ ഫലമായി സംഭവിക്കുന്ന ഒരു സിന്‍ഡ്രോം അല്ലെങ്കില്‍ ഒരു കൂട്ടം ലക്ഷണങ്ങളാണ്. മസ്തിഷ്‌ക തകരാറുകളുടെ അടിസ്ഥാന കാരണങ്ങളാല്‍ വ്യത്യസ്തമായ പലതരം ഡിമെന്‍ഷ്യകളുണ്ട്. മറവിരോഗത്തിന്റെ ഏറ്റവും സാധാരണമായ രൂപമായ അല്‍ഷിമേഴ്‌സ് രോഗത്തില്‍ സാധാരണയായി 60-70% കേസുകളില്‍ ഓര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില അടയാളങ്ങള്‍ ഇവയാണ്: അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരുകള്‍ മറക്കുക

പരിചിതമായ സ്ഥലങ്ങളെക്കുറിച്ച് ആശയക്കുഴപ്പം സംഭവിക്കുക. ഉദാ. അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലേക്കുള്ള വഴി മറന്നു പോകുന്നത്.
ആശയവിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ട്. ഉദാഹരണത്തിന് സംസാരത്തിനിടെ വാക്കുകള്‍ കിട്ടാതെ വരിക അല്ലെങ്കില്‍ മറ്റ് വിഷയങ്ങളിലേയ്ക്ക് പെട്ടെന്ന് സംസാരം മാറ്റുക തുടങ്ങിയവ.
ധനകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലുള്ള പരിചിതമായ ജോലികള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട്.
സമയബോധം നഷ്ടപ്പെടുകയോ ആശയക്കുഴപ്പത്തിലാകുകയോ ചെയ്യുക.

ഡിമെന്‍ഷ്യ എങ്ങനെ തടയാം?

2030 ആകുമ്പോഴേക്കും ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം 78 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിമെന്‍ഷ്യ പ്രതിരോധത്തെക്കുറിച്ചുള്ള ലാന്‍സെറ്റ് കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2020ല്‍ ഡിമെന്‍ഷ്യയുടെ 40% വരെ തടയാവുന്നതും ചികിത്സിക്കാവുന്നതുമായ 12 അപകട ഘടകങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വയം രോഗത്തില്‍ നിന്ന് രക്ഷ നേടാന്‍ നമുക്കെല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു, ഉദാ: ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലിക്കരുത് അല്ലെങ്കില്‍ അമിതമായി മദ്യം കഴിക്കരുത്, പ്രായമായാലും പുതിയ കാര്യങ്ങള്‍ പഠിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവയില്‍പ്പെടുന്നു.

ലോക അല്‍ഷിമേഴ്‌സ് ദിനം

സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനമാണ്. ഈ വര്‍ഷത്തെ അല്‍ഷിമേഴ്‌സ് ദിന തീം 'ഡിമെന്‍ഷ്യയെ അറിയുക, അല്‍ഷിമേഴ്‌സ് അറിയുക' എന്നതാണ്. ഡിമെന്‍ഷ്യയുടെ നേരത്തെയുള്ള കണ്ടെത്തലും രോഗനിര്‍ണ്ണയവും അതിനോടൊപ്പം രോഗികള്‍ക്കൊപ്പം താമസിക്കുന്ന ആളുകള്‍ രോഗികളെ പരിചരിക്കേണ്ടതെങ്ങനെയെന്നും മനസ്സിലാക്കിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ജനസംഖ്യ വര്‍ദ്ധിക്കുന്നതോടെ, ഡിമെന്‍ഷ്യയുടെ നിരക്ക് 2050 ഓടെ മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഡിമെന്‍ഷ്യയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.
Published by:Jayashankar AV
First published: