നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Arthritis Day 2021 | ലോക ആർത്രൈറ്റിസ് ദിനം: എന്താണ് കുട്ടികളെ ബാധിക്കുന്ന ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്?

  World Arthritis Day 2021 | ലോക ആർത്രൈറ്റിസ് ദിനം: എന്താണ് കുട്ടികളെ ബാധിക്കുന്ന ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്?

  ശരീരം വഴങ്ങാതെ വരിക, സന്ധികളില്‍ വീക്കം ഉണ്ടാവുക, സന്ധികളില്‍ ഉണ്ടാകുന്ന വേദന തുടങ്ങിയവയാണ് ജുവനൈല്‍ ഇഡിയോപതിക്ക് ആര്‍ത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍.

  • Share this:
   സന്ധിവാതം എന്ന രോഗം നാം കൂടുതലായും വാര്‍ദ്ധക്യസഹജമായ രോഗങ്ങളുടെ കൂട്ടത്തിലാണ് കേട്ടിട്ടുള്ളത്. എന്നാല്‍ പ്രായമായവരെ മാത്രമല്ല വാതം ബാധിക്കുക. അത് യുവജനങ്ങളെയും ബാധിക്കാം. കുട്ടികളില്‍ ഉണ്ടാകുന്ന വാതരോഗം, ജുവനൈല്‍ ഇഡിയോപതിക്ക് ആര്‍ത്രൈറ്റിസ് (ജിഐഎ) എന്നാണ് അറിയപ്പെടുന്നത്. ശരീരം വഴങ്ങാതെ വരിക, സന്ധികളില്‍ വീക്കം ഉണ്ടാവുക, സന്ധികളില്‍ ഉണ്ടാകുന്ന വേദന തുടങ്ങിയവയാണ് ജിഐഎയുടെ പ്രധാന ലക്ഷണങ്ങള്‍.

   എങ്ങനെയാണ് ജിഐഎ രോഗ നിര്‍ണ്ണയം നടത്തുക?

   വാതത്തിന്റെ ലക്ഷണങ്ങളും, കുടുംബ പാരമ്പര്യവും പരിശോധിക്കുന്നതിലൂടെയും, ശാരീരിക പരിശോധനകള്‍ നടത്തുന്നതിലൂടെയും ഏതൊരു ഡോക്ടര്‍ക്കും രോഗ നിര്‍ണ്ണയം നടത്താന്‍ സാധിക്കുന്നതാണ്. ചില കേസുകളില്‍ എക്‌സ്-റേയുടെയും രക്ത പരിശോധനയുടെയും ആവശ്യവും വരാറുണ്ട്. ശരീരത്തിലെ നീര്‍വീക്കവും, വിളര്‍ച്ചയും, സ്വയം രോഗ പ്രതിരോധ രോഗങ്ങളും, കണ്ടെത്താനായാണ് ഈ പരിശോധനകള്‍ നടത്തുന്നത്.

   എന്താണ് ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസിലേക്ക് നയിക്കുന്ന കാരണങ്ങള്‍?

   ജുവൈനല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് എന്നു പറയുന്നത് ഒരു സ്വയം രോഗ പ്രതിരോധ അസുഖമാണ്. ശരീരത്തിലെ പ്രതിരോധ ഘടനകള്‍ അണുക്കളാണ് എന്ന് കരുതി സന്ധികളെ ആക്രമിക്കുന്ന ശാരീരിക അവസ്ഥയാണിത്. ഇത്തരത്തില്‍ സന്ധികള്‍ക്ക് നേരെ ആക്രമണുണ്ടാകുമ്പോള്‍ അത് സന്ധികളിലെ നീര്‍ക്കെട്ടിന് കാരണമാകുന്നു. എന്താണ് ഈ അവസ്ഥയിലേക്ക് നയിക്കുന്ന കാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചില കേസുകളില്‍ ഈ അവസ്ഥയിലേക്ക് നയിക്കുന്നത് പാരമ്പര്യ കാരണങ്ങളാണെങ്കില്‍, മറ്റു ചില അവസരങ്ങളില്‍ ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്, പുറത്തു നിന്നുള്ള അണുബാധയാണ്. മറ്റു ചിലപ്പോൾ രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാറ് തന്നെയുമാകാം രോഗ കാരണം.

   ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് എത്രത്തോളം ഗുരുതരമാണ്?

   ഈ അസുഖം മരുന്നുകള്‍ കൊണ്ട് കൈകാര്യം ചെയ്യാവുന്നതാണ്. ചില രോഗികളില്‍ രോഗ ലക്ഷണങ്ങള്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും മറ്റു ചിലപ്പോള്‍ കുറച്ച് കാലത്തേക്കും ഇല്ലാതാകും. ജുവൈനല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് രോഗബാധയുള്ള കുട്ടികള്‍ക്ക് കണ്ണിനും, ഹൃദയത്തിനും, ശ്വാസകോശത്തിനും, മലവിസര്‍ജ്ജനത്തിനും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം പത്തുലക്ഷത്തില്‍ കുറവ് ആളുകളിലാണ് ജുവൈനല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് ബാധിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

   ജുവൈനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് എത്ര വിധം?

   അടിസ്ഥാനപരമായി കുട്ടികളില്‍ കണ്ടു വരുന്ന ഈ വാതരോഗം ഒന്നോ രണ്ടോ സന്ധികളില്‍ ഉണ്ടാകുന്ന പനിയോട് കൂടിയും തടിപ്പോട് കൂടിയുമുള്ള വേദനയായാണ് വിശേഷിപ്പിക്കാറ്. ചില സന്ദര്‍ഭങ്ങളില്‍, ഇത് കോശ ദ്രാവക ഗ്രന്ഥികളിലുണ്ടാകുന്ന നീര്‍വീക്കത്തിനും, ഹൃദയത്തിനോ ശ്വാസകോശത്തിനോ ഉണ്ടാകുന്ന നീര്‍വീക്കത്തിനും കാരണമാകാറുണ്ട്. ഈ രോഗത്തിന്റെ മറ്റൊരു വകഭേദമാണ് പോളിആര്‍ട്ടികുലാര്‍ ജിഐഎ. അത് സാധാരണ രോഗ ലക്ഷണങ്ങള്‍ക്ക് വിപരീതമായി, രോഗം ബാധിച്ച് ആദ്യ ആറു മാസത്തിനുള്ളില്‍ തന്നെ അഞ്ചോ അതിലധികമോ സന്ധികളെയാണ് ബാധിക്കാറ്. കൂടാതെ ഇത് കുട്ടിയുടെ കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. ഇത് കൂടാതെ ഒലിഗോ ആര്‍ട്ടിക്കുലാര്‍ ജിഐഎ എന്ന പേരില്‍ മറ്റൊരു വാതരോഗവും കുട്ടികളില്‍ കാണപ്പെടാറുണ്ട്. ഇത് അഞ്ചില്‍ താഴെ സന്ധികളെയാണ് ബാധിക്കാറ്.

   ഇത് കൂടാതെ സോറിയാറ്റിക്ക് ജിഐഎ എന്നൊരു വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ചര്‍മ്മരോഗമായ സോറിയാസിസ് മൂലം കഷ്ടപ്പെടുന്ന കുട്ടികളിലാണ് കണ്ടു വരുന്നത്. ഇത് കൂടാതെ എല്ലിനുള്ളിലെ ചലന ഞരമ്പുകളെ ബാധിക്കുന്ന എന്തസൈറ്റിസ് മൂലമുള്ള വാതരോഗവും കുട്ടികളില്‍ കണ്ടു വരാറുണ്ട്.
   First published:
   )}