നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Egg Day | ഇന്ന് ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ അറിയാം

  World Egg Day | ഇന്ന് ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ അറിയാം

  ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിന് മുട്ട ഏറെ പ്രധാനമാണ്

  • Share this:
   ഇന്ന് ലോക മുട്ട ദിനം. ദിവസവും ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. പ്രോട്ടീൻ പവർഹൗസായ മുട്ടയിൽ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

   പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് ആരോഗ്യകരമായി നിലനിർത്താൻ കഴിയുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

   ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിന് മുട്ട ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ കൊച്ചു കുട്ടികൾക്ക് ദിവസവം ഒരു മുട്ടയെങ്കിലും നൽകണം. മുട്ടയിൽ അടങ്ങിയിട്ടുള്ള കോളിൻ എന്ന പോഷകമാണ് തലച്ചോറിന്‍റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നത്. കരളിൽ ഫാറ്റ് അടിഞ്ഞുകൂടുന്നത് കോളിൻ തടയുകയും ചെയ്യും.

   "ലോകത്തിലെ തന്നെ ഏറ്റവും പോഷകഗുണമുള്ള പ്രകൃതിദത്ത ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ് മുട്ട. ഇതിൻ്റെ ഗുണങ്ങൾ എണ്ണമറ്റതാണ്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് മുതൽ ശാരീരിക ആരോഗ്യത്തെ പിന്തുണയ്ക്കുന്നത് വരെ ഒരു കുട്ടിയുടെ വളർച്ചയെ സഹായിക്കുന്നത് വരെയുള്ള അനവധി ഗുണങ്ങൾ മുട്ടയ്ക്ക് ഉണ്ട്", ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നു. ലോക മുട്ടദിനത്തോടനുബന്ധിച്ച് മുട്ടകൾ ഭക്ഷണത്തിന്റെ അനിവാര്യ ഭാഗമാക്കാനുള്ള കാരണങ്ങൾ ഗോയൽ പട്ടികപ്പെടുത്തുന്നു.

   • ശരീരത്തിന് ആവശ്യമായ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല ഗുണനിലവാരമുള്ള പ്രോട്ടീന്റെ സമൃദ്ധമായ ഉറവിടം കൂടിയാണ് മുട്ട.
   • ഉയർന്ന പോഷക ഗുണങ്ങളുള്ള മുട്ടയ്ക്ക് ഒരാളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശാരീരിക വളർച്ചയെ സഹായിക്കാനും കഴിയും.
   • പോഷകസമൃദ്ധമായ ആഹാരം: സമീകൃതാഹാരത്തിലെ ഒരു പ്രധാന ഭക്ഷണമായി മുട്ടയെ ഉൾപ്പെടുത്താൻ സാധിക്കും. ഒരു വേവിച്ച മുട്ടയിൽ 77 കലോറി അടങ്ങിയിട്ടുണ്ട് കൂടാതെ വിറ്റാമിൻ എ, ബി 5, ബി 12, ബി 6, ഡി, ഇ, കെ എന്നിവയും ഫോളേറ്റ്, ഫോസ്ഫറസ്, സെലിനിയം, കാൽസ്യം, സിങ്ക്, 6 ഗ്രാം പ്രോട്ടീൻ, എന്നിവയും അതിൽ അടങ്ങിയിരിക്കുന്നു.
   • മുട്ട കോളിൻ സമ്പന്നമാണ്: വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനായ കോളിൻ കോശ സ്തരങ്ങൾ നിർമ്മിക്കാനും തലച്ചോറിൽ സിഗ്നലിംഗ് തന്മാത്രകൾ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു. വേവിച്ച ഒരു മുട്ടയിൽ ഏകദേശം 417 മി.ഗ്രാം കോളിൻ അടങ്ങിയിരിക്കുന്നു.
   • മെച്ചപ്പെട്ട കാഴ്ചശക്തി: ലുട്ടീൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമായ മുട്ടയുടെ മഞ്ഞക്കരു കണ്ണിലെ തിമിരം, പേശികളുടെ അപചയം എന്നിവയെ പ്രതിരോധിക്കാൻ സഹായകരമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. വ്യക്തമായ കാഴ്ചയ്ക്ക് ആവശ്യമായ ഒരു പ്രധാന വിറ്റാമിനായ വിറ്റാമിൻ എയും മുട്ടയിൽ ധാരാളമായുണ്ട്.
   • പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളുടെയും കലവറ: ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം ഗുണനിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ഭാരം നിയന്ത്രിക്കുന്നതിനും പേശികളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും നമ്മുടെ അസ്ഥികളെ സഹായിക്കുന്നതിനും ഉപയോഗപ്രദമാണ്.
   • ഉയർന്ന അളവിലുള്ള ഒമേഗ -3: ഹൃദയം, തലച്ചോറിന്റെ ആരോഗ്യം, കണ്ണുകളുടെ സംരക്ഷണം എന്നിവയിൽ സജീവ പങ്ക് വഹിക്കുന്ന ഒമേഗ -3 യുടെ അളവ് മെച്ചപ്പെടുത്താൻ മുട്ട സഹായിക്കുന്നു.
   • ഭാരം നിയന്ത്രിക്കൽ: മുട്ടയിൽ താരതമ്യേന കലോറി കുറവാണെങ്കിലും അത് ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ ഉറവിടമാണ്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ഭക്ഷണം കഴിച്ചതിനുശേഷം സംതൃപ്തി തോന്നാൻ സഹായിക്കുന്ന ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെയും ഭക്ഷണം ആമാശയത്തിൽ നിന്ന് പുറത്തുപോകുന്നതിന്റെ വേഗത കുറയ്ക്കുന്നതിലൂടെയും നിങ്ങളെ ആരോഗ്യപരമായി സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
   Published by:Karthika M
   First published: